ബംഗളൂരു: കർണാടക ഹൈകോടതിയിലെ മുതിർന്ന ജഡ്ജി ജയന്ത് പേട്ടലിെൻറ രാജിക്കിടയാക്കിയ സ്ഥലംമാറ്റത്തിൽ പ്രതിഷേധിച്ച് സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് അഭിഭാഷകരുടെ കത്ത്. ജയന്ത് പേട്ടലിനെ അലഹബാദ് ൈഹകോടതിയിലേക്ക് സ്ഥലംമാറ്റിയതിെൻറ കാരണം വ്യക്തമാക്കണമെന്ന് ബംഗളൂരു ബാർ കൗൺസിലിലെ 200 അംഗങ്ങൾ ഒപ്പിട്ട കത്തിൽ ആവശ്യപ്പെട്ടു. കർണാടക ഹൈകോടതിയിൽ ആക്ടിങ് ചീഫ് ജസ്റ്റിസ് പദവിയിലേക്കോ ചീഫ് ജസ്റ്റിസ് പദവിയിലേക്കോ പരിഗണിക്കപ്പെടാൻ അർഹതയുള്ള അദ്ദേഹത്തെ അകാരണമായി സ്ഥലംമാറ്റിയത് രാജ്യത്തെ അഭിഭാഷകസമൂഹത്തെ ഞെട്ടിച്ചിരിക്കുകയാണ്. ഇൗ നടപടി സുപ്രീംകോടതിയുടെ കൊളീജിയം സംവിധാനത്തിെൻറ സുതാര്യതയില്ലായ്മയെയാണ് പുറത്തുകൊണ്ടുവരുന്നത്. പ്രത്യേകിച്ചും, കർണാടകയിലെ 50 ശതമാനം ജഡ്ജി പദവികളും ഒഴിഞ്ഞുകിടക്കുന്ന പശ്ചാത്തലത്തിൽ ഇൗ സ്ഥലംമാറ്റം അനുചിതമാണ്.
ഉയർന്ന പദവിയിലേക്ക് പരിഗണിക്കപ്പെടാനിരിക്കെ ജസ്റ്റിസ് ജയന്ത് പേട്ടലിന് അത് നിഷേധിക്കുന്നത് ആദ്യത്തെ സംഭവമല്ലെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു. ജയന്ത് പേട്ടലിെന സ്ഥലംമാറ്റിയതിെൻറ കാരണം ജനങ്ങൾക്കു മുന്നിൽ അപക്സ് കോർട്ട് കൊളീജിയം വെളിപ്പെടുത്തണം. സ്ഥലംമാറ്റ തീരുമാനം അടിയന്തരമായി പിൻവലിക്കണമെന്നും അദ്ദേഹത്തിെൻറ രാജി സ്വീകരിക്കരുതെന്നും സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് അയച്ച കത്തിൽ ആവശ്യപ്പെട്ടു. ബി.ജെ.പിയെ പ്രതിരോധത്തിലാക്കിയ ഗുജറാത്തിലെ ഇശ്റത് ജഹാൻ വ്യാജ ഏറ്റുമുട്ടൽ കേസ് സി.ബി.െഎക്ക് കൈമാറിയ അലഹബാദ് ഹൈകോടതി ബെഞ്ചിലെ അംഗമായിരുന്നു ജസ്റ്റിസ് ജയന്ത് പേട്ടൽ.
ഇൗ കേസിൽ ശക്തമായി ഇടപെട്ട ജയന്തിനെതിരെ നടത്തുന്ന രാഷ്ട്രീയ കരുനീക്കങ്ങളുടെ ഭാഗമായാണ് അദ്ദേഹത്തിനെതിരായ സ്ഥലംമാറ്റ ഉത്തരവെന്നാണ് പ്രധാന ആരോപണം. അലഹബാദ് ഹൈകോടതിയിൽ ആക്ടിങ് ചീഫ് ജസ്റ്റിസായിരിക്കെ ചീഫ് ജസ്റ്റിസാകുന്നത് തടയാൻ കർണാടകയിലേക്ക് സ്ഥലംമാറ്റിയ അപക്സ് കോർട്ട് കൊളീജിയം, കർണാടക ഹൈകോടതി ചീഫ് ജസ്റ്റിസ് ഒക്ടോബർ ഒമ്പതിന് വിരമിക്കാനിരിക്കെയാണ് ആ പദവിയിലേക്ക് പരിഗണിക്കപ്പെടേണ്ട ജയന്തിനെ വീണ്ടും സ്ഥലംമാറ്റുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.