മുംബൈ: വിമതനീക്കത്തിൽ മുഖ്യമന്ത്രിപദമൊഴിഞ്ഞ് പാർട്ടിയെ അരക്കിട്ടുറപ്പിക്കാൻ ഇറങ്ങിത്തിരിച്ച ശിവസേന അധ്യക്ഷൻ ഉദ്ധവ് താക്കറെക്ക് കാര്യങ്ങളിനി അത്ര എളുപ്പമാകില്ല. ഏക്നാഥ് ഷിൻഡെയിലൂടെ സർക്കാറിനെ മറിച്ചിടുക മാത്രമല്ല ഉദ്ധവിനെ അടിമുടി തകർക്കുകയുമാണ് ലക്ഷ്യമെന്ന് ബി.ജെ.പി പറയാതെ പറയുന്നു.
ഏക്നാഥ് ഷിൻഡെയെ മുഖ്യമന്ത്രിയാക്കുന്നതിലൂടെ ബി.ജെ.പി നൽകുന്ന സൂചന അതാണ്. 'ഹിന്ദു സമ്രാട്ട്' ബാൽതാക്കറെയുടെ ഹിന്ദുത്വക്കാണ് പിന്തുണയെന്ന് ഷിൻഡെയെ മുഖ്യനായി പ്രഖ്യാപിക്കെ ബി.ജെ.പി നേതാവ് ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞതും ശ്രദ്ധേയമാണ്. 2019ൽ ഒന്നിച്ച് മത്സരിച്ചിട്ടും ഒടുവിൽ കാലുമാറി ഫഡ്നാവിസിനെയും അമിത് ഷായെയും അപമാനിച്ചതിലുള്ള പകയാണ് ബി.ജെ.പി ചെയ്യുന്നത്.
വിമതർ യഥാർഥ ശിവസേന തങ്ങളാണെന്ന അവകാശവാദവുമായി കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷനെ സമീപിക്കുന്നപക്ഷം തർക്കമുണ്ടാകുകയും ശിവസേനയുടെ 'അമ്പും വില്ലും' ചിഹ്നം മരവിപ്പിക്കപ്പെടുകയും ചെയ്തേക്കാം. നഗരസഭ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ നീക്കം ഔദ്യോഗിക പക്ഷത്തിന് തിരിച്ചടിയാകും. പതിറ്റാണ്ടുകളായി ശിവസേന വാഴുന്ന മുംബൈ നഗരസഭ പിടിച്ചെടുക്കുകകൂടിയാണ് ബി.ജെ.പിയുടെ ലക്ഷ്യം. അതേസമയം, 55 പാർട്ടി എം.എൽ.എമാരിൽ 39 പേർ ഒപ്പമുണ്ടെങ്കിലും പാർട്ടി പിടിച്ചെടുക്കൽ ഷിൻഡെക്ക് അത്ര എളുപ്പമാകില്ല.
കോൺഗ്രസും എൻ.സി.പിയുമായി സഖ്യത്തിലായത് മുതൽ മാറ്റിവെച്ച കടുത്ത ഹിന്ദുത്വയുമായി ഉദ്ധവിന് രംഗത്തിറങ്ങേണ്ടിവരും. അതിന്റെ തുടക്കമാണ് അവസാന മന്ത്രിസഭ യോഗത്തിലെ ഔറംഗാബാദിന്റെ പേര് മാറ്റൽ. മൃദുഹിന്ദുത്വവുമായി വിമതരോടും ബി.ജെ.പിയോടും പിടിച്ചുനിൽക്കാൻ കഴിയില്ല. അണികളിൽ വിശ്വാസവും താക്കറെയുടെ കടുത്ത ഹിന്ദുത്വ പാരമ്പര്യവും വീണ്ടെടുക്കാൻ ഉദ്ധവ് കഠിനാധ്വാനം ചെയ്യേണ്ടിവരും. പാർട്ടിയെ നിലനിർത്താൻ നിയമപോരാട്ടങ്ങളും അഭിമുഖീകരിക്കേണ്ടിവരും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.