മമത ബാനർജി

തെരഞ്ഞെടുപ്പ് കമീഷൻ ‘ബി.ജെ.പി കമീഷനാ’യി, എന്തിനാണ് തിരക്കിട്ട് എസ്.ഐ.ആർ നടപ്പാക്കുന്നത്? -മമത ബാനർജി

കൊൽക്കത്ത: വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ പശ്ചിമ ബംഗാളിൽ അധികാരം പിടിക്കുമെന്ന ബി.ജെ.പി നേതാക്കളുടെ അവകാശവാദത്തെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി മമത ബാനർജി രംഗത്ത്. ബംഗാളിൽ ജയിക്കാൻ ബി.ജെ.പി ഗുജറാത്ത് കൈവിടേണ്ടി വരുമെന്ന് മമത പറഞ്ഞു. ബംഗാളിനു പുറമെ തെരഞ്ഞെടുപ്പ് വരാനിക്കുന്ന തമിഴ്നാട്, അസം, കേരളം എന്നിവിടങ്ങളിലും വോട്ടർ പട്ടിക തീവ്രപരിഷ്കരണം (എസ്.ഐ.ആർ) നടപ്പാക്കുന്നതിൽ പ്രത്യേക അജണ്ടയുണ്ട്. ബിഹാറിലെ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് സ്ത്രീകൾക്ക് 10,000 രൂപ സ്റ്റൈപൻഡ് വാഗ്ദാനം ചെയ്ത എൻ.ഡി.എ മുന്നണിയുടെ നീക്കം അംഗീകരിക്കാൻ കഴിയുന്നതല്ലെന്നും മമത ചൂണ്ടിക്കാണിച്ചു.

“ഞാൻ ഒരുകാര്യം പ്രവചിക്കുകയാണ്. പ്രധാനമന്ത്രി മോദിയുടെ സ്വന്തം സംസ്ഥാനമായ ഗുജറാത്തിൽ ബി.ജെ.പി തോൽക്കാൻ പോകുകയാണ്. ബംഗാൾ ജയിക്കാനായി അവർ ഗുജറാത്തിൽ തോൽക്കും” -നോർത്ത് 24 പർഗാന ജില്ലയിലെ ബംഗഗാവിൽ എസ്.ഐ.ആർ പ്രതിഷേധ റാലിയെ അഭിസംബോധന ചെയ്യവെ മമത പറഞ്ഞു. 1990 മുതലിങ്ങോട്ട് ബി.ജെ.പിയാണ് ഗുജറാത്ത് ഭരിക്കുന്നത്. ഏറ്റവുമൊടുവിൽ 2022ൽ നടന്ന നിയമസഭ തെരഞ്ഞെടുപ്പിൽ 182ൽ 156 സീറ്റും ജയിച്ചാണ് ഭരണത്തുടർച്ച നേടിയത്. 50 ശതമാനത്തോളം വോട്ട് ഷെയറും ബി.ജെ.പിക്കുണ്ട്. ബംഗാളിലാകട്ടെ, മറ്റു പാർട്ടികൾക്ക് വെല്ലുവിളി ഉയർത്താനാകാത്ത വിധമാണ് മമതയുടെ തൃണമൂൽ കോൺഗ്രസ് അധികാരത്തിൽ തുടരുന്നത്.

“എന്തിനാണ് ഇത്ര തിരക്കിട്ട് എസ്.ഐ.ആർ നടപ്പാക്കുന്നത്? തെരഞ്ഞെടുപ്പിന് മുമ്പുതന്നെ തീർക്കേണ്ടത് ആർക്കാണ്? മൂന്ന് വർഷമെടുത്ത് പതിയെ ചെയ്താൽ എന്താണ് പ്രശ്നം. ഇക്കാലമത്രയും അനധികൃത കുടിയേറ്റക്കാർ ഉണ്ടായിരുന്നെങ്കിൽ ആരാണ് അതിന് ഉത്തരവാദി? അതിർത്തി സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം ആരുടേതാണ്? എയർപോർട്ടുകളും കസ്റ്റംസുമെല്ലാം കേന്ദ്ര സർക്കാറിന്‍റെ നിയന്ത്രണത്തിലാണ്. തെരഞ്ഞെടുപ്പ് കമീഷൻ ഇപ്പോൾ ‘ബി.ജെ.പി കമീഷനാ’ണ്. ശരിയായ പരിശീലനം പോലും ലഭിക്കാതെ ബി.എൽ.ഒമാർ ജീവനൊടുക്കുകയാണ്” -മമത പറഞ്ഞു. 

Tags:    
News Summary - "To Win Bengal, BJP Will Lose Gujarat": Mamata Banerjee's Big Claim For 2026 Election

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.