ചെന്നൈ: സംസ്ഥാനത്ത് സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷക്ക് പ്രഥമ പരിഗണന നൽകുമെന്ന് തമിഴ്‌നാട് സർക്കാർ മദ്രാസ് ഹൈകോടതിയെ അറിയിച്ചു. ലൈംഗിക അതിക്രമങ്ങൾ തടയുന്നതിനും കുറ്റവാളികൾക്ക് വേഗത്തിൽ ശിക്ഷ ഉറപ്പാക്കുന്നതിനുമായി സമഗ്രമായ കർമ്മപദ്ധതികൾ രൂപീകരിച്ചു വരികയാണെന്നും സർക്കാർ കോടതിയിൽ വ്യക്തമാക്കി.സ്ത്രി സുരക്ഷയുമായി ബന്ധപ്പെട്ട ഒരു ഹരജിയിലാണ് സർക്കാർ നിലപാട് അറിയിച്ചത്.
തിരുവണ്ണാമലൈയിൽ 2025 സെപ്റ്റംബറിൽ രണ്ട് പൊലീസ് ഉദ്യോഗസ്ഥരാൽ ലൈംഗിക പീഡനത്തിന് ഇരയായ 26-കാരി സമർപ്പിച്ച പൊതുതാൽപര്യ ഹരജിയിലാണ് കോടതിയുടെ ഇടപെടൽ ഉണ്ടായത്. പൊലീസ് കുറ്റപത്രം സമർപ്പിച്ചിട്ടും വിചാരണ ഇതുവരെ ആരംഭിച്ചില്ലെന്ന് ഹരജിക്കാരി കോടതിയെ ബോധിപ്പിച്ചു. ഭാരതീയ നാഗരിക് സുരക്ഷാ സംഹിത പ്രകാരം കുറ്റപത്രം സമർപ്പിച്ച് രണ്ട് മാസത്തിനകം വിചാരണ പൂർത്തിയാക്കേണ്ടതുണ്ട്. എന്നാൽ വിചാരണ അനാവശ്യമായി വൈകിയതോടെ യുവതി കോടതിയെ സമീപിക്കുകയായിരുന്നു.
സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷക്കായി വിപുലമായ ഒരു ആക്ഷൻ പ്ലാൻ സർക്കാർ തയ്യാറാക്കുകയാണെന്ന് അഡ്വക്കേറ്റ് ജനറൽ കോടതിയെ അറിയിച്ചു. ഇതിനായി രണ്ട് മുതൽ മൂന്ന് ആഴ്ച വരെ സമയം ആവശ്യമാണെന്നും വ്യക്തമാക്കി. തെളിവുകൾ വേഗത്തിൽ പരിശോധിക്കുന്നതിനും വിചാരണ വേഗത്തിലാക്കുന്നതിനും സംസ്ഥാനത്തെ ഫോറൻസിക് ലബോറട്ടറികളുടെ എണ്ണം വർധിപ്പിക്കുന്നതും പരിഗണനയിലാണ്.
ഇത്തരം കുറ്റകൃത്യങ്ങൾ കൃത്യമായി അന്വേഷിക്കുന്നതിനായി പൊലീസ് സേനയുടെ ഘടനയും ശേഷിയും വിപുലീകരിക്കും. ലൈംഗിക അതിക്രമ കേസുകളിൽ ഇരകൾക്ക് എത്രയും പെട്ടെന്ന് നീതി ലഭ്യമാക്കുക എന്നതാണ് സർക്കാരിന്റെ അടിയന്തര ലക്ഷ്യമെന്ന് അഡ്വക്കേറ്റ് ജനറൽ കോടതിയെ ബോധിപ്പിച്ചു.
കേസിലെ കുറ്റാരോപിതരായ രണ്ട് പൊലീസ് ഉദ്യോഗസ്ഥരെ ഇതിനകം തന്നെ സർവിസിൽ നിന്ന് പിരിച്ചുവിടുകയും ഗുണ്ടാ ആക്ട് പ്രകാരം ജയിലിലടക്കുകയും ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.