മഹുവ മൊയ്ത്ര

'ഇത് ഉത്തർപ്രദേശ് 2.0, ഇവിടെയുള്ളത് കാട്ടാളനീതി'; ബലാത്സംഗകേസ് പ്രതിയെ പൊലീസ് വെടിവെച്ചുകൊന്നതിൽ രൂക്ഷ വിമർശനവുമായി മഹുവ മൊയ്ത്ര

ദക്ഷിണ 24 പർഗാനാസിലെ ബറൂയിപൂരിൽ 12 വയസ്സുള്ള പെൺകുട്ടിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസിലെ പ്രധാന പ്രതി പ്രഭാസ് മൊണ്ടൽ ബുധനാഴ്ച നടന്ന പൊലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. ഈ സംഭവത്തിന് പിന്നാലെ, പശ്ചിമ ബംഗാൾ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി തൃണമൂൽ കോൺഗ്രസ് നേതാവും ലോക്സഭാ അംഗവുമായ മഹുവ മൊയ്ത്ര രംഗത്തെത്തി. സംസ്ഥാനത്ത് നിലനിൽക്കുന്നത് കാട്ടാളനീതിയാണെന്ന് അവർ ആരോപിച്ചു.

'ബംഗാളി സഹോദരീസഹോദരന്മാരെ, പുതിയ ബംഗാളിലേക്ക് സ്വാഗതം. ഇതൊരു ഉത്തർപ്രദേശ് 2.0 ആണ്. ബി.ജെ.പി ഭരിക്കുന്ന ബംഗാളിൽ ഇപ്പോൾ സർക്കാരില്ല, പകരം കാട്ടാളനീതിയാണ് നടമാടുന്നത്,' മഹുവ മൊയ്ത്ര തന്റെ എക്സ് അക്കൗണ്ടിലൂടെ വിമർശിച്ചു. കേസ് അന്വേഷണത്തിനിടെ തെളിവെടുപ്പിനായി കൊണ്ടുപോകുമ്പോൾ പൊലീസ് ഉദ്യോഗസ്ഥന്റെ കൈയിൽ നിന്ന് തോക്ക് തട്ടിപ്പറിച്ച് രക്ഷപ്പെടാൻ ശ്രമിച്ചപ്പോഴാണ് പ്രതി കൊല്ലപ്പെട്ടതെന്നാണ് പൊലീസ് ഭാഷ്യം. ഈ വർഷം മെയ് മാസത്തിൽ ബി.ജെ.പി സർക്കാർ അധികാരമേറ്റ ശേഷം നടക്കുന്ന ഇത്തരത്തിലുള്ള ആദ്യ പൊലീസ് നടപടിയാണിത്. പെൺകുട്ടിയുടെ കൊലപാതകം വലിയ ജനരോഷത്തിനും പ്രതിഷേധങ്ങൾക്കും വഴിവെച്ചിരുന്നു. ഇത് പൊലീസിനുമേൽ വലിയ സമ്മർദ്ദമുണ്ടാക്കി.

പ്രതിയുടെ ഏറ്റുമുട്ടൽ കൊല ഒത്തുകളിയാണെന്നും, ബി.ജെ.പിയുടെ ഉള്ളിലിരുപ്പും രഹസ്യങ്ങളും പുറത്തുവരാതിരിക്കാനാണ് ഇത്തരമൊരു നടപടിയെന്നും തൃണമൂൽ എം.പി കീർത്തി ആസാദ് ആരോപിച്ചു. പ്രഭാസ് മൊണ്ടൽ ഒരു ബി.ജെ.പി പ്രവർത്തകനാണെന്നും, പാർട്ടിയിലെ പല നിർണ്ണായക വിവരങ്ങളും അദ്ദേഹത്തിനറിയാമായിരുന്നുവെന്നും ആസാദ് പറഞ്ഞു. അതേസമയം, എന്തിനാണ് നിയമനടപടികൾക്ക് കാത്തുനിൽക്കാതെ പ്രതിയെ കൊലപ്പെടുത്തിയതെന്ന് എം.പി സൗഗത റോയ് ചോദിച്ചു. മുഖ്യമന്ത്രിയും ഡി.ജി.പിയും ബറൂയിപൂർ സന്ദർശിച്ചതിന് തൊട്ടുപിന്നാലെയാണ് ഈ സംഭവം നടന്നതെന്നും, സംഭവത്തിൽ ഉന്നതതല അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

എന്നാൽ, പൊലീസ് നടപടിയെ പൂർണമായും പിന്തുണക്കുകയാണ് ബി.ജെ.പി ചെയ്തത്. കുറ്റവാളികളെ വെറുതെ വിടില്ലെന്നും, തെരഞ്ഞെടുപ്പ് സമയത്ത് സ്ത്രീകൾക്ക് നൽകിയ വാഗ്ദാനം സർക്കാർ പാലിക്കുകയാണെന്നും ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ ഷമീക് ഭട്ടാചാര്യ പറഞ്ഞു. 'ഭയമില്ലാത്ത, വിശ്വാസമുള്ള ബംഗാൾ' എന്ന പ്രധാനമന്ത്രിയുടെ സന്ദേശമാണ് നടപ്പിലാക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. നിലവിൽ മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ സുവേന്ദു അധികാരിയുടെ നേതൃത്വത്തിൽ സർക്കാർ ശക്തമായ നടപടികളാണ് സ്വീകരിക്കുന്നതെന്ന് ബി.ജെ.പി ചൂണ്ടിക്കാട്ടുന്നു.

അതേസമയം, കാംദുനി പ്രക്ഷോഭത്തിന്റെ മുന്നണിപ്പോരാളിയായ മൗസുമി കയാൽ പൊലീസിന്റെ ഈ നടപടിയെ സ്വാഗതം ചെയ്തു. ബലാത്സംഗം ചെയ്തവർക്കുള്ള ഒരേയൊരു നീതി ഇതാണെന്നും, ഇത്തരം കർശനമായ നടപടികൾ സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ കുറക്കാൻ അത്യാവശ്യമാണെന്നും അവർ പ്രതികരിച്ചു. മുൻകാലങ്ങളിൽ കുറ്റവാളികൾക്ക് രാഷ്ട്രീയ സംരക്ഷണം ലഭിച്ചിരുന്ന സാഹചര്യം മാറി, കർശനമായ നിയമനടപടികൾ വരുന്നത് സ്വാഗതാർഹമാണെന്ന് കയാൽ അഭിപ്രായപ്പെട്ടു.

Tags:    
News Summary - TMC MPs slam Bengal govt's 'jungle law

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.