പാർക്കിൽ സിപ്‌ലൈൻ കയർ പൊട്ടി അപകടം: 16 കാരന് ദാരുണാന്ത്യം

ആഗ്ര: പാർക്കിൽ സിപ്‌ലൈൻ കയർ പൊട്ടി വീണ് 16 വയസ്സുകാരൻ മരിച്ചു. 45 അടി ഉയരത്തിൽ നിന്നാണ് കുട്ടി താഴേക്ക് വീണത്. ആഗ്രയിലെ താജ്‌ഗഞ്ച് പ്രദേശത്തുള്ള ഒരു വിനോദ കേന്ദ്രത്തിൽ ഞായറാഴ്ച വൈകുന്നേരം ആറ് മണിയോടെയാണ് ഈ സംഭവം നടന്നത്.

ഫിറോസാബാദിലെ വളക്കച്ചവടക്കാരനായ പങ്കജ് അഗർവാളിന്റെ മകൻ കുനാൽ അഗർവാൾ ആണ് മരിച്ചത്. കുനാൽ കുടുംബത്തോടൊപ്പം അവധിദിവസം ആഘോഷിക്കാൻ ഇവിടെ എത്തിയതായിരുന്നു. 45 അടി ഉയരത്തിൽ സിപ്‌ലൈൻ റൈഡ് ചെയ്തുകൊണ്ടിരിക്കെ കയർ പെട്ടെന്ന് പാതിവഴിയിൽ വെച്ച് പൊട്ടിപ്പോവുകയും കുനാൽ താഴേക്ക് വീഴുകയുമായിരുന്നു.

കുനാൽ താഴെയുള്ള ഒരു കെട്ടിടത്തിന്റെ മുകളിലേക്ക് വീഴുന്നതും അവിടെ നിന്ന് നിലത്തേക്ക് പതിക്കുന്നതുമായ ഒരു വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. അപകട വിവരം അറിഞ്ഞയുടൻ പൊലീസ് സ്ഥലത്തെത്തുകയും പരിക്കേറ്റ കുട്ടിയെ ഉടൻ തന്നെ സരോജിനി നായിഡു മെഡിക്കൽ കോളേജിൽ എത്തിക്കുകയും ചെയ്തെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിക്കുകയായിരുന്നു.

ഈ സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങി കഴിഞ്ഞു. ഈ വിനോദ കേന്ദ്രം ആഗ്ര വികസന അതോറിറ്റിയുടെ കീഴിലുള്ളതാണെന്നും എന്നാൽ അവിടുത്തെ ഇത്തരം സാഹസിക വിനോദങ്ങൾ നടത്താനുള്ള ചുമതല ഒരു സ്വകാര്യ കമ്പനിക്ക് കരാർ നൽകിയിരിക്കുകയായിരുന്നു എന്നുമാണ് അധികൃതർ പറയുന്നത്. ഈ വൻ അപകടത്തെത്തുടർന്ന് വിനോദ കേന്ദ്രത്തിലെ എല്ലാവിധ സാഹസിക കളികളും പൊലീസ് ഇപ്പോൾ താൽക്കാലികമായി നിർത്തിവെപ്പിച്ചിരിക്കുകയാണ്.

Tags:    
News Summary - Tragic Accident at Park: 16-Year-Old Dies After Zipline Cable Snaps

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.