ചെന്നൈ: തൂത്തുക്കുടി വെടിവെപ്പിൽ പരിക്കേറ്റവർ ചികിത്സയിൽ കഴിയുന്ന ആശുപത്രിക്ക് മുന്നിൽ സംഘർഷം. പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവരുടെ ബന്ധുക്കൾക്ക് നേരെ മൂന്നുതവണ പൊലീസ് ലാത്തിവീശി. പൊലീസിന് നേരെ കല്ലേറുണ്ടാകുകയും ചെയ്തു. പരിക്കേറ്റവരെ സന്ദർശിക്കാൻ കലക്ടറെത്തിയപ്പോഴാണ് സംഘർഷമുണ്ടായത്. കലക്ടറെ ആശുപത്രിയിൽ പ്രവേശിക്കാൻ അനുവദിക്കില്ലെന്നും മടങ്ങിപ്പോകണമെന്നും ആവശ്യപ്പെട്ട് സമരക്കാർ രംഗത്തെത്തി. ഇതിനിടെയാണ് മക്കൾ നീതി മയ്യം നേതാവും നടനുമായ കമൽഹാസൻ ആശുപത്രിയിലെത്തിയത്. ഇതേതുടർന്ന് ജനങ്ങൾ കമലിനടുത്തേക്ക് തിരിഞ്ഞു. ഇതിനിടെ കലക്ടർ തിരിച്ചു പോയി.
കമലിനെ കണ്ട് വലിയ ജനക്കൂട്ടം തടിച്ച് കൂടുകയും സംഘർഷ സാധ്യത കൂടുകയും ചെയ്തപ്പോൾ പൊലീസ് ലാത്തി വീശുകയായിരുന്നു. ഇതേതുടർന്നാണ് പൊലീസിന് നേരെ കല്ലേറുണ്ടായത്. പൊലീസ് വാൻ കത്തിക്കുകയും ചെയ്തു. ചികിത്സയിൽ കഴിയുന്നവരുടെ കൂടെ നിൽക്കുന്നവർക്കും പൊലീസ് നടപടിയിൽ പരിക്കേറ്റു. സ്ഥലത്ത് സംഘർഷ സാധ്യത നിലനിൽക്കുകയാണ്. എം.ഡി.എം.െക നേതാവ് വൈകോയും പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവരെ സന്ദർശിച്ചിരുന്നു.
അതേസമയം, വെടിവെപ്പിൽ കൊല്ലപ്പെട്ടവരുടെ മൃതദേഹം ഇതുവരെ പോസ്റ്റ്മോർട്ടം ചെയ്തിട്ടില്ല. മജിസ്ട്രേറ്റിന്‍റെ സാന്നിധ്യത്തിൽ പോസ്റ്റ്മോർട്ടം ചെയ്യണമെന്നാണ് ബന്ധുക്കളുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.