ന്യൂഡൽഹി: ഡീസൽ വില വർധിപ്പിച്ചതിന് പിന്നാലെ ചരക്കുനീക്ക മേഖല നേരിടുന്ന അധിക സാമ്പത്തിക ബാധ്യത ഉപഭോക്താക്കളിൽനിന്ന് ഈടാക്കാൻ ട്രാൻസ്പോർട്ട് വാഹന ഉടമകൾ. മേയ് 20 മുതലുള്ള മുൻകാലപ്രാബല്യത്തോടെ ചരക്കുകൂലി നാല് ശതമാനം വർധിപ്പിക്കാൻ ട്രാൻസ്പോർട്ട് സംഘടനകൾ തീരുമാനിച്ചു.
ചരക്കുനീക്കത്തിന്റെ ആകെ ചെലവിന്റെ 65 ശതമാനവും ഡീസലിനാണ് ഉപയോഗിക്കുന്നതെന്നും ഇന്ധന വില ഉയർന്നത് ഈ മേഖലയെ തകർച്ചയുടെ വക്കിലെത്തിച്ചെന്നും ഒാൾ ഇന്ത്യ ട്രാൻസ്പോർട്ട് വെൽഫെയർ അസോസിയേഷൻ (എ.ഐ.ടി.ഡബ്ല്യു.എ) പറയുന്നു. ട്രാൻസ്പോർട്ട് മേഖല തകർച്ചയിലേക്ക് പോകാതിരിക്കാനും ബാങ്ക് വായ്പകളിൽ വീഴ്ച വരുത്താതിരിക്കാനും പുതിയ നിരക്കുകൾ വ്യാപാരികളും വ്യവസായികളും അംഗീകരിക്കണമെന്ന് സംഘടന അഭ്യർഥിച്ചു. കൂടാതെ, പലയിടങ്ങളിലും ഡീസൽ ക്ഷാമംമൂലം ട്രക്കുകൾ വഴിയിൽ കുടുങ്ങിക്കിടക്കുന്നതിനാൽ ചരക്കുകൾ എത്താൻ വൈകിയാൽ ട്രാൻസ്പോർട്ട് കമ്പനികൾക്ക് മേൽ പിഴ ചുമത്തരുതെന്നും എ.ഐ.ടി.ഡബ്ല്യു.എ ആവശ്യപ്പെട്ടു.
ഡീസൽ ഇതര ഘടകങ്ങളുടെ വിലയും വലിയതോതിൽ ഉയർന്നതിനാൽ വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. ട്രക്കുകളിൽ പുക മലിനീകരണം കുറക്കാൻ ഉപയോഗിക്കുന്ന ലായനിയുടെ വില രണ്ട് മാസത്തിനിടെ ഇരട്ടിയായി. ടയർ വില അഞ്ച് ശതമാനത്തോളം ഉയരുകയും ഏപ്രിൽ ഒന്നുമുതൽ രാജ്യത്തുടനീളമുള്ള ടോൾ നിരക്കുകൾ വർധിപ്പിക്കുകയും ചെയ്തത് പ്രതിസന്ധിയുടെ ആക്കംകൂട്ടി. ഇന്ത്യൻ വിതരണ ശൃംഖലയുടെ നട്ടെല്ലായ ട്രാൻസ്പോർട്ട് മേഖല നേരിടുന്ന സമാനതകളില്ലാത്ത സാമ്പത്തിക സമ്മർദം ഉൾക്കൊണ്ട് രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയുടെ നന്മക്കായി വ്യവസായ ലോകം സഹകരിക്കണമെന്നും സംഘടന അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.