മുംബൈ: റെയിൽവെ ട്രാക്കിൽ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത തുടരുന്നു. പല്ലവി വികംസെയെന്ന 20കാരിയെ ബുധനാഴ്ചയാണ് പരേലിനടുത്ത് റെയിൽവെ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവം അപകടമരണമാണെന്നും യുവതി ട്രെയനിൽ നിന്നും വീണതാകാമെന്നുമാണ് പൊലീസിന്‍റെ നിഗമനം. മുംബൈയിലെ നിയമകാര്യ സ്ഥാപനത്തിൽ പരിശീലനത്തിന് പോയിവരുന്ന വഴിയാണ് പല്ലവിക്ക് അപകടം സംഭവിച്ചതെന്ന് കരുതുന്നു. പല്ലവി ട്രെയിനിൽ കയറുന്നതിന്‍റെ സി.സി.ടി.വി ദൃശ്യങ്ങളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.
എന്നാൽ, മരണത്തിന് തൊട്ടുമുൻപ് പല്ലവിയുടെ ഫോണിൽ നിന്ന് വന്ന സന്ദേശമാണ് ദുരൂഹത വർധിപ്പിക്കുന്നത്. 'ആർക്കും ഉത്തരവാദിത്തമില്ല' എന്നാണ് പല്ലവി അയച്ച സന്ദേശത്തിൽ പറയുന്നത്. പല്ലവിയെ കാണാനില്ലെന്ന് ബുധനാഴ്ച ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. പരിശീലനത്തിന് പോയിരുന്ന സൗത്ത് മുംബൈയിലെ സ്ഥാപനത്തിലേക്ക് പോയ പല്ലവി തിരിച്ച് വന്നില്ലെന്നാണ് പരാതിയിൽ പറയുന്നത്.
സന്ദേശമയച്ചതിന് ശേഷം സ്വിച്ച് ഓഫായ ഫോൺ ഇതുവരെ കണ്ടെത്താനായിട്ടില്ല. ട്രെയിനിൽ വീണ യുവതിയെ മറ്റൊരു ട്രെയിൻ തട്ടിയാണ് അപകടമുണ്ടായതെന്ന് പി.ടി.ഐ റിപ്പോർട്ട് ചെയ്തിരുന്നു.
ബുധനാഴ്ച ആറ് മണിയോടെ ഛത്രപതി ശിവജി ടെർമിനസ് സ്റ്റേഷനിൽ നിന്നും പല്ലവി കയറുന്ന ദൃശ്യങ്ങളാണ് പൊലീസ് കണ്ടെടുത്തത്. ഇവിടെ നിന്നും കുടുംബം താമസിക്കുന്ന പരേലിലെത്താൻ 15 മിനിറ്റ് യാത്ര ചെയ്താൽ മതി. തങ്ങൾ മൃതദേഹം ബന്ധുക്കൾക്ക് കൈമാറിയെന്നും അന്വേഷണം നടക്കുകയാണെന്നും പൊലസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.