ഇൻഡോർ: മധ്യപ്രദേശിലെ ഇൻഡോറിൽ ദേശീയ ഷൂട്ടിങ് താരത്തിനു നേരെ ലൈംഗികാതിക്രമം. നവംബർ 16ന് രാത്രി ബസ് യാത്രക്കിടെയാണ് അതിക്രമമുണ്ടായത്. ബസ് ഡ്രൈവറും കണ്ടക്ടറും സഹായിയും ഉൾപ്പെടെ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
ഭോപ്പാലിലെ ഷൂട്ടിങ് മത്സരത്തിൽ പങ്കെടുത്ത് മടങ്ങവെയാണ് അതിക്രമം നടന്നത്. നേരത്തെ ലോകകപ്പിനായി ഇൻഡോറിൽ എത്തിയ ആസ്ട്രേലിയൻ താരത്തിന് നേരെയും അതിക്രമം നടന്നിരുന്നു. ഭോപ്പാൽ നിവാസിയായ ദീപക് മാളവ്യ, ബർഖേഡി നിവാസിയായ പരമേന്ദ്ര ഗൗതം, സെഹോർ നിവാസിയായ അരവിന്ദ് വർമ്മ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
സംഭവത്തിൽ ഉൾപ്പെട്ട ഇൻഡോർ-പുനെ ബസും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.
ഷൂട്ടിങ് മത്സരത്തിൽ പങ്കെടുക്കാൻ ഭോപ്പാലിലേക്ക് പോയി നവംബർ 16ന് ഒരു സ്വകാര്യ ആഡംബര ബസിൽ പൂനെയിലേക്ക് മടങ്ങുകയായിരുന്നു താരം. യാത്രക്കിടെ ഡ്രൈവറുടെ സഹായിയായ പരമേന്ദ്ര ഗൗതം സീറ്റ് പരിശോധിക്കാനെന്ന വ്യാജേന അവരെ സമീപിക്കുകയും തെറ്റായ രീതിയിൽ സ്പർശിക്കകുയും ചെയ്തു. മദ്യപിച്ചിരുന്ന പ്രതി, സഹയാത്രികർ ശാസിച്ചിട്ടും താരത്തെ ശല്യപ്പെടുത്തുന്നത് തുടരുകയായിരുന്നു.
ബസ് രാജേന്ദ്ര നഗർ പൊലീസ് സ്റ്റേഷന് സമീപത്തെ ചെക്കിങ് പോയിന്‍റിലെത്തിയപ്പോൾ യുവതി പരാതിപ്പെടുമെന്ന മനസിലാക്കിയ പ്രതികൾ ക്ഷേത്രത്തിന് സമീപം ബസ് നിർത്തി ഓടി രക്ഷപ്പെടുകയായിരുന്നു. യുവതി ഇവരുടെ ഫോട്ടോകൾ എടുത്തിരുന്നു. പ്രതികൾ ഓടി രക്ഷപ്പെടുന്നതിന് മുൻപുവരെ മോശം പെരുമാറ്റം തുടർന്നതായി പറയുന്നു. പൊലീസ് സമ്മർദ്ദത്തെത്തുടർന്ന് മാനേജർ വിനോദ് വർമ്മ പിന്നീട് മൂന്നുപേരെയും പൊലീസ് സ്റ്റേഷനിലേക്ക് അയക്കുകയായിരുന്നു. തുടർന്ന് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി.
താരം ആദ്യം രേഖാമൂലം പരാതി നൽകി. പിന്നീട് വ്യാഴാഴ്ച മൊഴി രേഖപ്പെടുത്താൻ അഭിഭാഷകരോടൊപ്പം എത്തുകയായിരുന്നു. സ്ത്രീകളുടെ മാന്യതക്ക് ഭംഗം വരുത്തുന്ന പെരുമാറ്റം, ഉപദ്രവിക്കൽ, വാക്കാലുള്ള അധിക്ഷേപം, വധഭീഷണി തുടങ്ങിയ വകുപ്പുകൾ പ്രകാരം പ്രതികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ഓപ്പറേറ്ററുടെയും മാനേജരുടെയും പങ്കിനെക്കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണ്. പിടിച്ചെടുത്ത ബസ് ഇപ്പോഴും പോലീസ് കസ്റ്റഡിയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.