ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിനു പിന്നാലെ പാകിസ്താനെതിരെ ഇന്ത്യ നടത്തിയ ഓപറേഷൻ സിന്ദൂർ വാർത്തസമ്മേളനത്തിൽ വിശദീകരിച്ച കേണൽ സോഫിയ ഖുറേഷിക്കെതിരെ മധ്യപ്രദേശ് ബി.ജെ.പി മന്ത്രി വിജയ് ഷാ നടത്തിയ വർഗീയ പരാമർശത്തിൽ പ്രത്യേക അന്വേഷണത്തിന് ഉത്തരവിട്ട് സുപ്രീംകോടതി.
ഐ.പി.എസ് ഉദ്യോഗസ്ഥരടങ്ങുന്ന മൂന്നംഗ പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) ചൊവ്വാഴ്ച രാവിലെ 10 മണിക്കുള്ളിൽ രൂപവത്കരിക്കാൻ മധ്യപ്രദേശ് പൊലീസ് മേധാവിക്ക് ജസ്റ്റിസുമാരായ സൂര്യകാന്ത്, എൻ. കോടീശ്വർ സിങ് എന്നിവരടങ്ങിയ ബെഞ്ച് നിർദേശം നൽകി. അന്വേഷണത്തിന് ഐ.ജി റാങ്കിലുള്ള ഉദ്യോഗസ്ഥൻ നേതൃത്വം നൽകണം. രണ്ട് അംഗങ്ങളും എസ്.പി റാങ്കോ അതിനു മുകളിലോ ഉള്ളവരും ഒരാൾ വനിതയും ആയിരിക്കണം. മേയ് 28ന് തൽസ്ഥിതി റിപ്പോർട്ട് നൽകണമെന്നും ഉത്തരവിൽ പറയുന്നു.
വർഗീയ പരാമർശത്തിൽ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യണമെന്ന് മധ്യപ്രദേശ് ഹൈകോടതി ഉത്തരവിനെതിരെ വിജയ് ഷാ നൽകിയ ഹരജിയിൽ സുപ്രീംകോടതി അറസ്റ്റ് തടഞ്ഞു. കേസിൽ നിഷ്‍ക്രിയത്വം പാലിച്ച മധ്യപ്രദേശ് സർക്കാറിനെ വിമർശിച്ച കോടതി ഇതുവരെ സ്വീകരിച്ച നടപടികൾ അറിയിക്കാൻ നിദേശം നൽകി.
വൃത്തികെട്ടതും നീചവും ലജ്ജാകരവുമായ പ്രസ്താവനയുമാണ് മന്ത്രി നടത്തിയത്. ഖേദപ്രകടനം അംഗീകരിക്കുന്നില്ലെന്നും പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നും വാദത്തിനിടെ കോടതി വ്യകതമാക്കി. പ്രസംഗത്തിന്റെ വിഡിയോ ഞങ്ങൾ കണ്ടു. രാജ്യം മുഴുവൻ നിങ്ങളെയോർത്ത് ലജ്ജിക്കുന്നു. ഞങ്ങൾക്ക് ഈ ക്ഷമാപണം ആവശ്യമില്ല. നിയമപ്രകാരം എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ഞങ്ങൾക്കറിയാം.
നടപടികളില്‍നിന്ന് പിന്മാറാന്‍വേണ്ടി മാത്രം ആളുകള്‍ ചിലപ്പോള്‍ മാന്യമായ ഭാഷ ഉപയോഗിക്കുന്നു. ഇതിനായി ചിലപ്പോള്‍ അവര്‍ മുതലക്കണ്ണീര്‍ പൊഴിക്കുന്നു. ഇതില്‍ ഏതുതരം ക്ഷമാപണമായിരുന്നു നിങ്ങളുടേതെന്ന് ജസ്റ്റിസ് സൂര്യകാന്ത് ചോദിച്ചു. പ്രസംഗത്തിൽ വളരെ വൃത്തികെട്ട ഭാഷ കൂടുതൽ ഉപയോഗിക്കാനുള്ള വക്കിലായിരുന്നു നിങ്ങൾ. പുതിയ വാക്ക് കണ്ടെത്താനാകാത്തതിൽ നിർത്തിയതാണെന്നും കോടതി നിരീക്ഷിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.