ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയിൽ, നാവികർ കൊല്ലപ്പെട്ട വിഷയത്തിൽ മൗനം പാലിച്ചതിൽ രൂക്ഷ വിമർശനവുമായി കോൺഗ്രസ്.ഇന്ത്യയുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിൽ പ്രധാനമന്ത്രി പരാജയപ്പെട്ടുവെന്നും അമേരിക്കക്കുമുന്നിൽ രാജ്യം ഭയന്നുനിൽക്കുകയാണെന്നും കോൺഗ്രസ് നേതാവ് പവൻ ഖേര പറഞ്ഞു. ഇന്ത്യയെ സ്നേഹിക്കുന്ന ഏതൊരു പൗരന്റെയും തല ലജ്ജയാൽ കുനിയുന്ന ദൃശ്യങ്ങളാണ് കഴിഞ്ഞ ദിവസം കണ്ടത്.
ട്രംപിന് മുന്നിൽ പ്രധാനമന്ത്രി മോദി കൈകൾ വിറച്ച്, കുനിഞ്ഞിരുന്ന് പേപ്പർ നോക്കി ‘എക്സലൻസി, എക്സലൻസി’ എന്ന് വിളിക്കുകയായിരുന്നു. പരിഭാഷകൻ പോലും ഈ വാക്ക് മാറ്റി ‘മിസ്റ്റർ പ്രസിഡന്റ്’ എന്നാണ് ഉപയോഗിച്ചത്.150 കോടി ജനങ്ങളെ പ്രതിനിധീകരിക്കുന്ന നേതാവിനെപ്പോലെയല്ല, മറിച്ച് കമ്പനിയുടെ ഏജന്റ് അതിന്റെ ഉടമസ്ഥനോട് സംസാരിക്കുന്ന രീതിയിലാണ് മോദി പെരുമാറിയതെന്നും ഇത് രാജ്യത്തിന് വലിയ നാണക്കേടാണ് ഉണ്ടാക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആത്മവിശ്വാസത്തോടെ എങ്ങനെ മറുപടി നൽകണമെന്ന് ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയെ കണ്ടെങ്കിലും പ്രധാനമന്ത്രി പഠിക്കണം. നാവികരുടെ മരണത്തെക്കുറിച്ച് ചോദിക്കുന്നതിനുപകരം സ്വന്തം ചർമത്തിന്റെ ഭംഗിയെക്കുറിച്ച ട്രംപിന്റെ പുകഴ്ത്തൽ കേട്ട് മോദി സന്തോഷിക്കുകയായിരുന്നു. രാജസ്ഥാനിലും ഹരിയാനയിലും പേപ്പർ നോക്കി മാത്രം സംസാരിക്കുന്ന മുഖ്യമന്ത്രിമാരുള്ളതുപോലെ, ഇപ്പോൾ ‘എക്സലൻസി’ എന്ന് വിളിക്കാൻ പോലും പേപ്പർ കഷ്ണം നോക്കേണ്ടി വരുന്ന പ്രധാനമന്ത്രിയാണ് ഇന്ത്യക്കുള്ളതെന്നും എ.ഐ.സി.സി ആസ്ഥാനത്ത് നടന്ന വാർത്തസമ്മേളനത്തിൽ പവൻ ഖേര പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.