പ്രതീകാത്മക ചിത്രം
ചെന്നൈ: സ്ത്രീകൾക്ക് രണ്ട് സുപ്രധാന ക്ഷേമപദ്ധതികൾ പ്രഖ്യാപിച്ച് മുഖ്യമന്ത്രി സി.ജോസഫ് വിജയ്. ‘അന്നപൂർണി സൂപ്പർ സിക്സ്’ പദ്ധതിയുടെ ഭാഗമായി പ്രതിവർഷം മൂന്ന് സൗജന്യ എൽ.പി.ജി സിലിണ്ടറുകളും സംസ്ഥാനത്തുടനീളമുള്ള സർക്കാർ ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്രയും അനുവദിക്കുമെന്ന് അദ്ദേഹം നിയമസഭയിൽ പ്രഖ്യാപിച്ചു. ചട്ടം 110 പ്രകാരമാണ് മുഖ്യമന്ത്രി പ്രഖ്യാപനം നടത്തിയത്. എൽ.പി.ജി സിലിണ്ടറുകൾക്കുള്ള ധനസഹായം പൊങ്കൽ മുതൽ അനുവദിക്കും.
ഗാന്ധിജയന്തി ദിനമായ ഒക്ടോബർ രണ്ടു മുതൽ ‘വെട്രി പയനം’ എന്ന പേരിലുള്ള വിപുലീകരിച്ച സൗജന്യ ബസ് യാത്ര പദ്ധതി നടപ്പാക്കും. പദ്ധതിക്ക് വരുമാനപരിധിയുണ്ടാകില്ല. യാത്രകളുടെ എണ്ണത്തിനും നിയന്ത്രണമുണ്ടാകില്ല. സിറ്റി-ടൗൺ സർവിസുകൾക്ക് പുറമെ സർക്കാർ നടത്തുന്ന ഡീലക്സ് ബസുകളിലും സൗജന്യ യാത്ര സൗകര്യം ലഭ്യമാക്കും. ട്രാൻസ്ജെൻഡർമാരും പദ്ധതിയുടെ ഗുണഭോക്താക്കളായിരിക്കും. പദ്ധതിക്കായി പ്രതിവർഷം ഏകദേശം 6,000 കോടി രൂപ ചെലവ് വരുമെന്നാണ് സർക്കാർ കണക്കാക്കുന്നത്.
അന്നപൂർണി സൂപ്പർ സിക്സ് പദ്ധതിയുടെ ആദ്യഘട്ടത്തിൽ വർഷത്തിൽ മൂന്ന് സൗജന്യ എൽ.പി.ജി സിലിണ്ടറുകളുടെ തുക ലഭ്യമാക്കും. സിലിണ്ടറുകൾ നേരിട്ട് വിതരണം ചെയ്യുന്നതിനുപകരം തുക ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് ക്രെഡിറ്റ് ചെയ്യും. പദ്ധതിക്കായി പ്രതിവർഷം ഏകദേശം 4,000 കോടി രൂപ സർക്കാർ ചെലവഴിക്കുമെന്നാണ് റിപ്പോർട്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.