ന്യൂഡൽഹി: ഛത്തീസ്ഗഡിൽ കൽക്കരി ഖനിയുമായി ബന്ധപ്പെട്ട് അഴിമതി ആരോപിച്ച് കോൺഗ്രസ് നേതാക്കളുടെ വീട്ടിൽ ഇ.ഡി നടത്തിയ പരിശോധനക്കെതിരെ മുഖ്യമന്ത്രി ഭൂപേഷ് ബാഗൽ. കോൺഗ്രസ് പ്ലീനറി സെഷന് തൊട്ടു മുമ്പായി നടത്തിയ പരിശോധനയിൽ ബി.ജെ.പി നിരാശരാണെന്ന് ഭൂപേഷ് ബാഗൽ പരിഹസിച്ചു.
‘എം.എൽ.എയും മുൻ പാർട്ടി വൈസ് പ്രസിഡന്റുമായ ഛത്തീസ്ഗഡ് കോൺഗ്രസ് ട്രഷററുടെതുൾപ്പെടെയുള്ള സഹപ്രവർത്തകരുടെ വീടുകളിൽ ഇ.ഡി റെയ്ഡ് നടത്തി. നാലു ദിവസത്തിനുള്ളിൽ റായ്പൂരിൽ കോൺഗ്രസ് കൺവെൻഷൻ നടക്കാനിരിക്കെയാണ് പരിശോധന നടന്നത്. നേതാക്കളെ തടഞ്ഞുകൊണ്ട് ഞങ്ങളുടെ ആവേശം ഇല്ലാതാക്കാനാവില്ല. ഭാരത് ജോഡോ യാത്രയുടെ വിജയത്തിലും അദാനിയെ കുറിച്ചുള്ള സത്യം പുറത്തായതിലും ബി.ജെ.പി നിരാശരാണ്. ഈ റെയ്ഡ് ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണ്. രാജ്യത്തിന് സത്യമറിയാം. ഞങ്ങൾ പോരാടി ജയിക്കും’ - ബാഗൽ ട്വീറ്റ് ചെയ്തു.
കൽക്കരി ഖനി അഴിമതി സംബന്ധിച്ചാണ് ഇ.ഡി കോൺഗ്രസ് നേതാക്കളുടെ വീടുകളിൽ റെയ്ഡ് നടത്തുന്നത്. കൽക്കരി ഖനിയുമായി ബന്ധപ്പെട്ട അഴിമതിയിൽ 52 കോടി രൂപ മുതിർന്ന കോൺഗ്രസ് നേതാക്കൾക്കും നാല് കോടിരൂപ ചില ഛത്തീസ്ഗഡ് എം.എൽ.എമാർക്കും ലഭിച്ചുവെന്നാണ് ഇ.ഡി ആരോപിക്കുന്നത്.
ഇന്ന് രാവിലെ 17 ഓളം സ്ഥലങ്ങളിലാണ് പരിശോധന നടത്തിയത്. ദുർഗ് എം.എൽ.എ ദേവേന്ദ്ര യാദവ്, ഛത്തീസ് ഗഡ് കോൺഗ്രസ് ട്രഷറർ രാംഗോപാൽ അഗർവാൾ, കെട്ടിട നിർമാണ തൊഴിലാളി ക്ഷേമ നിധി ബോർഡ് ചെയർമാൻ സുശീൽ സണ്ണി അഗർവാൾ , സംസ്ഥാന കോൺഗ്രസ് വക്താവ് ആർ.പി സിങ് എന്നിവരുടെ വീടുകളിലുൾപ്പെടെയാണ് പരിശോധന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.