ന്യൂഡൽഹി: രാജസ്ഥാൻ, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്ന് പാവപ്പെട്ട മാതാപിതാക്കളുടെ സാഹചര്യങ്ങൾ ചൂഷണം ചെയ്ത് നവജാത ശിശുക്കളെ വാങ്ങി ഡൽഹി വഴി മറ്റ് സംസ്ഥാനങ്ങളിലേക്ക് ലക്ഷങ്ങൾക്ക് വിൽക്കുന്ന വൻ അന്തർസംസ്ഥാന ശിശുക്കടത്ത് സംഘത്തെ ഡൽഹി പൊലീസ് പിടികൂടി.
നാലോ അഞ്ചോ ദിവസം മാത്രം പ്രായമുള്ള കുഞ്ഞുങ്ങളെയാണ് ഇത്തരത്തിൽ കടത്തിയിരുന്നത്. മനുഷ്യത്വരഹിതമായ ഈ മാഫിയ ശൃംഖലയിൽ കുട്ടിക്കടത്തുകാരും കുട്ടികളില്ലാത്ത ദമ്പതികളും ഡൽഹിയിലെ ഒരു പ്രമുഖ ആശുപത്രി ഉടമയും ഉൾപ്പെട്ടിട്ടുള്ളതായി പൊലീസ് കണ്ടെത്തി.
പെൺകുഞ്ഞുങ്ങളെ മൂന്ന് മുതൽ നാല് ലക്ഷം രൂപ വരെ ഈടാക്കിയാണ് വിറ്റിരുന്നത്. എന്നാൽ ആൺകുഞ്ഞുങ്ങൾക്ക് വിപണിയിൽ ആറ് മുതൽ എട്ട് ലക്ഷം രൂപ വരെയാണ് വിലയിട്ടിരുന്നത്. പാവപ്പെട്ട മാതാപിതാക്കളിൽനിന്ന് പെൺകുട്ടികളെ ഒരു ലക്ഷം രൂപക്കും ആൺകുട്ടികളെ രണ്ട് ലക്ഷം രൂപക്കും വാങ്ങിയായിരുന്നു ഈ ഉയർന്ന വിലക്ക് വിറ്റിരുന്നതെന്നും പൊലീസ് അന്വേഷണത്തിൽ വ്യക്തമായി.
ഡൽഹി സെൻട്രൽ പഹർഗഞ്ചിൽ ഒരു സ്ത്രീ ഇടക്കിടെ വ്യത്യസ്ത കുഞ്ഞുങ്ങളുമായി വരുന്നത് ശ്രദ്ധയിൽപ്പെട്ട പ്രദേശവാസി നൽകിയ വിവരമാണ് പൊലീസിന് വഴിത്തിരിവായത്. സി.സി.ടിവി ദൃശ്യങ്ങളും രഹസ്യാന്വേഷണ വിവരങ്ങളും ശേഖരിച്ച പൊലീസ്, ജ്യോതിയെന്ന പേരിലറിയപ്പെടുന്ന കമലേഷ് എന്ന സ്ത്രീയാണ് ഇതിന് പിന്നിലെന്ന് തിരിച്ചറിഞ്ഞു.
തുടർന്ന് ഒരു വനിത പൊലീസ് ഉദ്യോഗസ്ഥ കസ്റ്റമർ എന്ന വ്യാജേന കമലേഷുമായി ബന്ധപ്പെട്ടു. കുഞ്ഞിനെ വാങ്ങാനായി 20,000 രൂപ അഡ്വാൻസ് തുക നിശ്ചയിച്ചു. ജൂൺ അഞ്ചിന് കുഞ്ഞുമായി എത്തിയ കമലേഷിനെ പൊലീസ് ഒളിഞ്ഞിരുന്ന് പിടികൂടുകയായിരുന്നു.
ചോദ്യം ചെയ്യലിൽ രാജസ്ഥാൻ, ഗുജറാത്ത് എന്നിവിടങ്ങളിൽനിന്ന് കുഞ്ഞുങ്ങളെ വാങ്ങി മധ്യപ്രദേശ്, ഹരിയാന എന്നിവിടങ്ങളിലെ കുട്ടികളില്ലാത്ത ദമ്പതികൾക്ക് വിൽക്കുന്ന വലിയൊരു ശൃംഖലയെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നു. ഇവരുടെ കൂട്ടാളികളായ ശാലു, ലളിത്, പ്രതിഭ, വിപിൻ എന്നിവരെയും പൊലീസ് അറസ്റ്റ് ചെയ്തു.
ഇതിൽ പ്രതിഭയുടെയും വിപിന്റെയും പക്കൽനിന്ന് മുന്ന് ലക്ഷം രൂപയും പൊലീസ് കണ്ടെടുത്തു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഒരു മാസത്തിൽ താഴെ പ്രായമുള്ള അഞ്ച് കുഞ്ഞുങ്ങളെ പൊലീസ് രക്ഷപ്പെടുത്തി.
അറസ്റ്റിലായ പ്രതികളെ ചോദ്യം ചെയ്തതിൽ നിന്നാണ് പശ്ചിമ ഡൽഹി രോഹിണിയിലെ ബേഗംപൂരിലുള്ള ‘ഹീരാസ് മൾട്ടിസ്പെഷ്യാലിറ്റി ഹോസ്പിറ്റൽ’ ആണ് ഈ റാക്കറ്റിന്റെ പ്രധാന കേന്ദ്രമെന്ന് തിരിച്ചറിഞ്ഞത്. ആശുപത്രി ഉടമയായ ഡോ. വിവേകിയാണ് ഈ മാഫിയയുടെ പ്രധാന സൂത്രധാരയെന്ന് സെൻട്രൽ ഡിസ്ട്രിക്റ്റ് ഡിസിപി രോഹിത് രാജ്ബീർ സിങ് അറിയിച്ചു.
വാങ്ങുന്ന കുഞ്ഞുങ്ങളെ കൈമാറുന്നത് വരെ ഈ ആശുപത്രിയിലാണ് താമസിപ്പിച്ചിരുന്നത്. കുഞ്ഞുങ്ങൾ ഈ ആശുപത്രിയിൽ തന്നെയാണ് ജനിച്ചതെന്ന് വരുത്തിത്തീർക്കാൻ ജനന സർട്ടിഫിക്കറ്റുകൾ, ഡെലിവറി രേഖകൾ, ഇൻവോയ്സുകൾ എന്നിവയെല്ലാം ഡോ. വിവേകി വ്യാജമായി നിർമിച്ച് നൽകിയിരുന്നതായും ഡി.സി.പി വ്യക്തമാക്കി.
കുഞ്ഞുങ്ങളെ മാതാപിതാക്കൾ സ്വമേധയാ വിറ്റതാണോ അതോ ഭീഷണിപ്പെടുത്തി വാങ്ങിയതാണോ എന്ന് കണ്ടെത്താൻ ഇവരുടെ ജൈവിക മാതാപിതാക്കളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.
സ്വന്തം ഇഷ്ടപ്രകാരം കുഞ്ഞുങ്ങളെ വിറ്റതാണെന്ന് തെളിഞ്ഞാൽ മാതാപിതാക്കളെയും കേസിൽ പ്രതികളാക്കും. നിലവിൽ ഹരിയാനയിലെ പാനിപ്പത്തിൽനിന്ന് കുഞ്ഞിനെ വാങ്ങിയ സണ്ണി അറോറ, റിതു അറോറ ദമ്പതികളെയും മധ്യപ്രദേശിലെ ഗ്വാളിയോറിൽനിന്നുള്ള മറ്റൊരു ദമ്പതികളെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരെയും കേസിൽ പ്രതികളാക്കും.
ആൺകുട്ടിയെ വേണമെന്നാവശ്യപ്പെട്ട് സമീപിച്ച ഒരു ദമ്പതികളെ ഈ സംഘം വഞ്ചിച്ച രീതിയും ഡി.സി.പി വിവരിച്ചു. അടിയന്തരമായി വിറ്റഴിക്കേണ്ടിയിരുന്ന ഒരു പെൺകുട്ടിയും ഒരു ആൺകുട്ടിയും ഒന്നിച്ച് നൽകി ഇവർ ഇരട്ടക്കുട്ടികളാണെന്ന് വിശ്വസിപ്പിച്ച് ഒമ്പത് ലക്ഷം രൂപക്കാണ് ദമ്പതികൾക്ക് വിറ്റത്.
എന്നാൽ വ്യത്യസ്ത സ്ഥലങ്ങളിൽ നിന്ന് കൊണ്ടുവന്ന ഈ കുഞ്ഞുങ്ങൾ ഇരട്ടക്കുട്ടികളായിരുന്നില്ല.സംഘത്തിൽ നിന്ന് രക്ഷപ്പെടുത്തിയ അഞ്ച് നവജാത ശിശുക്കളെയും ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് കൈമാറി. നിലവിൽ സമിതിയുടെ കേന്ദ്രത്തിൽ ഇവർ സുരക്ഷിതരായി കഴിയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.