ഉത്തരാഖണ്ഡിൽ 20 മദ്റസകൾ സർക്കാർ പൂട്ടിച്ചു
ഡെറാഡൂൺ: മാനദണ്ഡങ്ങൾ പാലിച്ചില്ലെന്ന് ആരോപിച്ച് മദ്റസകൾക്കെതിരെ നടപടി കടുപ്പിച്ച് ഉത്തരാഖണ്ഡ് സർക്കാർ. ഡെറാഡൂണിലും നൈനിറ്റാൾ ജില്ലയിലെ ഹൽദ്വാനിയിലുമായി മൂന്ന് മദ്റസകൾ കൂടി സീൽ ചെയ്തതോടെ സംസ്ഥാനത്ത് ഇതുവരെ 20 മദ്റസകളുടെ പ്രവർത്തനം അവസാനിപ്പിച്ചതായി ന്യൂനപക്ഷ ക്ഷേമവകുപ്പ് സ്പെഷൽ സെക്രട്ടറി പരാഗ് മധുകർ ധാകാതെ പറഞ്ഞു.
ഡെറാഡൂണിൽ മൂന്ന് മദ്റസകളാണ് പൂട്ടിച്ചത്. ആസാദ് കോളനിയിലെ മദ്റസ ജാമിഅ തുസ്സലാം അൽ ഇസ്ലാമിയ സീൽ ചെയ്തു. മജ്റയിലെ മദ്റസ ദാറുൽ അർഖം, മദ്റസ ദാറുൽ ഉലൂം റഹീമിയ എന്നിവയുടെ നടത്തിപ്പുകാർ പ്രവർത്തനം അവസാനിപ്പിച്ചതായും സർക്കാർ അറിയിച്ചു.
ഇതുകൂടാതെ സംസ്ഥാനത്താകെ ഇതുവരെ 17 മദ്റസകൾ സീൽ ചെയ്തതായി ധാകാതെ പറഞ്ഞു. നൈനിറ്റാൾ ജില്ലയിലെ ഹൽദ്വാനിയിലും മദ്റസകൾക്കെതിരെ രംഗത്തെത്തി. ഗൗജാജലി നോർത്തിലെ ശനി ബസാർ റോഡിലുള്ള മദ്റസ ജാമിഅ നൂരിയ ബർകാതെ അമീനയും ബൻഭൂൽപുരയിലെ ഇന്ദിരാനഗറിൽ പ്രവർത്തിച്ചിരുന്ന മറ്റൊരു മദ്റസയും സീൽ ചെയ്തിട്ടുണ്ട്.
അംഗീകാരവുമായി ബന്ധപ്പെട്ട ആവശ്യമായ രേഖകൾ ഹാജരാക്കാൻ ബന്ധപ്പെട്ട മദ്റസ മാനേജ്മെന്റുകളോട് ആവശ്യപ്പെട്ടിരുന്നതായി ഹൽദ്വാനി സിറ്റി മജിസ്ട്രേറ്റ് എ.ബി. വാജ്പേയി പറഞ്ഞു. രേഖകൾ ഹാജരാക്കാത്തതിനെ തുടർന്നാണ് അടച്ചുപൂട്ടിയതെന്നാണ് വാജ്പേയി അവകാശപ്പെടുന്നത്.
ചട്ടങ്ങളും അംഗീകാര വ്യവസ്ഥകളും പാലിക്കാതെഒരു വിദ്യാഭ്യാസ സ്ഥാപനവും പ്രവർത്തിക്കരുതെന്ന് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി പറഞ്ഞു. ഗുണമേന്മയുള്ള വിദ്യാഭ്യാസം ഉറപ്പാക്കുന്നതിനൊപ്പം അക്കാദമിക് മാനദണ്ഡങ്ങൾ പാലിക്കുന്നതിനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും ചട്ടലംഘനം നടത്തുന്ന സ്ഥാപനങ്ങൾക്കെതിരെ നടപടി തുടരുമെന്നും ധാമി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.