കുട്ടിക്കടത്തെന്ന് വ്യാജാരോപണം; എൻ.ജി.ഒ പ്രവർത്തകയായ യുവതിക്ക് നേരെ ജനക്കൂട്ട ആക്രമണം, 20 പേർ അറസ്റ്റിൽ

ഭുവനേശ്വർ: ഒഡീഷയിലെ റായഗഡയിലെ ഒരു പ്രമുഖ എൻ‌.ജി‌.ഒയിൽ ഇന്റേൺഷിxപ്പ് ചെയ്തിരുന്ന യുവതിക്കും സഹപ്രവർത്തകനും നേരെ ജനക്കൂട്ടത്തിന്റെ ക്രൂരമായ അതിക്രമം. ഡൽഹി സ്വദേശിനിയായ 22കാരിയായ യുവതിയെ ജനക്കൂട്ടം മർദിക്കുകയും വസ്ത്രങ്ങൾ വലിച്ചുകീറി അപമാനിക്കുകയും ചെയ്തു. കൂടെയുണ്ടായിരുന്ന സൂറത്ത് സ്വദേശിയായ യുവാവിനും ക്രൂരമായി മർദ്ദനമേറ്റു. പ്രദേശത്ത് കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘം ഇറങ്ങിയിട്ടുണ്ടെന്ന വ്യാജവാർത്തയെത്തുടർന്നാണ് ഗ്രാമീണർ ഇരുവർക്കും നേരെ തിരിഞ്ഞതെന്ന് പൊലീസ് വ്യക്തമാക്കി.

ജൂൺ 16ന് വൈകിട്ടായിരുന്നു സംഭവം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് പ്രായപൂർത്തിയാകാത്തവർ ഉൾപ്പെടെ 20 ഓളം പേരെ ശനിയാഴ്ച പൊലീസ് അറസ്റ്റ് ചെയ്തതോടെയാണ് വിവരങ്ങൾ പുറത്തുവന്നത്. കഴിഞ്ഞ വർഷം സെപ്റ്റംബർ മുതൽ ഈ ഗോത്രമേഖലയിലെ ജനങ്ങൾക്കായി സാമൂഹിക സേവനത്തിന് എത്തിയതായിരുന്നു ഇരുവരും.

പ്രദേശത്തെ വഴികളെക്കുറിച്ച് കൃത്യമായ ധാരണയില്ലാത്തതിനാൽ ഗൂഗ്ൾ മാപ്പ് നോക്കിയാണ് ഇവർ സ്കൂട്ടറിൽ യാത്ര ചെയ്തിരുന്നതെന്ന് റായഗഡ എസ്പി രാജ് പ്രസാദ് പറഞ്ഞു. വഴി മോശമാണെന്ന് പറഞ്ഞ് ഒരാൾ ഇവരെ തടഞ്ഞുനിർത്തുകയും സ്കൂട്ടറിന്റെ ചാവി ഊരിയെടുക്കാൻ ശ്രമിക്കുകയും ഐഡന്റിറ്റി കാർഡ് ആവശ്യപ്പെടുകയും ചെയ്തു. ഐഡി കാർഡ് കാണിച്ചിട്ടും വിശ്വസിക്കാതെ പെട്ടെന്ന് വലിയൊരു ജനക്കൂട്ടം അവിടെ തടിച്ചുകൂടുകയായിരുന്നു.

ഭയന്നുപോയ ഇവർ സ്കൂട്ടർ തിരിച്ചു പോകാൻ ശ്രമിച്ചെങ്കിലും ബൈക്കുകളിലെത്തിയ നാട്ടുകാർ പിന്തുടർന്നു. നിയന്ത്രണം വിട്ട് സ്കൂട്ടർ ഒരു പാടത്തേക്ക് മറിഞ്ഞതോടെയാണ് അക്രമിസംഘം ഇവരെ വളഞ്ഞത്. 'അവർ എന്നെ ക്രൂരമായി മർദിച്ചു, തലമുടിക്ക് കുത്തിപ്പിടിക്കുകയും വസ്ത്രങ്ങൾ പൂർണമായി വലിച്ചുകീറുകയും മോശമായ രീതിയിൽ ശരീരത്തിൽ സ്പർശിക്കുകയും ചെയ്തു. ഞങ്ങൾ ഇവിടെ വന്നത് സാമൂഹിക സേവനത്തിനാണ്,' ഇരയായ യുവതി പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു.

വിവരമറിഞ്ഞ് പൊലീസെത്തി ഇവരെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ജനക്കൂട്ടം കൂടുതൽ അക്രമാസക്തരാവുകയായിരുന്നു. ഈ സമയം അവിടെയെത്തിയ ബലറാം ബാഗ് (26) എന്ന പ്രാദേശിക ഡ്രൈവറാണ് പൊലീസിനൊപ്പം ചേർന്ന് ഇവരെ അക്രമികളിൽ നിന്ന് മോചിപ്പിച്ചത്. വസ്ത്രങ്ങൾ നഷ്ടപ്പെട്ട യുവതിക്ക് ബലറാം തന്റെ സ്വന്തം ടി-ഷർട്ട് ഊരി നൽകുകയും ഇവരെ പൊലീസ് വാഹനത്തിൽ ആശുപത്രിയിലെത്തിക്കാൻ സഹായിക്കുകയും ചെയ്തു. അക്രമികൾ പൊലീസ് വാഹനത്തെ പിന്തുടർന്ന് ആശുപത്രിക്ക് നേരെയും അക്രമത്തിന് മുതിർന്നു.

സംഭവത്തിൽ ഒഡീഷ പൊലീസ് മൂന്ന് വ്യത്യസ്ത കേസുകൾ രജിസ്റ്റർ ചെയ്യുകയും 20 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. കൂടുതൽ പ്രതികൾക്കായി തിരച്ചിൽ തുടരുകയാണ്. കടുത്ത മാനസികാഘാതത്തിലായ യുവതിക്കും യുവാവിനും അടിയന്തര വൈദ്യസഹായം നൽകിയ ശേഷം കുടുംബത്തോടൊപ്പം അയച്ചതായി പൊലീസ് അറിയിച്ചു.

Tags:    
News Summary - Mob attacks NGO worker on false allegations of child trafficking, 20 arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.