സംഭാവനയായി ക്ഷേത്രങ്ങൾക്ക് ലഭിച്ച 1,000 കിലോയിലധികം സ്വർണം ഉരുക്കി ക്ഷേത്ര വികസനത്തിന് ഉപയോഗിക്കാനൊരുങ്ങി തമിഴ്നാട് സർക്കാർ

ചെന്നൈ: ക്ഷേത്രങ്ങളിൽ ഭക്തർ സംഭാവനയായി അർപ്പിച്ചതും ഉപയോഗിക്കാതെ കിടക്കുന്നതുമായ സ്വർണങ്ങളിൽ നിന്നും പണം സമ്പാദിക്കാനൊരുങ്ങി തമിഴ്നാട് സർക്കാർ. 1,000 കിലോയിലധികം സ്വർണം ഉരുക്കി 24 കാരറ്റ് സ്വർണ്ണക്കട്ടികളാക്കി മാറ്റാനാണ് സർക്കാർ തീരുമാനം. ഈ സ്വർണം നിക്ഷേപ പദ്ധതി പ്രകാരം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ (എസ്.ബി.ഐ) നിക്ഷേപിക്കുകയും പ്രതിവർഷം 17.81 കോടി രൂപയുടെ പലിശ ലഭിക്കുമെന്നും സർക്കാർ പറഞ്ഞു.

മുംബൈയിലെ സർക്കാർ അംഗീകൃത സ്ഥാപനങ്ങളിലാണ് സ്വർണം ഉരുക്കുന്നത്. ഈ നിക്ഷേപം മൂലം ലഭിക്കുന്ന പണം ക്ഷേത്രങ്ങളുടെ നടത്തിപ്പിനും വികസനത്തിനുമായി ഉപയോഗിക്കുമെന്ന് ഹിന്ദു റിലീജിയസ് ആൻഡ് ചാരിറ്റബിൾ എൻഡോവ്മെന്റ് (എച്ച്.ആർ&സി.ഇ) മന്ത്രിയായ പി.കെ ശേഖർ ബാബു നിയമസഭയിൽ പ്രഖ്യാപിച്ചു.

2025 മാർച്ച് 31ലെ കണക്കനുസരിച്ച്, 21 ക്ഷേത്രങ്ങളിൽ നിന്ന് ശേഖരിച്ച ആകെ സ്വർണം 10,74,123.488 ഗ്രാം ആണ്. ഏറ്റവും കൂടുതൽ സംഭാവന ലഭിച്ചത് തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളി ജില്ലയിൽ സ്ഥിതി ചെയ്യുന്ന സമയപുരത്തെ 'അരുൾമിഗു മാരിയമ്മൻ ക്ഷേത്രത്തിൽ' നിന്നാണ്. ഏകദേശം 424.26 കിലോഗ്രാം സ്വർണ്ണമാണ് ഇവിടെ നിന്നും ലഭിച്ചതെന്ന് മന്ത്രി പറഞ്ഞു.

പദ്ധതിയുടെ സുഖമമായ നടത്തിപ്പിന് മൂന്ന് പ്രാദേശിക കമ്മിറ്റികളെ സർക്കാർ രൂപീകരിച്ചിട്ടുണ്ട്. ഓരോ കമ്മിറ്റിയും വിരമിച്ച ജഡ്ജിയുടെ നേതൃത്വത്തിലാകും പ്രവർത്തിക്കുക. സ്വർണത്തിന് പിന്നാലെ ഉപയോഗിക്കാത്ത വെള്ളിയും ഉരുക്കാൻ ക്ഷേത്രങ്ങൾക്ക് സർക്കാർ അനുമതി നൽകിയിട്ടുണ്ട്. ഇതുപ്രകാരം വെള്ളി ഉരുക്കുന്ന പ്രക്രിയ നിലവിൽ നടന്നുകൊണ്ടിരിക്കുകയാണ്. ഇത് സർക്കാർ അംഗീകാരമുള്ള സ്വകാര്യ കമ്പനികൾ ജഡ്ജിമാരുടെ നേതൃത്വത്തിലുള്ള പ്രാദേശിക കമ്മിറ്റികളുടെ മേൽനോട്ടത്തിൽ ക്ഷേത്രത്തിൽ വെച്ചാണ് നടപ്പാക്കുക. വെള്ളി ഉരുക്കൽ പ്രക്രിയ ആരംഭിച്ചതായി മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. 

Tags:    
News Summary - The Tamil Nadu government is planning to melt down over 1,000 kg of gold donated to temples and use it for temple development.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.