ഇനി ആത്മപരിശോധന; ബംഗാളിലെ എല്ലാ കമ്മിറ്റികളും പിരിച്ചുവിട്ട് തൃണമൂൽ കോൺഗ്രസ്

കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമതപക്ഷം വ്യക്തമായ മേൽക്കൈ പശ്ചിമബംഗാൾ നിയമസഭയിൽ ഉറപ്പിച്ചുവെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെ, സംസ്ഥാനത്തെ എല്ലാ കമ്മിറ്റികളെയും, മുന്നണി സംഘടനകളുടേതുൾപ്പെടെ ഉടൻ പ്രാബല്യത്തിൽ പിരിച്ചുവിടാൻ തീരുമാനം. തൃണമൂൽ കോൺഗ്രസിന്റെ ഔദ്യോഗിക എക്സ് അക്കൗണ്ടി​ലൂടെ അറിയിച്ചതാണ് ഇക്കാര്യം.

തൃണമൂൽ കോൺഗ്രസിൽനിന്ന് പുറത്താക്കിയ ഋതബ്രത ബാനർജിയെ പ്രതിപക്ഷ നേതാവായി അംഗീകരിച്ച് 60ഓളം എം.എൽ.എമാർ ഒപ്പിട്ട കത്ത് സ്പീക്കർക്ക് സമർപ്പിച്ചിരുന്നു. വിമത വിഭാഗം പാർട്ടിയെ തകർക്കാൻ ശ്രമിക്കുന്നില്ലെന്നും കത്തിൽ മുൻ മുഖ്യമന്ത്രി മമത ബാനർജിയെ പാർട്ടി നേതാവായി നാമനിർദ്ദേശം ചെയ്തിട്ടുണ്ടെന്നും വൃത്തങ്ങൾ പറയുന്നു. ഈ സംഭവ വികാസത്തിന് പിന്നാലെയാണ് പാർട്ടി കമ്മിറ്റികൾ പിരിച്ചുവിട്ടുകൊണ്ടുള്ള തീരുമാനം.

പാർട്ടി എല്ലാ തലങ്ങളിലും സമഗ്രമായ ആത്മപരിശോധന, അവലോകനം, സംഘടനാ വിലയിരുത്തൽ എന്നിവ നടത്തുമെന്ന് കുറിപ്പിലൂ​ടെ അറിയിച്ചു. ഇതിനെ അടിസ്ഥാനമാക്കി മാതൃ സംഘടനയുടെയും എല്ലാ മുന്നണി സംഘടനകളുടെയും സംഘടനാ ഘടന പുനഃസംഘടിപ്പിക്കും. പാർട്ടി അതിന്റെ സംഘടനയെ ശക്തിപ്പെടുത്തുന്നതിനും ഭാവിയിലെ വെല്ലുവിളികളെ നേരിടാനും പ്രതിജ്ഞാബദ്ധമാണെന്നും കുറിപ്പിൽ പറയുന്നു.

294 അംഗ നിയമസഭയിൽ തൃണമൂലിന് 80 എം.എൽ.എമാരുണ്ട്. ബി.ജെ.പിക്ക് 207 സീറ്റുകളും. തൃണമൂലിലെ 59 എം.എൽ.എമാരുടെ പിന്തുണ തങ്ങൾക്കുണ്ടെന്നാണ് ഋതബ്രത ബാനർജിയുടെ അവകാശ വാദം. പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ തൃണമൂലിൽനിന്ന് പുറത്താക്കപ്പെട്ട നിയമസഭാംഗങ്ങളാണ് ഋതബ്രത ബാനർജിയും സന്ദീപ് സാഹയും.

മമത ബാനർജി പാർട്ടിയിലെ മുതിർന്ന നേതാവായ ശോഭന്ദേബ് ചതോപാധ്യായയെ പ്രതിപക്ഷ നേതാവായി നാമനിർദ്ദേശം ചെയ്തതിന് പിന്നാ​ലെയാണ് പ്രശ്നങ്ങളുടെ തുടക്കം. പ്രതിപക്ഷ നേതാവായി ശോഭന്ദേബ് ചതോപാധ്യായയെ പിന്തുണക്കുന്ന കത്തിൽ വ്യാജ ഒപ്പുകൾ ഉണ്ടായിരുന്നുവെന്നായിരുന്നു സന്ദീപൻ സാഹയുടെയും ഋതബ്രത ബാനർജിയുടെയും അവകാശവാദം. പരാതിയെത്തുടർന്ന് സ്പീക്കർ പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുക്കാനുള്ള നടപടികൾ തടഞ്ഞിരുന്നു. ഇതേത്തുടർന്ന് ജൂൺ ഒന്നിന് ഇരുവരെയും പാർട്ടി പുറത്താക്കി. ഞായറാഴ്ച മമത ബാനർജി വിളിച്ച എം.എൽ.എമാരുടെ യോഗത്തിൽ 20 പേർ മാത്രമാണ് പങ്കെടുത്തത്.

Tags:    
News Summary - Trinamool Congress dissolves all party committees in West Bengal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.