വിദ്യാർഥികൾക്കു നേരെയുള്ള പൊലീസ് അതിക്രമത്തിൽ പ്രധാനമന്ത്രിയുടെ മൗനം ലജ്ജാകരം; വിദ്യാർഥികളോട് മാപ്പ് പറയണമെന്ന് കെ.സി. വേണുഗോപാൽ

ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരെ ഡെൽഹിയിൽ സമരം ചെയ്ത വിദ്യാർഥികൾക്കുനേരെ സ്വന്തം മൂക്കിൻചുവട്ടിൽ മൃഗീയമായ പൊലീസ് അതിക്രമം നടന്നിട്ടും പ്രധാനമന്ത്രി നരേന്ദ്ര മോദി പുലർത്തുന്ന മൗനം ലജ്ജാകരമാണെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. ‘ജെൻ-സി’ ഗ്രൂപ്പുകൾക്കായി സോഷ്യൽ മീഡിയയിൽ സംസാരിക്കുന്ന പ്രധാനമന്ത്രിക്ക് അല്പമെങ്കിലും ആത്മാർഥതയുണ്ടെങ്കിൽ രാജ്യത്തെ വിദ്യാർഥികളോട് മാപ്പ് പറയാൻ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഡൽഹിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാർഥികൾക്ക് നേരെ നടന്ന അക്രമത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പാർലമെന്റിൽ കൃത്യമായ മറുപടി നൽകണം. ആഭ്യന്തര മന്ത്രാലയം ഉത്തരം നൽകിയ ശേഷമേ തിങ്കളാഴ്ച പാർലമെന്റിലെ ചർച്ചകളുമായി മുന്നോട്ടുപോകാനാവൂ എന്നും കെ.സി. വേണുഗോപാൽ വ്യക്തമാക്കി.

പാർലമെന്റ് സമ്മേളനത്തിന് മുന്നോടിയായി പ്രതിപക്ഷ പാർട്ടികളുടെ സംയുക്ത യോഗം കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ നേതൃത്വത്തിൽ തിങ്കളാഴ്ച രാവിലെ വിളിച്ചുചേർത്തിട്ടുണ്ട്. പരീക്ഷാ തട്ടിപ്പുകൾ തടയാൻ കേന്ദ്ര സർക്കാർ മുന്നോട്ടുവെച്ച പുതിയ ബില്ലിനെക്കുറിച്ചും സഭയിലെ പൊതു നിലപാടിനെക്കുറിച്ചും യോഗം തീരുമാനമെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    
News Summary - The Prime Minister's silence is shameful

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.