ജാർഖണ്ഡ് ഉന്നതവിദ്യാഭ്യാസ മന്ത്രി സുദിവ്യ കുമാർ സോനു അന്തരിച്ചു
റാഞ്ചി: ജാർഖണ്ഡ് ഉന്നത-സാങ്കേതിക വിദ്യാഭ്യാസ, നഗരവികസന മന്ത്രി സുദിവ്യ കുമാർ സോനു(56) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ശനിയാഴ്ച അർദ്ധരാത്രിയോടെ ഗിരിഡി ജില്ലയിലെ മെഴ്സി ആശുപത്രിയിലായിരുന്നു അന്ത്യം. മുഖ്യമന്ത്രി ഹേമന്ത് സോറൻ, സംസ്ഥാന കാബിനറ്റ് മന്ത്രി സുദിവ്യ കുമാർ എന്നിവർ സോനുവിന്‍റെ അകാല വേർപാടിൽ ദുഃഖം രേഖപ്പെടുത്തി.
കുമാറിനെ സമർപ്പിതനായ ജെ.എം.എം നേതാവെന്ന് വിശേഷിപ്പിച്ച പാർട്ടി അദ്ദേഹത്തിന്റെ മരണം പാർട്ടിക്കും സംസ്ഥാന സർക്കാറിനും ജാർഖണ്ഡിനും നികത്താനാകാത്ത നഷ്ടമാണെന്ന് പറഞ്ഞു. കുമാറിന്റെ പോരാട്ടങ്ങളും സേവനങ്ങളും സംഭാവനകളും എന്നും ഓർമിക്കപ്പെടുമെന്നും ജെ.എം.എം വ്യക്തമാക്കി.
കാബിനറ്റ് മന്ത്രിയായി സേവനമനുഷ്ഠിച്ച കുമാർ സോനു ഉന്നത-സാങ്കേതിക വിദ്യാഭ്യാസം, നഗരവികസനം, ടൂറിസം, കല-സാംസ്കാരികം, കായികം, യുവജനക്ഷേമം തുടങ്ങി നിരവധി സുപ്രധാന വകുപ്പുകളാണ് കൈകാര്യം ചെയ്തിരുന്നത്. 2019ലാണ് കുമാർ ഗിരിഡിയിൽ നിന്ന് ആദ്യമായി ജാർഖണ്ഡ് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.
മുഖ്യമന്ത്രി ഹേമന്ത് സോറന്‍റെ അടുത്ത അനുയായിയായിരുന്ന സുദിവ്യ കുമാർ സോനു വ്യാജ ഭൂമി ഇടപാടും കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട കേസിൽ 2024ൽ സോറൻ അറസ്റ്റിലായ സമയത്ത് ഉൾപ്പെടെ ജെ.എം.എമ്മിനുള്ളിലെ പ്രതിസന്ധികൾ പരിഹരിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്.
ജാർഖണ്ഡിലെ ടൂറിസം അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള വഴികൾ കണ്ടെത്തുന്നതിനായി സംസ്ഥാന സർക്കാർ പ്രതിനിധി സംഘത്തെ നയിച്ച് കർണാടക സന്ദർശിച്ച ശേഷം ഈ ആഴ്ച ആദ്യമാണ് സോനു ജാർഖണ്ഡിലേക്ക് മടങ്ങിയെത്തിയത്. സന്ദർശന വേളയിൽ കർണാടക ടൂറിസം മന്ത്രി കെ.ജെ. ജോർജുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തുകയും ടൂറിസം, വനപരിപാലനം എന്നിവയിൽ ഇരു സംസ്ഥാനങ്ങളും തമ്മിലുള്ള സഹകരണത്തിനുള്ള സാധ്യതകളെക്കുറിച്ച് ചർച്ച ചെയ്യുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.