രണ്ടു റഷ്യൻ പൗരന്മാരുടെ ‘അസ്വാഭാവിക’ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കും

ഭുവനേശ്വർ\ന്യൂഡൽഹി: റഷ്യൻ രാഷ്ട്രീയ നേതാവ് ഉൾപ്പെടെ രണ്ടു റഷ്യൻ പൗരന്മാർ ഒഡിഷയിൽ രായഗഡ ജില്ലയിലെ ഒരേ ഹോട്ടലിൽ അസ്വാഭാവികമായി മരിച്ച സംഭവത്തിൽ ഒഡിഷ ഡി.ജി.പി സുനിൽ കുമാർ ബൻസാൽ ക്രൈംബ്രാഞ്ച് സി .ഐ.ഡി അന്വേഷണത്തിന് ഉത്തരവിട്ടു.

ലെജിസ്ലേറ്റിവ് അസംബ്ലി അംഗവും കോടീശ്വരനും വ്യവസായിയുമായ പാവേൽ ആന്റോവ് (65) ഡിസംബർ 24ന് ഹോട്ടലിന്റെ മൂന്നാം നിലയിൽനിന്ന് വീണു മരിച്ചതായാണ് റിപ്പോർട്ട്. ശനിയാഴ്ച ഹോട്ടലിനു പുറത്ത് രക്തത്തിൽ കുളിച്ചുകിടക്കുന്ന നിലയിൽ കണ്ടെത്തുകയായിരുന്നു. സുഹൃത്ത് വ്ലാദിമിർ ബിഡെനോവിനെ ഡിസംബർ 22ന് മുറിയിൽ മരിച്ചനിലയിലും കണ്ടെത്തിയിരുന്നു.

അതേസമയം, രണ്ടു റഷ്യൻ പൗരന്മാരുടെ മരണത്തിനു ക്രിമിനൽ ബന്ധമൊന്നും പൊലീസ് കണ്ടെത്തിയിട്ടില്ലെന്ന് റഷ്യൻ എംബസി അറിയിച്ചു. റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിന്റെ വിമർശകർ റഷ്യയിലും സമാന രീതിയിൽ മരിച്ചതിനാലാണ് സംശയം ഉയർന്നത്. ആന്റോവ് അടുത്തിടെ യുക്രെയ്നെതിരായ റഷ്യയുടെ ആക്രമണങ്ങളെ വിമർശിച്ചിരുന്നുവെങ്കിലും പിന്നീട് പ്രസ്താവന പിൻവലിച്ചതായി റിപ്പോർട്ടുകൾ പറയുന്നു.

രായഗഡ പൊലീസ് അന്വേഷിക്കുന്ന കേസ് സി.ഐ.ഡി-ക്രൈംബ്രാഞ്ച് ഏറ്റെടുക്കാൻ ഒഡിഷ ഡി.ജി.പി ചൊവ്വാഴ്ച ഉത്തരവിട്ടതായി പൊലീസ് ട്വിറ്ററിൽ പറഞ്ഞു. തന്റെ 66ാം ജന്മദിനം ആഘോഷിക്കാൻ ടൂറിസ്റ്റ് വിസയിൽ ബിഡെനോവിനും മറ്റുരണ്ട് സുഹൃത്തുക്കൾക്കുമൊപ്പം ആന്റോവ് രായഗഡയിൽ എത്തിയതാണെന്ന് പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ഗൈഡ് ജിതേന്ദ്ര സിങ്ങിനൊപ്പം കഴിഞ്ഞ ബുധനാഴ്ചയാണ് രായഗഡ ടൗണിലെ ഹോട്ടലിൽ ഇവർ മുറിയെടുത്തത്.

സംഘത്തിലുള്ള മറ്റ് രണ്ടുപേരെ ചോദ്യം ചെയ്തു വരുകയാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഒന്നാം നിലയിലെ ഹോട്ടൽമുറിയിൽ ഒഴിഞ്ഞ വൈൻ കുപ്പികൾക്കൊപ്പം ബിഡെനോവിനെ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു. ജില്ല ആശുപത്രിയിൽ എത്തിച്ചപ്പോൾ മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു.

ബിഡെനോവിന്റെ അന്ത്യകർമങ്ങൾ രായഗഡയിൽ നടന്നു. എന്നാൽ, ആന്റോവിന്റെ ഭൗതികദേഹം പൊലീസ് സൂക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. ബിഡെനോവിന്റെ മരണത്തെത്തുടർന്ന് ആന്റോവ് അസ്വസ്ഥനായിരുന്നുവെന്നും വിഷാദാവസ്ഥയിലായിരുന്നുവെന്നും ഹോട്ടൽ ഉടമ കൗശിക് തക്കർ പറഞ്ഞു.

Tags:    
News Summary - The crime branch will investigate the 'unnatural' death of two Russian nationals

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.