സിദ്ധരാമയ്യ
ബംഗളൂരു: തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽനിന്ന് വിരമിക്കുന്നുവെന്ന് പ്രഖ്യാപിച്ച് കർണാടക മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ സിദ്ധരാമയ്യ. 2028ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്നും പ്രായം, ആരോഗ്യസ്ഥിതി, നിലവിലെ രാഷ്ട്രീയത്തിന്റെ സ്വഭാവം എന്നിവയാണ് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്ന് പിന്മാറാനുള്ള തീരുമാനത്തിന് കാരണമെന്നും അദ്ദേഹം പറഞ്ഞു.
സമൂഹമാധ്യമമായ എക്സിലെ പോസ്റ്റിലൂടെയായിരുന്നു സിദ്ധരാമയ്യയുടെ പ്രഖ്യാപനം. മാണ്ഡ്യ ജില്ലയിലെ ഒരു പരിപാടിയിൽ പങ്കെടുത്തപ്പോൾ പറഞ്ഞ കാര്യങ്ങളാണ് അദ്ദേഹം എക്സിലെ കുറിപ്പിൽ വ്യക്തമാക്കിയത്. അതേസമയം, സജീവ രാഷ്ട്രീയം പൂർണമായും വിടില്ലെന്നും പാർട്ടിക്ക് ആവശ്യമായ മാർഗനിർദേശങ്ങൾ നൽകുന്നത് തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇപ്പോൾ തനിക്ക് 79 വയസ് പൂർത്തിയായി. 2028ൽ തനിക്ക് 81-82 വയസ്സാകുമെന്നും അന്നത്തെ സാഹചര്യത്തിൽ തെരഞ്ഞെടുപ്പ് രംഗത്ത് മുമ്പത്തെ അതേ ഊർജത്തോടെ പ്രവർത്തിക്കാൻ കഴിയില്ലെന്നും സിദ്ധരാമയ്യ പറഞ്ഞു.
കർണാടക മുഖ്യമന്ത്രി സ്ഥാനം ഡി.കെ. ശിവകുമാറിന് കൈമാറി മാസങ്ങൾക്ക് ശേഷമാണ് സിദ്ധരാമയ്യയുടെ പ്രഖ്യാപനം. വീണ്ടും തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ വരുണ മണ്ഡലത്തിലെ ജനങ്ങൾ നിർബന്ധിക്കുന്നുണ്ട്. എന്നാൽ ഇനി ഒരു തെരഞ്ഞെടുപ്പിലും മത്സരിക്കേണ്ടതില്ലെന്ന് ഞാൻ തീരുമാനിച്ചു. മുമ്പ് ഞാൻ തെരഞ്ഞെടുപ്പിൽ മത്സരിച്ചപ്പോൾ, മണ്ഡലത്തിലെ ജനങ്ങളാണ് പണം നൽകി എന്റെ വിജയം ഉറപ്പാക്കിയത്. എന്നാൽ ഇന്ന് അങ്ങനെയൊരു സാഹചര്യമില്ല -സിദ്ധരാമയ്യ പറഞ്ഞു.
1978ൽ താലൂക്ക് ബോർഡ് അംഗമായാണ് തന്റെ പൊതുജീവിതം ആരംഭിച്ചതെന്നും 2028ഓടെ പൊതുജീവിതത്തിൽ 50 വർഷം പൂർത്തിയാകുമെന്നും അദ്ദേഹം ഓർമിപ്പിച്ചു. വിജയങ്ങളും തോൽവികളും കണ്ടിട്ടുണ്ട്. എന്നാൽ ഇതുവരെയും താൻ വിശ്വസിച്ച തത്വങ്ങൾക്കെതിരെ പ്രവർത്തിക്കുകയോ മനസ്സാക്ഷിയെ വഞ്ചിക്കുകയോ ചെയ്തിട്ടില്ല എന്നതിൽ സംതൃപ്തിയുണ്ട്. തെരഞ്ഞെടുപ്പിൽ മത്സരിക്കാതിരിക്കാനുള്ള തീരുമാനം അന്തിമമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൂടാതെ അഞ്ചുപതിറ്റാണ്ടോളം തനിക്കൊപ്പം നിന്ന കർണാടകയിലെ ജനങ്ങളോട് അദ്ദേഹം നന്ദി പറയുകയും ചെയ്തു.
രാഷ്ട്രീയത്തിലെ വർധിച്ചുവരുന്ന അഴിമതിയും മൂല്യച്യുതിയും തന്നെ നിരാശപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു. പൊതുജീവിതത്തിൽ ജനസേവനത്തിനാണ് എപ്പോഴും പ്രാധാന്യം നൽകിയതെന്നും, മാറിവരുന്ന രാഷ്ട്രീയ സാഹചര്യങ്ങൾ ആശങ്കയുണ്ടാക്കുന്നതായും അദ്ദേഹം അഭിപ്രായപ്പെട്ടു. കൂടാതെ രാഷ്ട്രീയത്തിന്റെ സ്വഭാവം മാറിയെന്നും സത്യസന്ധമായ രാഷ്ട്രീയം കുടുതൽ ബുദ്ധിമുട്ടുള്ളതായി മാറിയെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, കോൺഗ്രസിനോടുള്ള പ്രതിബദ്ധത തുടരുമെന്നും പാർട്ടിയുടെ ശക്തിപ്പെടുത്തലിന് പ്രവർത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.