ജയ്‌സാൽമീർ: ഐ.യു.സി.എൻ. റെഡ് ലിസ്റ്റിൽ ഉൾപ്പെടുത്തിയ അതീവ വംശനാശഭീഷണി നേരിടുന്ന ഗ്രേറ്റ് ഇന്ത്യൻ ബസ്റ്റാർഡ് പക്ഷികളുടെ സംരക്ഷണത്തിൽ ചരിത്രപരമായ ഒരു നാഴികക്കല്ല് പിന്നിട്ടു. രാജസ്ഥാനിലെ പ്രജനന കേന്ദ്രങ്ങളിൽ മൂന്ന് പുതിയ കുഞ്ഞുങ്ങൾ കൂടി വിരിഞ്ഞതോടെ പക്ഷികളുടെ എണ്ണം 94 ആയി ഉയർന്നു. ഇതിൽ രണ്ട് കുഞ്ഞുങ്ങൾ കൃത്രിമ ബീജസങ്കലനത്തിലൂടെയാണ് ജനിച്ചത്.
രാജസ്ഥാന്റെ സംസ്ഥാന പക്ഷിയായ ഗ്രേറ്റ് ഇന്ത്യൻ ബസ്റ്റാർഡ് (പ്രാദേശിക പേര് ഗോഡാവൻ) ലോകത്തിൽ പറക്കാൻ കഴിയുന്ന ഏറ്റവും ഭാരമേറിയ പക്ഷികളിലൊന്നാണ്. ഇവയുടെ സംരക്ഷണ പദ്ധതിയായ 'പ്രോജക്ട് ജി.ഐ.ബി'-യുടെ കീഴിൽ 2018 മുതൽ നടത്തിവരുന്ന ക്യാപ്റ്റീവ് ബ്രീഡിംഗ് (കൂട്ടിനുള്ളിലെ പ്രജനന) പരിപാടിയുടെ ഏറ്റവും പുതിയ വിജയമാണിത്. പക്ഷികളുടെ പ്രജനന കാലം ഇപ്പോഴും തുടരുന്നതിനാൽ വരും ആഴ്ചകളിൽ എണ്ണം ഇനിയും വർദ്ധിക്കുമെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ പ്രതീക്ഷ.
ലോകത്തിൽ വംശനാശഭീഷണി നേരിടുന്ന പക്ഷി വർഗ്ഗങ്ങളിലൊന്നിനെ രക്ഷിക്കാനുള്ള ശ്രമങ്ങളിലെ സുപ്രധാന വിജയമാണിതെന്ന് കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രി ഭൂപേന്ദർ യാദവ് പറഞ്ഞു. ഡെസേർട്ട് നാഷണൽ പാർക്ക് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ നൽകുന്ന ഒദ്യോഗിക വിവരമനുസരിച്ച്, ഒരു കുഞ്ഞ് കാട്ടിൽ നിന്ന് സുരക്ഷിതമായി ശേഖരിച്ച മുട്ടയിൽ നിന്നും മറ്റ് രണ്ടെണ്ണം പ്രജനന കേന്ദ്രത്തിൽ കൃത്രിമ ബീജസങ്കലനത്തിലൂടെ ലഭിച്ച മുട്ടകളിൽ നിന്നുമാണ് വിരിഞ്ഞത്.
ഈ ഒരു പ്രജനന സീസണിൽ മാത്രം ആകെ 26 കുഞ്ഞുങ്ങളാണ് പ്രജനന കേന്ദ്രത്തിൽ വിരിഞ്ഞത്. ആകെ വിരിഞ്ഞവയിൽ 18 കുഞ്ഞുങ്ങളും അത്യാധുനിക കൃത്രിമ ബീജസങ്കലന സാങ്കേതികവിദ്യയിലൂടെ ഉണ്ടായവയാണ്. 4 കുഞ്ഞുങ്ങൾ സ്വാഭാവിക പ്രജനനത്തിലൂടെയും, 4 എണ്ണം കാട്ടിൽ നിന്ന് വിജയകരമായി സംരക്ഷിച്ചെത്തിച്ച മുട്ടകളിൽ നിന്നുമാണ് വിരിയിച്ചത്.
പക്ഷികളെ സംരക്ഷിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി ഏകദേശം 6.25 കോടി രൂപ ചെലവിൽ 64 മീറ്റർ നീളമുള്ള ഭൂഗർഭ പാതയും നിർമിക്കുന്നുണ്ട്. പക്ഷികളുടെ ആവാസവ്യവസ്ഥയുടെ സുഗമമായ ബന്ധം മെച്ചപ്പെടുത്തുന്നതിനും അവക്കുളള അപകടങ്ങൾ കുറക്കുന്നതിനുമാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്. വർഷങ്ങളായി പ്രകൃതിയിൽ എണ്ണം ഭയപ്പെടുത്തുന്ന രീതിയിൽ കുറഞ്ഞുകൊണ്ടിരുന്ന ഒരു പക്ഷി വർഗ്ഗത്തെ സംബന്ധിച്ചിടത്തോളം ഇത് വളരെ വലിയൊരു നേട്ടമാണ്.
പുൽമേടുകളുടെ നാശം, കാഴ്ചക്കുറവ് കാരണം വലിയ ഹൈ-വോൾട്ടേജ് വൈദ്യതി ലൈനുകളിൽ തട്ടിയുള്ള അപകടങ്ങൾ എന്നിവയാണ് ഇവ നേരിടുന്ന പ്രധാന ഭീഷണികൾ. ഈ സാഹചര്യത്തിൽ പ്രജനന കേന്ദ്രങ്ങളിൽ പക്ഷികളുടെ എണ്ണം ഉയർന്നത് പ്രതീക്ഷ നൽകുന്ന ഒരു തിരിച്ചുവരവാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.