ഹൈദരാബാദ്: തന്റെ അമേരിക്കൻ യാത്രക്ക് കേന്ദ്ര സർക്കാർ അനുമതി നിഷേധിച്ചത് തെലങ്കാനയിലെ ജനങ്ങളോടുള്ള അനാദരവാണെന്നും സംസ്ഥാനത്തിന്റെ വികസനം തടയാനുള്ള കേന്ദ്ര സർക്കാരിന്റെ ബോധപൂർവ ശ്രമമാണെന്നും മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡി. യുകെ സന്ദർശനം പൂർത്തിയാക്കി ഹൈദരാബാദിൽ തിരിച്ചെത്തിയ ശേഷം നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
"ഇത് രേവന്ത് റെഡ്ഡിക്കുള്ള അനുമതി നിഷേധിക്കലല്ല, മറിച്ച് തെലങ്കാനയിലെ ജനങ്ങളോടുള്ള അനാദരവാണ്. ഗുജറാത്ത് മേധാവിത്വം കൊണ്ടാണ് ഇത് സംഭവിക്കുന്നത്. ഇത് തെലങ്കാനയുടെ വളർച്ചയെയും വികസനത്തെയും തടസ്സപ്പെടുത്തുന്നതിന് തുല്യമാണ്," എന്ന് റെഡ്ഡി പറഞ്ഞു. തെലങ്കാനയിൽ നിക്ഷേപം നടത്തുന്നതിൽ നിന്ന് കമ്പനികളെയും സ്ഥാപനങ്ങളെയും നിരുത്സാഹപ്പെടുത്താൻ കേന്ദ്രം ശ്രമിക്കുന്നതായും മുഖ്യമന്ത്രി ആരോപിച്ചു. കേന്ദ്ര തീരുമാനം ഫെഡറേഷന്റെ തത്വങ്ങൾക്ക് എതിരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ 30 മാസമായി തെലങ്കാനയുടെ വികസനത്തെ പിന്തുണയ്ക്കാൻ കേന്ദ്രം തയ്യാറാകുന്നില്ല. നരേന്ദ്ര മോദി സ്വയം ഗുജറാത്തിന്റെ അംബാസഡറായി കണക്കാക്കുന്നതുപോലെയാണ് തോന്നുന്നത്. രാജ്യത്തിന്റെ മറ്റ് ഭാഗങ്ങൾ വളരുന്നതിൽ അദ്ദേഹത്തിന് താൽപ്പര്യമില്ലെന്നും റെഡ്ഡി പറഞ്ഞു. സംസ്ഥാനത്തേക്ക് നിക്ഷേപകരെ ആകർഷിക്കുന്നതിനും മുൻനിര സർവകലാശാലകളുമായും മറ്റ് സ്ഥാപനങ്ങളുമായും പങ്കാളിത്തം സ്ഥാപിക്കുന്നതിനുമാണ് യു.എസ് സന്ദർശനം ഉദ്ദേശിച്ചിരുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
യു.കെ യാത്രക്ക് അനുമതി നൽകിയെങ്കിലും, മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ യുഎസ് സന്ദർശനത്തിന് കേന്ദ്ര സർക്കാർ രാഷ്ട്രീയ അനുമതി നിഷേധിച്ചിരുന്നു. ആഗസ്റ്റ് 23-ന് യുകെ സന്ദർശനം പൂർത്തിയാക്കിയ ശേഷം യുഎസിലേക്ക് പോകാനായിരുന്നു മുഖ്യമന്ത്രി റെഡ്ഡി നിശ്ചയിച്ചിരുന്നത്. ഡിസംബർ 7, 8, 9 തീയതികളിൽ നടക്കാനിരിക്കുന്ന 'തെലങ്കാന റൈസിങ് 2047' ഉച്ചകോടിയുടെ തയ്യാറെടുപ്പുകളുടെ ഭാഗമായിരുന്നു ഈ സന്ദർശനം. ഹാർവാർഡ് യൂണിവേഴ്സിറ്റി, മസാച്യുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, നോർത്ത് ഈസ്റ്റേൺ യൂണിവേഴ്സിറ്റി, വെർജീനിയ ടെക് എന്നിവരുമായി ചർച്ചകൾ നടത്താൻ സംസ്ഥാന സർക്കാർ പദ്ധതിയിട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.