ഫീസിളവ് റദ്ദാക്കല്‍: ടിസ്സില്‍ വിദ്യാര്‍ഥി സമരം മുറുകുന്നു

മുംബൈ: പട്ടികജാതി-വര്‍ഗ, പിന്നാക്ക വിഭാഗങ്ങളിൽപ്പെട്ട വിദ്യാര്‍ഥികള്‍ക്കുള്ള ഫീസിളവ് റദ്ദാക്കിയതിനെതിരെ ടാറ്റ ഇൻസ്​റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയൻസസിലെ വിദ്യാര്‍ഥി സമരം ശക്തമാകുന്നു. കഴിഞ്ഞ ബുധനാഴ്ച തുടങ്ങിയ സമരം അധികൃതരുടെ താക്കീത് അവഗണിച്ച് ചൊവ്വാഴ്ചയും തുടര്‍ന്നു. പൂര്‍വവിദ്യാര്‍ഥികളും അധ്യാപകരും ഇതര വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികളും എഴുത്തുകാരും മറ്റു മേഖലയിലുള്ളവരും സമരത്തിന് പിന്തുണയുമായി രംഗത്തെത്തി. പ്രത്യേക വിഭാഗത്തിൽപ്പെട്ട വിദ്യാർഥികളെ ലക്ഷ്യമിട്ടാണ്​ ഇൗ നീക്കമെന്ന്​ ആരോപിക്കപ്പെടുന്നു.

മുംബൈക്ക് പുറമെ ഹൈദരാബാദ്, തുല്‍ജാപുര്‍, ഗുവാഹതി കാമ്പസുകളിലും വിദ്യാര്‍ഥികള്‍ സമരത്തിലാണ്. ഹൈദരാബാദ് കാമ്പസില്‍ ആറ് വിദ്യാര്‍ഥികള്‍ നിരാഹാര സമരം തുടങ്ങി. വിദ്യാര്‍ഥികളുമായി അധികൃതര്‍ നാല​ുതവണ ചര്‍ച്ച നടത്തിയെങ്കിലും ഫലം കണ്ടില്ല. 2016-2018 ബാച്ചുകളിലെ വിദ്യാര്‍ഥികള്‍ക്ക് ഭക്ഷണം, ഹോസ്​റ്റല്‍ ഫീസിളവ് എന്നിവ തുടരാമെന്ന് അധികൃതര്‍ പറഞ്ഞെങ്കിലും വിദ്യാര്‍ഥികള്‍ ഇത് തള്ളി. പിന്നീട് പണം അടക്കണമെന്ന് ആവശ്യപ്പെട്ടതായി വിദ്യാര്‍ഥികള്‍ പറഞ്ഞു. ജെ.എന്‍.യു, ജാമിയ മില്ലിയ ഇസ്​ലാമിയ, അലിഗഡ് മുസ്​ലിം സര്‍വകലാശാല വിദ്യാര്‍ഥികള്‍ ഡല്‍ഹി മനുഷ്യ വിഭവശേഷി വികസന വകുപ്പ് കാര്യാലയത്തിനു മുമ്പില്‍ തിങ്കളാഴ്ച പ്രതിഷേധ പ്രകടനം നടത്തുകയും നിവേദനം സമര്‍പ്പിക്കുകയും ചെയ്തെങ്കിലും സര്‍ക്കാര്‍ ഇതുവരെ ഇടപെട്ടിട്ടില്ല.  

സര്‍ക്കാര്‍ സ്കോളര്‍ഷിപ് നേടിയ പട്ടികജാതിയിലും പട്ടികവര്‍ഗത്തിലും ഒ.ബി.സിയിലും ഉൾപ്പെട്ട വിദ്യാര്‍ഥികള്‍ക്കുള്ള ഫീസിളവ്​ കഴിഞ്ഞ അധ്യയന വര്‍ഷം മുതലാണ് ടിസ്സ് നിർത്തലാക്കിയത്. ടിസിനുള്ള ഫീസ് മുഴുവനായി നല്‍കിയശേഷം സര്‍ക്കാറില്‍നിന്ന് പണം നേരിട്ട് കൈപ്പറ്റാനാണ് വിദ്യാര്‍ഥികള്‍ക്കുള്ള നിര്‍ദേശം. 2016-2018, 2017-2019 ബാച്ചുകളിലെ വിദ്യാര്‍ഥികള്‍ക്ക് ഫീസിളവ് തുടരണമെന്നാണ് വിദ്യാര്‍ഥി യൂനിയ​​െൻറ ആവശ്യം. ഫീസിളവ് മൂലമുണ്ടായ 20 കോടി രൂപയുടെ അധികബാധ്യതയാണ് ടിസ് അധികൃതര്‍ ചൂണ്ടിക്കാട്ടുന്നത്. പുതിയ നയത്തോടെ ടിസിലെത്തുന്ന പിന്നാക്ക വിദ്യാര്‍ഥികളുടെ എണ്ണം ഗണ്യമായി കുറഞ്ഞതായാണ് കണക്കുകള്‍. 2013ല്‍ 28 ശതമാനമായിരുന്നത് 2017 ആയപ്പോഴേക്കും 18 ശതമാനമായി ചുരുങ്ങി. 


 

ചുരുങ്ങി. 

Tags:    
News Summary - TISS students have been boycotting classes -India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.