ടെലഗ്രാം നിരോധനം: ബിസിനസ് മേഖലയിൽ ആശങ്ക; നഷ്ടം 3,000 കോടിയെന്ന് വ്യാപാരികൾ

ന്യൂഡൽഹി: ടെലഗ്രാം മെസ്സഞ്ചർ ആപ്പിന് രാജ്യത്ത് ഏർപ്പെടുത്തിയ നിയന്ത്രണം ചെറുകിട-ഇടത്തരം വ്യവസായ മേഖലയിൽ വൻ പ്രതിസന്ധി സൃഷ്ടിക്കുന്നു. നിരോധനം നിലവിൽ വന്ന് ഒരാഴ്ചയ്ക്കുള്ളിൽ രാജ്യത്തെ ബിസിനസ് മേഖലയ്ക്ക് ഏകദേശം 3,000 കോടി രൂപയുടെ നഷ്ടമുണ്ടായതായി ചേംബർ ഓഫ് ട്രേഡ് ആൻഡ് ഇൻഡസ്ട്രി (സി.ടി.ഐ) വ്യക്തമാക്കി. വിഷയത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് സി.ടി.ഐ ചെയർമാൻ ബ്രിജേഷ് ഗോയൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന് കത്തയച്ചു.

ഡിജിറ്റൽ യുഗത്തിൽ ആശയവിനിമയത്തിന് അപ്പുറം ബിസിനസ് ഇടപാടുകൾക്കും സപ്ലൈ ചെയിൻ മാനേജ്‌മെന്റിനും വ്യാപാരികൾ പ്രധാനമായും ആശ്രയിക്കുന്നത് ടെലഗ്രാമിനെയാണ്. വലിയ ഫയലുകൾ കൈമാറാനുള്ള സൗകര്യവും, വാട്സ്ആപ്പിനേക്കാൾ കൂടുതൽ അംഗങ്ങളെ ഗ്രൂപ്പുകളിൽ ഉൾപ്പെടുത്താനുള്ള സൗകര്യവുമാണ് വ്യാപാരികളെ ഇതിലേക്ക് ആകർഷിച്ചത്.

നിരോധനം സാധാരണക്കാരായ വ്യാപാരികളെ കാര്യമായി ബാധിച്ചു.  മൊത്തവ്യാപാരികൾക്ക് വലിയ ഓർഡറുകൾ നഷ്ടമായപ്പോൾ,  കയറ്റുമതിക്കാർക്ക് അന്താരാഷ്ട്ര ഉപഭോക്താക്കളുമായുള്ള ബന്ധം വിച്ഛേദിക്കപ്പെട്ടു. സി.ടി.ഐയുടെ കണക്കുകൾ പ്രകാരം മൊത്തവ്യാപാര ഓർഡറുകളിൽ 40 ശതമാനത്തോളം കുറവുണ്ടായിട്ടുണ്ട്. കൂടാതെ, ഗ്രൂപ്പ് അഡ്മിൻമാർ ഉൾപ്പെടെ ഇരുപതിനായിരത്തോളം പേരുടെ തൊഴിൽ ഭീഷണിയിലുമാണ്.

കുറച്ചുപേരുടെ തെറ്റായ പ്രവണതകളുടെ പേരിൽ മുഴുവൻ പ്ലാറ്റ്‌ഫോമും നിരോധിക്കുന്നത് ന്യായമല്ലെന്ന് വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നു. കുറ്റക്കാരായ ചാനലുകളെ മാത്രം ബ്ലോക്ക് ചെയ്യുകയാണ് സർക്കാർ ചെയ്യേണ്ടത്. നിരോധനം അനിവാര്യമാണെങ്കിൽ, മറ്റൊരു പ്ലാറ്റ്‌ഫോമിലേക്ക് മാറാൻ വ്യാപാരികൾക്ക് ആറു മാസമെങ്കിലും സാവകാശം നൽകണമെന്നും, ഡിജിറ്റൽ നയരൂപീകരണത്തിൽ വ്യാപാരി സംഘടനകളെക്കൂടി ഉൾപ്പെടുത്തണമെന്നും സി.ടി.ഐ ആവശ്യപ്പെട്ടു.

ചൈന ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിലെ വിതരണക്കാരുമായി ബന്ധപ്പെടാൻ ടെലഗ്രാം ഒഴിച്ചുകൂടാനാവാത്തതാണെന്ന് വ്യാപാരികൾ പറയുന്നു. ഈ 'ഡിജിറ്റൽ സ്ട്രൈക്ക്' സാധാരണ വ്യാപാരികളെ തകർക്കുമെന്ന ആശങ്ക ശക്തമാണ്. കേന്ദ്ര സർക്കാർ വിഷയത്തിൽ ഉചിതമായ തീരുമാനമെടുക്കുമെന്ന പ്രതീക്ഷയിലാണ് വ്യാപാരി സമൂഹം.

Tags:    
News Summary - Telegram ban: Concerns in the business sector; traders report losses of ₹3,000 crore

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.