കേശവറാവു 1980ൽ
ന്യൂഡൽഹി: ‘ചരിത്രവിജയം’ എന്നാണ് മാവോവാദി കമാൻഡറും സി.പി.ഐ മാവോയിസ്റ്റ് ജനറൽ സെക്രട്ടറിയുമായ കേശവറാവുവിനെ വെടിവെച്ച് കൊന്നതിനെ ഛത്തിസ്ഗഢ് പൊലീസ് വിശേഷിപ്പിച്ചത്. നിരവധി മാവോവാദി ആക്രമണങ്ങളുടെ ആസൂത്രകനായിരുന്ന ബസവരാജ് എന്ന കേശവറാവുവിനായി വർഷങ്ങളായി സുരക്ഷസേന വലവിരിച്ചിരിക്കുകയായിരുന്നു. കേശവറാവുവിന്റെ മരണം മാവോവാദികൾക്ക് വൻ തിരിച്ചടിയാണ്. മാർച്ചിനകം മാവോവാദികളെ മുഴുവൻ ഇല്ലാതാക്കുമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രഖ്യാപനം നേരത്തേ നടപ്പിലാക്കുമെന്നാണ് സുരക്ഷാസേന പറയുന്നത്.
ആന്ധ്രപ്രദേശിലെ ശ്രീകാകുളം ജിയാനപേട്ടയിൽ 1955ലാണ് കേശവറാവു ജനിച്ചത്. വാറംഗൽ ആർ.ഇ.സിയിൽനിന്ന് ബിരുദം. ദേശീയതലത്തിൽ ആന്ധ്രപ്രദേശിനെ പ്രതിനിധീകരിച്ച വോളിബാൾ താരമായിരുന്നു. കബഡിയിലും തിളങ്ങി. റാഡിക്കൽ സ്റ്റുഡന്റ്സ് യൂനിയനിൽ സജീവമായിരുന്ന കേശവറാവു 1980ൽ എ.ബി.വി.പി പ്രവർത്തകരുമായുള്ള സംഘർഷത്തിൽ അറസ്റ്റിലായി. ഈ സംഭവത്തിനുശേഷം കേശവറാവുവിന്റെ ജീവിതത്തിൽ അറസ്റ്റുണ്ടായിട്ടില്ല.
പിന്നീട് പീപിൾസ് വാർ ഗ്രൂപ്പിൽ ചേർന്ന് നക്സലിസം പ്രചരിപ്പിച്ചു. മുൻ ജനറൽ സെക്രട്ടറി ഗണപതിയാണ് നേതൃത്വത്തിലേക്ക് കൈപിടിച്ചുയർത്തിയത്. പീപിൾസ് ലിബറേഷൻ ഗറില്ല ആർമി കമാൻഡറായിരുന്ന കേശവറാവു നിരവധി ക്രൂരമായ ആക്രമണങ്ങൾക്ക് ബസ്തർ മേഖലയിൽ നേതൃത്വം നൽകിയിട്ടുണ്ട്. അത്യാധുനിക സ്ഫോടകവസ്തുക്കൾ കൈകാര്യം ചെയ്യുന്നതിലും സായുധ ഇന്റലിജൻസിലും വിദഗ്ധനായിരുന്നു. 2013ൽ ഝാർഖണ്ഡിലെ ലതേഹറിൽ നടന്ന ആക്രമണത്തിൽ മരിച്ച സി.ആർ.പി.എഫ് ജവാന്റെ വയറിന് ഫോട്ടോ സെൻസിറ്റീവ് സ്ഫോടകവസ്തു ഘടിപ്പിച്ചത് ഇയാളായിരുന്നു. രക്ഷാപ്രവർത്തകർക്കും ഡോക്ടർമാർക്കുംവരെ പരിക്കേൽപിക്കുകയായിരുന്നു ലക്ഷ്യം.
ഗണപതിയുടെ രാജിക്ക് പിന്നാലെ 2018ൽ കേശവറാവു സി.പി.ഐ മാവോയിസ്റ്റിന്റെ തലപ്പത്ത് എത്തുമ്പോൾ കൂടുതൽ ആക്രമണങ്ങളായിരുന്നു സംഘടന ലക്ഷ്യമിട്ടത്. എന്നാൽ, സുരക്ഷാസേന ശക്തമായി എതിരിട്ടതോടെ പ്രമുഖ കേഡറുകളെല്ലാം കൊല്ലപ്പെടുകയോ കീഴടങ്ങുകയോ ചെയ്തു. കഴിഞ്ഞ ജനുവരിയിലാണ് ഒഡിഷ- ഛത്തിസ്ഗഢ് അതിർത്തിയിൽവെച്ച് മുതിർന്ന നേതാവ് ചലപതി എന്ന ജയറാം റെഡ്ഡി കൊല്ലപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.