ശ്രീകൃഷ്ണ ജന്മസ്ഥാൻ ക്ഷേത്രം
ലഖ്നോ: അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനകളുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് പിന്നാലെ, മഥുരയിലെ ശ്രീകൃഷ്ണ ജന്മസ്ഥാൻ ക്ഷേത്രത്തിലെ സംഭാവനകളിൽ വൻ തട്ടിപ്പ് നടന്നതായി ആരോപിച്ച് പ്രമുഖ ഹിന്ദു സന്യാസി രംഗത്തെത്തിയത് ചർച്ചയാകുന്നു. അയോധ്യയിലെ രാമക്ഷേത്രത്തിന് സമാനമായി മഥുരയിലെ ശ്രീകൃഷ്ണ ജന്മസ്ഥാൻ ക്ഷേത്രത്തിലും സാമ്പത്തിക ക്രമക്കേടുകൾ നടക്കുന്നുണ്ടെന്ന് ആരോപിച്ച സന്യാസി ഈ വിഷയത്തിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ്.
ശ്രീ കൃഷ്ണ ജന്മഭൂമി സംഘർഷ് ന്യാസ് പ്രസിഡന്റായ ദിനേശ് ശർമ്മ അഥവാ 'ഫലാഹാരി ബാബ'യാണ് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് രക്തം കൊണ്ട് കത്തെഴുതി ഈ ഞെട്ടിക്കുന്ന ആരോപണങ്ങൾ ഉന്നയിച്ചിരിക്കുന്നത്. നിലവിൽ കോടതിയുടെ പരിഗണനയിലിരിക്കുന്ന ശ്രീകൃഷ്ണ ജന്മഭൂമി-ഈദ്ഗാഹ് മസ്ജിദ് കേസിലെ പ്രധാന ഹരജിക്കാരിൽ ഒരാളാണ് ഫലാഹാരി ബാബ.
ക്ഷേത്രത്തിലെ സംഭാവന പെട്ടികൾ തുറക്കുമ്പോഴും അതിലെ പണം എണ്ണുമ്പോഴും സി.സി.ടി.വി കാമറകൾ മനഃപൂർവം ഓഫ് ചെയ്ത് വെക്കുകയാണെന്നാണ് ബാബയുടെ പ്രധാന ആരോപണം. കൂടാതെ, നടവഴിപാടായി ലഭിക്കുന്ന സ്വർണാഭരണങ്ങളുടെ കൃത്യമായ കണക്കുകൾ സൂക്ഷിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
‘അയോധ്യയിലെ ക്ഷേത്രത്തിൽ വർഷങ്ങളായി നടന്നു വരുന്ന തട്ടിപ്പുകൾക്ക് സമാനമായ അവസ്ഥയാണ് മഥുരയിലുമുള്ളത്. ഒരിക്കൽ സ്കൂട്ടറിൽ സഞ്ചരിച്ചിരുന്നവർ ഇന്ന് വലിയ കൊട്ടാരങ്ങൾക്ക് സമാനമായ വീടുകളുടെ ഉടമകളായി മാറിയിരിക്കുന്നു. ഇത്രയും വലിയ സാമ്പത്തിക ക്രമക്കേടുകൾ നടക്കുമ്പോൾ അത് അന്വേഷിക്കാൻ സി.ബി.ഐ തന്നെ വരണം’ ബാബ കത്തിൽ ആവശ്യപ്പെടുന്നു. സി.ബി.ഐ അന്വേഷണം പ്രഖ്യാപിച്ചില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകുന്നുണ്ട്.
എന്നാൽ, സന്യാസി ഉന്നയിച്ച ആരോപണങ്ങൾ പൂർണ്ണമായും തള്ളിക്കളയുകയാണ് ശ്രീ കൃഷ്ണ ജന്മസ്ഥാൻ സേവാ സൻസ്ഥാൻ. തങ്ങൾക്കെതിരെ ഉയർന്നിരിക്കുന്ന ആരോപണങ്ങൾ തീർത്തും അടിസ്ഥാനരഹിതമാണെന്നും, ബാബ വ്യാജ ട്രസ്റ്റ് ഉണ്ടാക്കി ഭക്തരിൽ നിന്ന് പണപ്പിരിവ് നടത്തുകയാണെന്നും ആരോപിച്ച് അവർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ഈ വിഷയം അതീവ ഗൗരവത്തോടെയാണ് ഉത്തർപ്രദേശ് പൊലീസ് കാണുന്നത്. നിലവിൽ പൊലീസ് അന്വേഷണം നടന്നുവരികയാണെന്നും, വസ്തുതകൾ പരിശോധിച്ച ശേഷം മാത്രമേ തുടർനടപടികൾ സ്വീകരിക്കുകയുള്ളൂവെന്നും ഉന്നത ഉദ്യോഗസ്ഥർ വ്യക്തമാക്കി.
അയോധ്യയിലെ രാമക്ഷേത്രത്തിലെ സംഭാവന വിവാദത്തിൽ യോഗി ആദിത്യനാഥ് സർക്കാരിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിരുന്നു. അയോധ്യയിലെ സത്യം വൈകാതെ പുറത്തുവരുമെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്നും മുഖ്യമന്ത്രി നേരത്തെ ഉറപ്പ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് മഥുരയിലെ ക്ഷേത്രത്തിനെതിരെയും ഇത്തരമൊരു ഗുരുതരമായ ആരോപണം ഉയർന്നുവന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.