ന്യൂഡൽഹി: വിദ്വേഷപ്രചാരണം നടത്തിയ ബി.ജെ.പി വനിതാനേതാവിനെ ജഡ്ജിയാക്കുന്നതുമായി ബന്ധപ്പെട്ട് തിങ്കളാഴ്ചയും ചൊവ്വാഴ്ചയുമായി സുപ്രീംകോടതി സാക്ഷിയായത് നാടകീയരംഗങ്ങൾക്ക്. ഹരജി വെള്ളിയാഴ്ച സുപ്രീംകോടതി പരിഗണിക്കാൻ വെച്ചപ്പോഴാണ് കേന്ദ്രസർക്കാർ അവരെ നിയമിക്കാനുള്ള അടിയന്തര നിയമന ഉത്തരവിറക്കിയത്.
അതോടെ നേരത്തെയാക്കി ചൊവ്വാഴ്ചതന്നെ ഹരജി പരിഗണിക്കുമെന്ന് സുപ്രീംകോടതി വ്യക്തമാക്കിയപ്പോൾ അവരുടെ സത്യപ്രതിജ്ഞ കോടതി കേസ് എടുക്കുന്നതിനുമുമ്പ് രാവിലെ 10.30ന് നിശ്ചയിച്ച് മദ്രാസ് ഹൈകോടതി ആക്ടിങ് ചീഫ് ജസ്റ്റിസ് തിങ്കളാഴ്ച രാത്രി സർക്കുലർ ഇറക്കി.
അതോടെ രാവിലെ ഏഴരക്ക് ഹരജി സത്യപ്രതിജ്ഞക്ക് മുമ്പ് അടിയന്തരമായി കേൾക്കാൻ ഹരജിക്കാരുടെ അഭിഭാഷകർ സുപ്രീംകോടതി രജിസ്ട്രാറോട് ആവശ്യപ്പെട്ടു. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, എം.എം. സുന്ദരേഷ് എന്നിവർ രാവിലെ 9.15ന് കേൾക്കുമെന്ന് രജിസ്ട്രാറുടെ അറിയിപ്പ്.
എന്നാൽ, അതിന് പിന്നാലെ വിക്ടോറിയ ഗൗരിയുടെ കാര്യത്തിൽ ശിപാർശക്ക് മുമ്പ് കൊളീജിയം കൂടിയാലോചന നടത്തിയ ജസ്റ്റിസ് സുന്ദരേഷ് കേസ് കേൾക്കുന്ന ബെഞ്ചിൽനിന്ന് പിന്മാറി. ഗൗരിയെ ജഡ്ജിയാക്കാൻ ശിപാർശ ചെയ്ത കൊളീജിയത്തിന്റെ അധ്യക്ഷൻ കൂടിയായ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് കേൾക്കുമെന്ന അറിയിപ്പാണ് പിന്നീട് അഭിഭാഷകർക്ക് കിട്ടിയത്.
ആ കോടതിയിൽ അഭിഭാഷകർ പോയിരുന്ന് അരമണിക്കൂറായിട്ടും കേന്ദ്രത്തിന്റെ അഭിഭാഷകരും സുപ്രീംകോടതി ജഡ്ജിമാരും വന്നില്ല. അതിന് പിന്നാലെ വീണ്ടും ബെഞ്ച് മാറിയെന്ന അറിയിപ്പുകിട്ടി.
നേരത്തെ നിശ്ചയിച്ച ജസ്റ്റിസ് സഞ്ജീവ് ഖന്നയോടൊപ്പം ജസ്റ്റിസ് ബി.ആർ. ഗവായ് കൂടി അടങ്ങുന്ന ബെഞ്ചാണ് കേസ് കേൾക്കുകയെന്ന് കേട്ട് ഒന്നാം നമ്പർ കോടതിയിൽനിന്ന് എല്ലാവരും ഏഴാം നമ്പർ കോടതിയിലേക്ക് പോയി. എന്നാൽ, 9.15ന് പരിഗണിക്കുമെന്ന് പറഞ്ഞ കേസ് കേൾക്കാൻ ജഡ്ജിമാർ മാത്രം വന്നില്ല.
പിന്നീട് കേസ് രാവിലെ 10.30നായിരിക്കും പരിഗണിക്കുകയെന്ന് അറിയിച്ച് കോടതിമുറിക്ക് പുറത്ത് പുതിയ കേസ് പട്ടിക തൂക്കി. 10.35ന് നിശ്ചയിച്ച സത്യപ്രതിജ്ഞക്കുള്ള ഒരുക്കങ്ങൾ നടക്കുന്നതിനിടെ 10.25ന് കോടതിമുറിയിലെത്തിയ ജഡ്ജിമാർ അഞ്ച് മിനിറ്റ് നേരത്തെ കേസ് കേൾക്കുകയാണെന്ന് പറഞ്ഞ് കേട്ടാണ് സത്യപ്രതിജ്ഞയും കഴിഞ്ഞ് കേസ് തള്ളിയത്.
സുപ്രീംകോടതി ഹരജിക്കിടെ അടിയന്തര നിയമന ഉത്തരവിറക്കിയ കേന്ദ്രസർക്കാറിന്റെയും രാത്രി അടിയന്തര സത്യപ്രതിജ്ഞാ സർക്കുലർ ഇറക്കിയ മദ്രാസ് ഹൈകോടതി ആക്ടിങ് ചീഫ് ജസ്റ്റിസിന്റെയും സംശയാസ്പദമായ നീക്കങ്ങൾ ശ്രദ്ധയിൽപെടുത്തിയപ്പോൾ അത്തരം കാര്യങ്ങളിലേക്ക് കടക്കേണ്ടതില്ലെന്നാണ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അഭിഭാഷകരോട് ആവശ്യപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.