കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ എല്ലാ സംഘടനാ പദവികളിൽനിന്നും രാജിവെച്ച് എം.പിയും മുൻ മുഖ്യമന്ത്രി മമതാ ബാനർജിയുടെ വിശ്വസ്തയുമായ കകോലി ഘോഷ് ദസ്തിദാർ. ബരാസത് ജില്ലാ പ്രസിഡന്റ് സ്ഥാനം രാജിവെച്ച് ദിവസങ്ങൾക്ക് ശേഷമാണ് സംഘടനാ പദവികളിൽനിന്നുള്ള മുതിർന്ന നേതാവായ കകോലി ഘോഷിന്റെ രാജി.
മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ അധ്യക്ഷതയിൽ നടന്ന സുപ്രധാന കൂടിക്കാഴ്ചക്ക് മണിക്കൂറുകൾക്ക് ശേഷമാണ് പുതിയ സംഭവ വികാസം. കല്യാണിയിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടന്ന ഭരണ അവലോകന യോഗത്തിൽ പങ്കെടുക്കരുതെന്ന പാർട്ടിയുടെ നിർദേശം അവഗണിച്ച് അവർ യോഗത്തിൽ പങ്കെടുത്തിരുന്നു.
‘വളരെ ദുഃഖത്തോടും ആശങ്കയോടും കൂടി, അഖിലേന്ത്യാ തൃണമൂൽ മഹിളാ കോൺഗ്രസിന്റെ ചെയർപേഴ്‌സൺ സ്ഥാനത്തുനിന്നും പാർട്ടിയുടെ മറ്റ് സംഘടനാ സ്ഥാനങ്ങളിൽ നിന്നും കമ്മിറ്റികളിൽ നിന്നും ഉത്തരവാദിത്തങ്ങളിൽ നിന്നും രാജിവെക്കുന്നു’ കകോലി ഘോഷ് രാജിക്കത്തിൽ സൂചിപ്പിച്ചു. കടുത്ത മാനസിക സംഘർഷത്തിനും ദീർഘമായ ആലോചനക്കും ശേഷം താൻ സ്ഥാനമൊഴിയുകയാണെന്ന് തൃണമൂൽ പ്രസിഡന്റ് സുബ്രത ബക്ഷിക്ക് അയച്ച രാജിക്കത്തിൽ സൂചിപ്പിച്ചു. ബംഗാളിലെയും അവിടുത്തെ ജനങ്ങളുടെയും താൽപര്യങ്ങൾക്കായി ഒരു സാധാരണ പ്രവർത്തകയായി പാർട്ടിയുമായുള്ള ബന്ധം തുടരുമെന്നും അവർ വ്യക്തമാക്കി.
നേരത്തേ, പാർട്ടി നേതൃത്വത്തോടുള്ള നിരാശ പരസ്യമായി കകോലി ഘോഷ് പ്രകടിപ്പിച്ചിരുന്നു. തെരഞ്ഞെടുപ്പിലെ പ്രചാരണ തന്ത്രങ്ങളെയും നേതൃത്വത്തിന്റെ മുൻഗണനകളെയും രൂക്ഷമായി വിമർശിക്കുകയും ചെയ്തിരുന്നു.
അതേസമയം, ബരാസത് എം.പി. കൂടിയായ കകോലി എം.പി സ്ഥാനത്തുനിന്നും പാർട്ടി അംഗത്വത്തിൽനിന്നും രാജി പ്രഖ്യാപിച്ചിട്ടില്ല. ലോക്‌സഭയിലെ തൃണമൂൽ ചീഫ് വിപ്പ് സ്ഥാനത്തുനിന്ന് കഴിഞ്ഞദിവസം ഇവരെ നീക്കിയിരുന്നു. പകരം മുതിർന്ന നേതാവ് കല്യാൺ ബാനർജിക്കാണ് ചുമതല നൽകിയത്.
അതേസമയം, കകോലിയുടെ രാജിയെക്കുറിച്ച് തൃണമൂൽ കോൺഗ്രസ് ഇതുവരെ പ്രതികരിച്ചിട്ടില്ല. എന്നാൽ, സംഘടനാ ചുമതലകളിൽനിന്ന് രാജിവെച്ചതോടെ ഇവർ ബി.ജെ.പിയിൽ ചേരുമെന്ന അഭ്യൂഹവും പടർന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.