ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിന്റെ എഴാംഘട്ട പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. യു.പി, പശ്ചിമ ബംഗാൾ, പഞ്ചാബ് അടക്കം ഏഴ് സംസ്ഥാനങ്ങളിലെയും ഒരു കേന്ദ്രഭരണ പ്രദേശത്തെയും 57 സീറ്റുകളിലേക്കാണ് ജൂൺ ഒന്നിന് വോട്ടെടുപ്പ് നടക്കുക.
പഞ്ചാബ്, യു.പി സംസ്ഥാനങ്ങളിൽ 13 വീതവും പശ്ചിമ ബംഗാൾ (ഒമ്പത്), ബിഹാർ (എട്ട്), ഒഡിഷ (ആറ്), ഹിമാചൽ പ്രദേശ് (നാല്), ഝാർഖണ്ഡ് (മൂന്ന്), കേന്ദ്രഭരണ പ്രദേശമായ ചണ്ഡിഗഢിൽ ഒരു മണ്ഡലം എന്നിങ്ങനെയാണ് ജനവിധി തേടുന്ന 57 സീറ്റുകൾ.
അവസാനഘട്ട വോട്ടെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, ബോളിവുഡ് നടി കങ്കണ റാവത്ത്, കോൺഗ്രസ് നേതാവ് ആനന്ദ് ശർമ, തൃണമൂൽ കോൺഗ്രസ് (ടി.എം.സി) ദേശീയ ഉപാധ്യക്ഷൻ അഭിഷേക് ബാനർജി, മുൻ കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ്, ലാലുപ്രസാദിന്റെ മകൾ മിർസ എന്നിവരാണ് ജനവിധി തേടുന്ന പ്രമുഖർ.
കഴിഞ്ഞ തവണ 57 സീറ്റിൽ എൻ.ഡി.എക്ക് 32ഉം യു.പി.എക്ക് ഒമ്പതും സീറ്റുകളാണ് ലഭിച്ചത്. 16 സീറ്റുകളിലായി തൃണമൂൽ കോൺഗ്രസ്, ബിജു ജനതാദൾ (ബി.ജെ.ഡി) പാർട്ടികൾ വിജയം നേടി. ഇക്കുറി രാഷ്ട്രീയ സമവാക്യം മാറിയതും കർഷക സമരവും തൊഴിലില്ലായ്മയും വിലക്കയറ്റവുമെല്ലാം ബി.ജെ.പിക്ക് തിരിച്ചടിയുണ്ടാക്കും. ആ അർഥത്തിൽ നേരിയ മുൻതൂക്കം ഇൻഡ്യ മുന്നണിക്കുണ്ട്.
പഞ്ചാബിൽ ശിരോമണി അകാലിദൾ (എസ്.എ.ഡി) എൻ.ഡി.എ സഖ്യം വിട്ടതും ഝാർഖണ്ഡിൽ ഹേമന്ദ് സോറന്റെ അറസ്റ്റിനെ തുടർന്നുണ്ടായ സഹതാപ തരംഗവും ബി.ജെ.പിക്ക് സീറ്റുകൾ കുറയാൻ കാരണമാകും. ബിഹാറിൽ ആർ.ജെ.ഡി, കോൺഗ്രസ്, ഇടത് പാർട്ടികളടങ്ങിയ ഇൻഡ്യ മുന്നണി സജീവമാണ്.
യു.പിയിലെ 13 സീറ്റിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മത്സരിക്കുന്ന വാരാണസി ഉൾപ്പെടെ 12ലും എൻ.ഡി.എക്കായിരുന്നു വിജയം. ഒരു സീറ്റിൽ ബി.എസ്.പി വിജയിച്ചു. എൻ.ഡി.എ സ്ഥാനാർഥികൾ നേരിയ ഭൂരിപക്ഷത്തിന് വിജയിച്ച ബല്ലിയ, ചന്ദൗലി, റോബേർട്സ്ഗഞ്ജ്, ബി.എസ്.പി സ്ഥാനാർഥി വിജയിച്ച ഗാസിപൂർ എന്നിവടങ്ങളിൽ ഇൻഡ്യ മുന്നണി വിജയപ്രതീക്ഷയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.