ന്യൂഡൽഹി: ലോക ജൂനിയർ സ്ക്വാഷ് ചാമ്പ്യൻഷിപ്പ് കിരീടം നേടിയത് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ നേട്ടങ്ങളിലൊന്നാണെന്ന് ഇന്ത്യയുടെ ഒന്നാം നമ്പർ സ്ക്വാഷ് താരം അനഹത് സിങ്. ഒന്റാറിയോയിൽ നടന്ന ടൂർണമെന്റിൽ ചാമ്പ്യൻ പട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ താരമെന്ന ചരിത്ര നേട്ടമാണ് 18കാരിയായ അനഹത് സ്വന്തമാക്കിയത്.
വനിതാ വിഭാഗം ഫൈനലിൽ ഈജിപ്തിന്റെ റുഖയ്യ സലേമിനെ 11-3, 11-7, 11-9 എന്ന സ്കോറിന് പരാജയപ്പെടുത്തിയാണ് ലോക 20-ാം നമ്പർ താരമായ അനഹത് ലോക ജൂനിയർ കിരീടം നേടിയത്.
ഇത് തനിക്ക് എല്ലാമാണെന്നും ഇപ്പോഴും താൻ ഒരു സ്വപ്നം കാണുന്നതുപോലെയാണ് തോന്നുന്നതെന്നും കിരീട നേട്ടത്തിന് പിന്നാലെ അനഹത് പറഞ്ഞു. കഴിഞ്ഞ നാല് വർഷമായി ഈ ടൂർണമെന്റിൽ സെമിഫൈനലിലും ക്വാർട്ടർ ഫൈനലിലും പുറത്തായിരുന്നുവെന്നും മികച്ച പ്രകടനം നടത്താൻ തനിക്ക് കഴിഞ്ഞിരുന്നില്ലെന്നും അനഹത് വ്യക്തമാക്കി.
ആരെങ്കിലും ചോദിച്ചാൽ ഈ ടൂർണമെന്റ് ഒരു ശാപം പോലെയാണെന്ന് താൻ എപ്പോഴും പറയാറുണ്ടായിരുന്നു. ഈ വേദിയിൽ എനിക്ക് ഒരിക്കലും മികച്ച പ്രകടനം പുറത്തെടുക്കാൻ കഴിഞ്ഞിരുന്നില്ലെന്നും ഡൽഹി സ്വദേശിയായ താരം പറഞ്ഞു.
ചരിത്ര നേട്ടത്തോടെ ലോക ജൂനിയർ സ്ക്വാഷ് ചാമ്പ്യൻഷിപ്പിൽ കിരീടം നേടുന്ന ആദ്യ ഇന്ത്യൻ താരമായി മാറിയിരിക്കുകയാണ് അനഹത് സിങ്.
അനഹത് സിങ് ഫൈനലിനിടെ
ജൂനിയർ വിഭാഗത്തിലെ അവസാന മത്സരത്തിൽ ലഭിച്ച ഈ വിജയം അനഹത് സിങ്ങിന് കൂടുതൽ സന്തോഷം നൽകുന്നു. ജൂനിയർ താരമായി ഇത് തന്‍റെ അവസാന വർഷമാണെന്നും ഈ കിരീടം നേടാനുള്ള തന്‍റെ അവസാന അവസരവുമായിരുന്നു ഇത്. അതുകൊണ്ടുതന്നെ ഈ നേട്ടം തനിക്ക് ഏറെ പ്രത്യേകതയുള്ളതാണെന്നും അനഹത് പറഞ്ഞു.
ടൂർണമെന്റിന്റെ ഫൈനൽ പൂർണമായി ആസ്വദിക്കാനാണ് താൻ ശ്രമിച്ചതെന്നും അനഹത് വ്യക്തമാക്കി. സമ്മർദ്ദത്തിലായാൽ തന്റെ പ്രകടനം മോശമാകുമെന്ന് തനിക്ക് അറിയാമായിരുന്നു. അതുകൊണ്ട് കോർട്ടിലെത്തി ഷോട്ടുകൾ കൃത്യമായി കളിക്കാനാണ് താൻ ശ്രമിച്ചത്. ലോക ചാമ്പ്യൻഷിപ്പ് ഫൈനലിൽ കളിക്കാൻ ലഭിച്ച ഓരോ നിമിഷവും ആസ്വദിക്കണമെന്നായിരുന്നു തന്റെ ആഗ്രഹമെന്നും അനഹത് കൂട്ടിചേർത്തു.
അനഹത് സിങ്ങിന്റെ വിജയം ഇന്ത്യൻ സ്ക്വാഷ് ചരിത്രത്തിലെ നിർണായക നിമിഷമാണെന്ന് സ്ക്വാഷ് റാക്കറ്റ്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ (എസ്.ആർ.എഫ്.ഐ) സെക്രട്ടറി ജനറൽ സൈറസ് പൊൻച പറഞ്ഞു.
ഇന്ത്യൻ സ്ക്വാഷിന് ഇത് ചരിത്രപരമായ നേട്ടമാണെന്നും അനഹതിന് വലിയ നേട്ടങ്ങൾ കൈവരിക്കാനുള്ള കഴിവുണ്ടെന്നും പൊൻച വ്യക്തമാക്കി.
ഇന്ത്യൻ സ്ക്വാഷിന്റെ വളർച്ചക്ക് നേതൃത്വം നൽകിയ പ്രമുഖ സംഘാടകനും എസ്.ആർ.എഫ്.ഐ മുൻ രക്ഷാധികാരിയുമായ അന്തരിച്ച എൻ. രാമചന്ദ്രന്റെ സ്വപ്നം വ്യക്തിഗത ഇനങ്ങളിൽ ഇന്ത്യ ഒരു ലോക ചാമ്പ്യനെ സൃഷ്ടിക്കണമെന്നതായിരുന്നു. അദ്ദേഹം എപ്പോഴും ഈ ലക്ഷ്യത്തെക്കുറിച്ച് പറയുമായിരുന്നുവെന്നും പൊൻച കൂട്ടിച്ചേർത്തു.
ഡബിൾസ് വിഭാഗത്തിൽ കിരീടനേട്ടം കൈവരിച്ചിരുന്നു. എന്നാൽ സിംഗിൾസ് വിഭാഗത്തിലും അതേ വിജയം ആവർത്തിക്കാൻ കഴിഞ്ഞത് ശരിക്കും സ്വപ്നസാക്ഷാത്കാരമാണ്. അനഹതിന്റെ കഠിനാധ്വാനവും അർപ്പണബോധവുമാണ് ഇതിന് പിന്നിൽ. അതോടൊപ്പം, കഴിഞ്ഞ കുറച്ച് വർഷങ്ങളായി അവളുടെ വളർച്ചയ്ക്കും വിജയങ്ങൾക്കും മുഴുവൻ രാജ്യത്തിന്റെയും പിന്തുണ ലഭിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.