സുപ്രീംകോടതി 

എസ്.ഐ.ആറിന് സ്റ്റേയില്ല; ഹരജികളിൽ 26ന് വിശദമായി വാദം കേൾക്കും

ന്യൂഡൽഹി: എസ്.ഐ.ആറിന് എതിരായി സംസ്ഥാന സർക്കാറും വിവിധ രാഷ്ട്രീയപാർട്ടികളും നൽകിയ ഹരജികളിൽ സുപ്രീംകോടതി സ്റ്റേ അനുവദിച്ചില്ല. ഹരജികൾ നവംബർ 26ന് വീണ്ടും പരിഗണിക്കും. വിശദമായ വാദംകേട്ടതിന് ശേഷം സ്റ്റേ വേണോയെന്ന കാര്യത്തിൽ തീരുമാനമെടുക്കും. കേരളത്തിന്റെ എസ്.ഐ.ആറുമായി ബന്ധപ്പെട്ട ഹരജികൾ പ്രത്യേകമായി കേൾക്കുമെന്നും സുപ്രീംകോടതി അറിയിച്ചു.

ഇന്ന് ഹരജികൾ പരിഗണിച്ചപ്പോൾ തെരഞ്ഞെടുപ്പ് കമീഷന്റെ അഭിഭാഷകൻ കോടതിയിൽ ഹാജരായിരുന്നില്ല. തെരഞ്ഞെടുപ്പ് കമീഷന്റെ അഭിഭാഷകന്റെ കൂടി അഭിപ്രായം കേട്ടശേഷം ഇക്കാര്യത്തിൽ തീരുമാനമെടുക്കാമെന്നും കുറച്ച് ദിവസം കാത്തിരിക്കുവെന്നും സുപ്രീംകോടതി ഹരജിക്കാരോട് പറഞ്ഞു. നിയുക്ത ചീഫ് ജസ്റ്റിസ് സൂര്യകാന്ത് മിശ്രയാണ് ഹരജികൾ പരിഗണിച്ചത്.

കേരള സർക്കാറിനു പുറമെ, സി.പി.എം, കോൺഗ്രസ്, മുസ്‍ലിം ലീഗ് എന്നീ പാർട്ടികൾ സമർപ്പിച്ച ഹരജികളാണ് ഇന്ന് കോടതി പരിഗണിച്ചത്. കേരളത്തിലെ വോട്ടർപട്ടിക തീവ്ര പരിഷ്കരണത്തിൽ അടിയന്തര സ്റ്റേ വേണമെന്നാണ് ഹരജിക്കാരുടെ ആവശ്യം. ഇതിനൊപ്പം എസ്.ഐ.ആർ ഭരണഘടനവിരുദ്ധമാണെന്ന വാദവും ഹരജിക്കാർ ഉയർത്തുന്നുണ്ട്.

അതേസമയം സംസ്ഥാനത്തെ എസ്.ഐ.ആർ നടപടികളുമായി മുന്നോട്ടുപോകുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ ഖേൽക്കർ വാർത്ത സമ്മേളനത്തിൽ അറിയിച്ചിരുന്നു. കേരളത്തിൽ 99 ശതമാനം എസ്.ഐ.ആർ ഫോമുകളും ബി.എൽ.ഒമാർ വിതരണം ചെയ്തുകഴിഞ്ഞു. അത് തിരികെ വാങ്ങുന്നതാണ് ഇനിയുള്ള ജോലി. അതിനായി ബൂത്തുതലത്തിൽ ക്യാമ്പുകൾ ഉൾപ്പടെ സംഘടിപ്പിക്കുന്നതിനുള്ള സാധ്യതകൾ പരിശോധിക്കും.

ബി.എൽ.ഒമാർ കമീഷന്റെ അവിഭാജ്യ ഘടകമാണ്. എസ്.ഐ.ആർ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന ബി.എൽ.ഒമാരെ ഭീഷണിപ്പെടുത്താനുള്ള ശ്രമങ്ങൾ ചില കോണുകളിൽ നിന്നും ഉണ്ടാവുന്നുണ്ട്. ഇത് അംഗീകരിക്കാനാവില്ല. ബി.എൽ.ഒമാരുടെ ജോലി തടസപ്പെടുത്തുന്നവർക്കെതിരെ ക്രിമിനൽ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.


Tags:    
News Summary - There is no stay on SIR; detailed hearing on the petitions will be held on the 26th

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.