പാർക്കിങ്ങിനെച്ചൊല്ലി തർക്കം; വിനോദസഞ്ചാരികളായ കുടുംബത്തിന് മർദനം, ഹോട്ടൽ മാനേജരും ജീവനക്കാരനും കസ്റ്റഡിയിൽ
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ പ്രമുഖ വിനോദ സഞ്ചാര കേന്ദ്രമായ മന്ദർമണിയിൽ പാർക്കിങ്ങിനെ ചൊല്ലിയുണ്ടായ തർക്കത്തിന് പിന്നാലെ വിനോദസഞ്ചാരത്തിനെത്തിയ കുടുംബത്തെ ആക്രമിച്ചതായി പരാതി. സ്ത്രീകളും പുരുഷന്മാരും പ്രായമായ ഒരാളും ഉൾപ്പെടെ കുടുംബത്തിലെ നിരവധി പേർക്ക് പരിക്കേറ്റു.
ഹോട്ടൽ ജീവനക്കാരാണ് മർദിച്ചതെന്ന് കുടുംബം പറഞ്ഞു. സംഭവത്തിൽ ഹോട്ടൽ മാനേജരെയും ജീവനക്കാരനെയും മന്ദർമണി കോസ്റ്റൽ പൊലീസ് ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്തു.
പശ്ചിമ ബംഗാളിലെ ഈസ്റ്റ് മിഡ്നാപൂർ സ്വദേശിയായ മുഹമ്മദ് ആസിഫും കുടുംബവുമാണ് മന്ദർമണിയിൽ അവധിക്കാല യാത്രക്കെത്തിയത്. മന്ദർമണിയിലെ സ്വർണമയീ ബീച്ച് റിസോർട്ടിൽ മുറി പരിശോധിക്കാനെത്തിയ കുടുംബം വാഹനം പാർക്ക് ചെയ്തതോടെയാണ് തർക്കമുണ്ടായത്. പാർക്കിങ്ങിനെച്ചൊല്ലിയുണ്ടായ വാക്കുതർക്കം പിന്നീട് സംഘർഷത്തിലേക്ക് നീങ്ങിയെന്നും ഹോട്ടൽ ജീവനക്കാർ, സുരക്ഷാ ജീവനക്കാർ, മാനേജർ എന്നിവർ കുടുംബാംഗങ്ങളെ ആക്രമിച്ചെന്നും മുഹമ്മദ് ആസിഫ് പറഞ്ഞു.
സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു. പൊലീസ് ഹോട്ടൽ ജീവനക്കാരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. സംഭവത്തിൽ അന്വേഷണം തുടരുകയാണെന്നും ആക്രമണത്തിന്റെ യഥാർഥ കാരണം അന്വേഷണത്തിലൂടെ വ്യക്തമാകുമെന്നും പൊലീസ് അറിയിച്ചു. സംഭവത്തിന്റെ വീഡിയോയും മറ്റ് തെളിവുകളും അന്വേഷണത്തിന്റെ ഭാഗമായി പരിശോധനക്ക് വിധേയമാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.