തൃണമൂലിൽ അഴിച്ചുപണി: അഭിഷേക് ബാനർജി എം.പി ദേശീയ ജനറൽ സെക്രട്ടറി

കൊൽക്കത്ത: പശ്​ചിമ ബംഗാൾ നിയമസഭ തെരഞ്ഞെടുപ്പിൽ തകർപ്പൻ വിജയത്തോടെ ഭരണത്തുടർച്ച സ്വന്തമാക്കിയ തൃണമൂൽ കോൺഗ്രസ്​ സംഘടനാതലത്തിൽ വൻ അഴിച്ചുപണി. യുവജന വിഭാഗം നേതാവും മുഖ്യമന്ത്രി മമത ബാനർജിയുടെ അനന്തരവനുമായ അഭിഷേക് ബാനർജിയെ പാർട്ടി ദേശീയ ജനറൽ സെക്രട്ടറിയായി നിയമിച്ചു. ഡയമണ്ട് ഹാർബറിൽ നിന്നുള്ള ലോക്‌സഭാ എം.പിയാണ്​ അഭിഷേക്. പാർട്ടി വക്താവ് കുനാൽ ഘോഷിനെ സംസ്ഥാന ജനറൽ സെക്രട്ടറിയായും നിയമിച്ചു.

തെരഞ്ഞെടുപ്പ്​ വിജയത്തിന്​ ശേഷം മമത ബാനർജിയുടെ അധ്യക്ഷതയിൽ ചേർന്ന പാർട്ടി വർക്കിങ്​ കമ്മിറ്റിയുടെ ആദ്യ യോഗത്തിലാണ് തീരുമാനം. പശ്ചിമ ബംഗാളിന്​ പുറത്ത്​ ​ സംഘടന വിപുലീകരിക്കാൻ തൃണമൂൽ കോൺഗ്രസ് തീരുമാനിച്ചതായി മന്ത്രി പാർത്ഥ ചാറ്റർജി പറഞ്ഞു. പാർട്ടിയിൽ 'ഒരാൾക്ക് ഒരു സ്​ഥാനം' പോളിസി നടപ്പാക്കാൻ തീരുമാനിച്ചതായും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ഇതേത്തുടർന്ന്​ തൃണമൂൽ യുവജന വിഭാഗമായ ഒാൾ ഇന്ത്യ തൃണമൂൽ യൂത്ത് കോൺഗ്രസിന്‍റെ ദേശീയ അധ്യക്ഷ പദവിയിൽനിന്ന്​ അഭിഷേക് ബാനർജി സ്ഥാനമൊഴിയും. പകരം നടി‌യും തൃണമൂൽ നേതാവുമായ സയാനി ഘോഷ് ഈ ചുമതല വഹിക്കും. നിയമസഭ തെരഞ്ഞെടുപ്പിൽ അസൻസോൾ സൗത്തിൽ നിന്ന് മത്സരിച്ച സയോനി പരാജയപ്പെട്ടിരുന്നു. സയോനിയുടെ താരപൊലിമ തൃണമൂൽ പ്രവർത്തകർക്കിടയിൽ അവർക്ക് വലിയ സ്വീകര്യത നേടിക്കൊടുത്തിരുന്നു.

പാർട്ടിയുടെ വനിതാവിഭാഗം പ്രസിഡന്‍റായി കകോലി ഘോഷ് ദാസ്തിദാർ എം.പിയെയും ട്രേഡ് യൂണിയൻ സംഘടനയായ ഐ‌.എൻ‌.ടി‌.ടി.യു.സിയുടെ ദേശീയ പ്രസിഡന്‍റായി ഡോല സെൻ എം.പിയെയും നിയമിച്ചു. മുതിർന്ന നേതാവ് പൂർണേന്ദു ബോസിനെ കർഷക വിഭാഗം പ്രസിഡന്‍റായും തെരഞ്ഞെടുത്തു.

നിയമസഭ തെരഞ്ഞെടുപ്പിലെ മിന്നും വിജയത്തിന് ശേഷവും മമതക്കെതിരെ ബി.ജെ.പിയും കേന്ദ്ര സർക്കാരും പുതിയ നീക്കം നടത്തുന്ന സാഹചര്യത്തിലാണ് തൃണമൂലിൽ അഴിച്ചുപണി നടക്കുന്നത്. തെരഞ്ഞെടുപ്പിന് മുമ്പ് തൃണമൂൽ വീട്ട് ബി.ജെ.പിയിൽ ചേക്കേറിയവർ മാതൃപാർട്ടിയിലേക്ക് മടങ്ങിവരാനുള്ള നീക്കത്തിലാണ്.

ബംഗാളിൽ ഇത്തവണ മമത വീഴുമെന്നും ബി.ജെ.പി അധികാരമേറുമെന്നും ഉറപ്പിച്ചാണ്​ മുൻ മന്ത്രിസഭയിൽ അംഗങ്ങളായിരുന്നവർ വരെ തൃണമൂൽ വിട്ട്​ ബി.ജെ.പിക്കൊപ്പം ചേർന്നിരുന്നത്​. എന്നാൽ, 292 അംഗ സഭയിൽ 213 സീറ്റും നേടി വൻ ഭൂരിപക്ഷത്തോടെ മമത അധികാരം വീണ്ടും ഉറപ്പിച്ചതോടെ തിരിച്ച്​ കൂട്ടപലായനം ആരംഭിച്ചതായാണ്​ റിപ്പോർട്ട്.

നിലവിലെ ബി.ജെ.പി സിറ്റിങ്​ എം.പിമാരും എം.എൽ.എമാരും വരെ മമതക്കൊപ്പം ചേരുമെന്നാണ്​ ഏറ്റവും ഒടുവിലത്തെ റിപ്പോർട്ട്​. മുൻ എം.എൽ.എ സോണാലി ഗുഹ, മുൻ ഫുട്​ബാളർ ദീപേന്ദു വിശ്വാസ്​, സരള മുർമു, അമൽ ആചാര്യ തുടങ്ങിവർ തൃണമൂലിലെടുക്കുമോയെന്ന്​ അനുവാദം തേടി കത്തയച്ചവരിൽ ഉൾപ്പെടും.

Tags:    
News Summary - Trinamool Congress reshuffle: MP Abhishek Banerjee made national general secretary

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.