ഹിറ്റ്‌ലർ പുറത്ത്, സവർക്കർ അകത്ത്; എൻ.സി.ഇ.ആർ.ടി തിരുത്തി പ്രസിദ്ധീകരിച്ച പാഠപുസ്തകവും വിവാദമാകുന്നു

ന്യൂഡൽഹി: നീതിന്യായ വ്യവസ്ഥയെ അപകീർത്തിപ്പെടുത്തിയെന്ന വിവാദത്തെ തുടർന്ന് സുപ്രീംകോടതി ഇടപെട്ട് പിൻവലിച്ച എട്ടാം ക്ലാസ് സോഷ്യൽ സയൻസ് പാഠപുസ്തകം എൻ.സി.ഇ.ആർ.ടി പുനഃപ്രസിദ്ധീകരിച്ചു. 'എക്സ്പ്ലോറിങ് സൊസൈറ്റി: ഇന്ത്യ ആൻഡ് ബിയോണ്ട്' എന്ന പരിഷ്കരിച്ച പുസ്തകമാണ് മാറ്റത്തിരുത്തലുകളോടെ ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത്.

അഡോൾഫ് ഹിറ്റ്‌ലറെയും നാസി പ്രത്യയശാസ്ത്രത്തെയും കുറിച്ചുള്ള പരാമർശങ്ങൾ പുതിയ പതിപ്പിൽനിന്ന് പൂർണമായും ഒഴിവാക്കിയിട്ടുണ്ട്. എന്നാൽ, വിവാദമായേക്കാവുന്ന വി.ഡി. സവർക്കറുടെ സ്വരാജ് ആശയവും വിഭജന സംഭവത്തിൽ കോൺഗ്രസ് ഉൾക്കൊണ്ട നിലപാടിലെ മാറ്റങ്ങളും പുതുതായി ചേർത്തിട്ടുണ്ട്.

പുസ്തകത്തിലെ 'ഇന്ത്യാസ് ലോങ് റോഡ് ടു ഇൻഡിപെൻഡൻസ്' എന്ന ചരിത്ര അധ്യായത്തിലാണ് വിഭജനത്തെയും സ്വാതന്ത്ര്യസമര നേതാക്കളെയും കുറിച്ചുള്ള ഭാഗങ്ങൾ തിരുത്തിയത്.

ഇന്ത്യയുടെ വിഭജനത്തെ ഇന്ത്യൻ നാഷനൽ കോൺഗ്രസ് ശക്തമായി എതിർത്തിരുന്നുവെന്നും, എന്നാൽ അത് മാത്രമായിരുന്നോ അന്ന് മുന്നോട്ടുള്ള ഏക വഴി എന്നത് ഇപ്പോഴും വലിയൊരു ചർച്ചാവിഷയമാണെന്നും പുതിയ പുസ്തകം പറയുന്നു. 'വിഭജന സമയത്തുണ്ടായ വർഗീയ കൂട്ടക്കൊലകളിൽ കോൺഗ്രസ് നേതാക്കൾ അശരണരായിരുന്നു' എന്ന മുൻ പതിപ്പിലെ വാചകം പൂർണമായും നീക്കം ചെയ്തിട്ടുണ്ട്.

സൈന്യ രൂപവത്കരണത്തിനായി നേതാജി സുഭാഷ് ചന്ദ്രബോസ് ഹിറ്റ്‌ലറുടെ സഹായം തേടിയെന്ന ഭാഗം മാറ്റി, പകരം 'ബ്രിട്ടീഷ് വിരുദ്ധ ശക്തികളുടെ സഹായം തേടി' എന്ന് തിരുത്തി. ഹിറ്റ്‌ലറെ ഏകാധിപതിയെന്നും രണ്ടാം ലോകമഹായുദ്ധത്തിന് കാരണമായ വംശീയ നാസി പ്രത്യയശാസ്ത്രത്തിന്റെ വക്താവെന്നും വിശേഷിപ്പിച്ച ഭാഗങ്ങൾ പൂർണമായി ഒഴിവാക്കിയിട്ടുണ്ട്. പൂർണ സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടങ്ങളുടെ ചരിത്രം പറയുന്ന ഭാഗത്ത് 1925ൽ വി.ഡി. സവർക്കർ ഉന്നയിച്ച 'സ്വരാജ്' ആവശ്യവും പുതുതായി എൻ.സി.ആർ.ടി ചേർക്കുകയാണുണ്ടായത്.

കോടതികളിലെ അഴിമതിയും കേസുകൾ കെട്ടിക്കിടക്കുന്നതുമായി ബന്ധപ്പെട്ട പരാമർശങ്ങൾക്കെതിരെ ഈ വർഷം ആദ്യം സുപ്രീംകോടതി സ്വമേധയാ കേസ് എടുത്തിരുന്നു. ഇതിനെത്തുടർന്ന് പുസ്തകത്തിന്റെ ഡിജിറ്റൽ, പ്രിന്റ് പതിപ്പുകൾ എൻ.സി.ഇ.ആർ.ടി പിൻവലിക്കുകയും മാപ്പ് പറയുകയും ചെയ്തിരുന്നു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം രൂപീകരിച്ച വിദഗ്ധ സമിതിയാണ് 'ദി റോൾ ഓഫ് ജുഡീഷ്യറി ഇൻ സൊസൈറ്റി' എന്ന നാലാം അധ്യായം പൂർണമായി തിരുത്തി എഴുതിയത്. വിവാദ ഭാഗങ്ങൾക്ക് പകരം പൊതുതാത്പര്യ ഹർജികൾ, ട്രൈബ്യൂണലുകൾ, ബദൽ തർക്ക പരിഹാര മാർഗങ്ങൾ എന്നിവ പുതിയ പതിപ്പിൽ ഉൾപ്പെടുത്തി. മുമ്പ് വിവാദത്തിന് കാരണക്കാരായ മൂന്ന് സമിതി അംഗങ്ങളെ പുസ്തകത്തിന്റെ അണിയറപ്രവർത്തകരുടെ പട്ടികയിൽ നിന്ന് ഒഴിവാക്കുകയും ചെയ്തു. പുതിയ നാഷണൽ കരിക്കുലം ഫ്രെയിംവർക്ക് (NCF-SE 2023) അനുസരിച്ച് തയാറാക്കിയ ഒന്ന് മുതൽ ഒമ്പത് വരെയുള്ള ക്ലാസുകളിലെ ഭൂരിഭാഗം പുസ്തകങ്ങളും നിലവിൽ ലഭ്യമാണെന്ന് എൻ.സി.ഇ.ആർ.ടി അറിയിച്ചു.

Tags:    
News Summary - Hitler out, Savarkar in; NCERT revised and published Class 8 textbook also causes controversy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.