ന്യൂഡൽഹി: ഇറാനിൽ കഴിഞ്ഞ മാസം കാണാതായ മൂന്ന് ഇന്ത്യക്കാരെ തെഹ്റാൻ പൊലീസ് രക്ഷിച്ചു. പഞ്ചാബിൽനിന്നുള്ള ജസ്പാൽ സിങ്, ഹുഷൻപ്രീത് സിങ്, അമൃതപാൽ സിങ് എന്നിവരെയാണ് രക്ഷിച്ചത്. തെക്കൻ തെഹ്റാനിലെ വരാമിൻ പട്ടണത്തിൽ പൊലീസ് നടത്തിയ ഓപറേഷനിലാണ് ഇവരെ തട്ടിക്കൊണ്ടുപോയവരിൽനിന്ന് മോചിപ്പിച്ചത്.
ആസ്ട്രേലിയയിലേക്കുള്ള യാത്രാമധ്യേയാണ് മൂവരും ഇറാനിലെത്തിയത്. എന്നാൽ, ഇറാനിൽ എത്തിയതിന് പിന്നാലെ മൂന്നു പേരെയും കാണാതാവുകയായിരുന്നു. ശേഷം ഒരു കോടി രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട് പാകിസ്താനി നമ്പറിൽനിന്ന് ബന്ധുക്കൾക്ക് ഫോൺ ലഭിച്ചു. തുടർന്ന് ഇന്ത്യൻ എംബസിയുടെ ഇടപെടലിൽ തെഹ്റാൻ പൊലീസ് അന്വേഷണം ഊർജിതമാക്കുകയായിരുന്നു.
മൂന്നുപേരെയും സുരക്ഷിതമായി നാട്ടിലെത്തിക്കാൻ നടപടി സ്വീകരിച്ചതായും ഇറാൻ അധികൃതരുടെ സ്തുത്യർഹമായ ഇടപെടലിന് നന്ദി അറിയിക്കുന്നതായും വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.