മൂന്നാം മുന്നണി ബി.ജെ.പിക്ക് നേട്ടമാകും; പ്രതിപക്ഷ ഐക്യത്തിന് കോൺഗ്രസ് ആഹ്വാനം

ന്യൂഡൽഹി: 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ നേരിടാൻ സമാന ചിന്താഗതിയുള്ള മതേതര പാർട്ടികളെ കോൺഗ്രസ് ഒരു കുടക്കീഴിൽ അണിനിരത്തണമെന്ന് പ്രമേയം. മൂന്നാം മുന്നണി തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് നേട്ടമാകുമെന്നും ചത്തീസ്ഗഢ് തലസ്ഥാനമായ റായ്പുരിൽ നടക്കുന്ന കോൺഗ്രസ് പ്ലീനറി സമ്മേളനത്തിൽ അവതരിപ്പിച്ച പ്രമേയത്തിൽ പറയുന്നു.

‘മതനിരപേക്ഷ, സോഷ്യലിസ്റ്റ് ശക്തികളുടെ ഐക്യമായിരിക്കും കോൺഗ്രസ് പാർട്ടിയുടെ ഭാവിയുടെ മുഖമുദ്ര. സമാന ചിന്താഗതിയുള്ള മതേതര ശക്തികളെ ഒരു കുടക്കീഴിൽ അണിനിരത്താൻ കോൺഗ്രസ് എല്ലാ ശ്രമങ്ങളും നടത്തണം. നമ്മുടെ പ്രത്യയശാസ്ത്രത്തോട് യോജിക്കുന്ന മതേതര പ്രാദേശിക ശക്തികളെ ഉൾപ്പെടുത്തണം. ഒരു പൊതു പ്രത്യയശാസ്‌ത്രത്തിന്‍റെ അടിസ്ഥാനത്തിൽ എൻ.ഡിഎയെ നേരിടാൻ പ്രതിപക്ഷ ഐക്യം അടിയന്തര ആവശ്യമാണ്. ഏതെങ്കിലും മൂന്നാം മുന്നണിയുടെ വരവ് ബി.ജെ.പി/എൻ.ഡി.എക്കാണ് നേട്ടമാകും’ -പ്രമേയത്തിൽ പറയുന്നു.

ലോക്സഭ തെരഞ്ഞെടുപ്പിൽ സമാനമനസ്കരായ പാർട്ടികളുമായി സഹകരിക്കാനാണ് കോൺഗ്രസ് നീക്കമെന്ന് പ്ലീനറി സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെ പാർട്ടി അധ്യക്ഷൻ മല്ലികാർജുർ ഖാർഗെ പറഞ്ഞു. ഇന്നത്തെ ദുഷ്‌കരമായ സാഹചര്യത്തിൽ, കഴിവുള്ളതും നിർണായകവുമായ നേതൃത്വം നൽകാൻ കഴിയുന്ന രാജ്യത്തെ ഒരേയൊരു പാർട്ടി കോൺഗ്രസാണെന്നും അദ്ദേഹം വ്യക്തമാക്കി.

2004 മുതൽ 2014 വരെ കോൺഗ്രസ് നേതൃത്വത്തിലുള്ള സഖ്യമാണ് രാജ്യം ഭരിച്ചതെന്നും ഖാർഗെ അഭിപ്രായപ്പെട്ടു. ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി പ്രാദേശിക പാർട്ടികളുടെ നേതൃത്വത്തിൽ മൂന്നാം മുന്നണിക്കുള്ള ശ്രമങ്ങൾ നടക്കുന്നതിനിടെയാണ് കോൺഗ്രസ് വീണ്ടും പ്രതിപക്ഷ ഏക്യത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

ബി.ജെ.പിക്കെതിരെ മൂന്നാം മുന്നണി രൂപവത്കരിക്കുന്നതിനായി തെലുങ്കാന മുഖ്യമന്ത്രിയും ടി.ആർ.എസ് അധ്യക്ഷനുമായ കെ. ചന്ദ്രശേഖർ റാവു ഉദ്ധവ് താക്കറെ, ശരത് പവാർ ഉൾപ്പെടെയുള്ള നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

Tags:    
News Summary - Third Front Will Help BJP": Congress Moves For Unified 2024 Opposition

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.