പ്രതീകാത്മക ചിത്രം

മേഘാലയയിൽ കനത്ത മഴയും മണ്ണിടിച്ചിലും; ഗതാഗതം പൂർണമായും നിലച്ചു

ഗുവാഹത്തി: വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ കനത്ത മഴയും മണ്ണിടിച്ചിലും തുടരുന്നു. മേഘാലയ, മണിപ്പൂർ, അസം എന്നീ സംസ്ഥാനങ്ങളിലാണ് കാലവർഷം കനത്ത നാശം വിതക്കുന്നത്. ഞായറാഴ്ച മുതൽ തുടങ്ങിയ ശക്തമായ മഴയെത്തുടർന്ന് പലയിടത്തും ജനജീവിതം ദുസ്സഹമായി.

മേഘാലയയുടെ തലസ്ഥാനമായ ഷില്ലോങ്ങും ബംഗ്ലാദേശ് അതിർത്തിയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ ഡാക്കിയുമായി ബന്ധിപ്പിക്കുന്ന പ്രധാന പാതയിലുണ്ടായ വൻ മണ്ണിടിച്ചിലിനെത്തുടർന്ന് ഗതാഗതം പൂർണമായും നിലച്ചു. ഷില്ലോങ്-ഡാക്കി റോഡ് അനിശ്ചിതകാലത്തേക്ക് അടച്ചിട്ടതായി കിഴക്കൻ ഖാസി ഹിൽസ് ഡെപ്യൂട്ടി കമ്മീഷണർ അറിയിച്ചു. റോഡ് അറ്റകുറ്റപ്പണികൾ പൂർത്തിയാക്കാൻ ദിവസങ്ങൾ വേണ്ടിവരുമെന്നും അതുവരെ യാത്രക്കാർ സോഹ്‌റ-ഡാക്കി വഴിയുള്ള ബദൽ മാർഗ്ഗങ്ങൾ ഉപയോഗിക്കണമെന്നും അധികൃതർ നിർദേശിച്ചു.

ഞായറാഴ്ച മേഘാലയയിൽ അതിശക്തമായ മഴയാണ് രേഖപ്പെടുത്തിയത്. മൗസിൻറമിൽ 526.5 മില്ലിമീറ്ററും, സോഹ്‌റയിൽ 470.4 മില്ലിമീറ്ററും, മൗക്വിർവാട്ടിൽ 385 മില്ലിമീറ്ററും മഴ ലഭിച്ചു. വരും ദിവസങ്ങളിലും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ അതിശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ജൂൺ 24 വരെ അസമിലും മണിപ്പൂരിലും ഉൾപ്പെടെ കനത്ത മഴക്ക് സാധ്യതയുണ്ട്.

അസമിലെ ദിമ ഹസാവോ ജില്ലയിലും മണിപ്പൂരിലെ സേനാപതി ജില്ലയിലും ദേശീയപാതകളിൽ മണ്ണിടിച്ചിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വടക്കൻ അസമിലെ ധേമാജി, ലഖിംപുർ ജില്ലകളിൽ വെള്ളപ്പൊക്കവും രൂക്ഷമായി. ധേമാജിയിൽ മാത്രം 14,000ത്തിലധികം ആളുകളെ വെള്ളപ്പൊക്കം ബാധിച്ചതായാണ് അസം ദുരന്തനിവാരണ അതോറിറ്റിയുടെ കണക്കുകൾ. വിവിധയിടങ്ങളിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ടും ഗതാഗത തടസ്സവും ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ അതീവ ജാഗ്രത പാലിക്കാൻ അധികൃതർ നിർദേശിച്ചു. 

Tags:    
News Summary - Meghalaya rains trigger landslides, cut off major tourist destination; Northeast on alert

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.