ന്യൂഡൽഹി: ലൈംഗികാതിക്രമ കേസ് പ്രതിയായ ബി.ജെ.പി എം.പി ബ്രിജ് ഭൂഷണിന്റെ അറസ്റ്റ് ആവശ്യപ്പെട്ട് ഗുസ്തി താരങ്ങൾ നടത്തുന്ന സമരം കേന്ദ്രസർക്കാറിനെ വിയർപ്പിക്കുന്നു. ജന്തർമന്തറിൽ ഒരു മാസത്തിലധികം നീണ്ട രാപ്പകൽ സമരം ആദ്യം കേന്ദ്രം അവഗണിക്കുകയായിരുന്നു. ഒളിമ്പിക്സിൽ രാജ്യത്തിനുവേണ്ടി മെഡലുകൾ നേടിയ താരങ്ങൾ ഉൾപ്പെടെ രാപ്പകൽ സമരം നടത്തിയപ്പോൾ ദേശീയ മാധ്യമങ്ങളും തഴഞ്ഞു.
എന്നാൽ, പുതിയ പാർലമെന്റ് മന്ദിരം ഉദ്ഘാടന ദിവസം താരങ്ങൾ നടത്തിയ പാർലമെന്റ് മാർച്ചിനുനേരെയുണ്ടായ പൊലീസ് അതിക്രമവും ജന്തർമന്തറിൽനിന്ന് താരങ്ങളെ നീക്കിയതും മെഡലുകൾ ഗംഗയിൽ എറിയാൻ പുറപ്പെട്ടതും സമരം മറ്റൊരു തലത്തിലേക്ക് എത്തിച്ചിരിക്കുകയാണ്.
ഇതോടെ ഹരിയാന, രാജസ്ഥാൻ, പടിഞ്ഞാറൻ യു.പി എന്നിവിടങ്ങളിൽ നിർണായക സ്വാധീനമുള്ള ജാട്ട് വിഭാഗം സർക്കാറിനെതിരെ തിരിയുന്ന അവസ്ഥയാണ്. കർഷകസമരത്തിനു ശേഷമുള്ള ശക്തമായ പ്രതിഷേധമാണ് ഈ മേഖലയിൽനിന്ന് ഉയരുന്നത്. പൊലീസ് അതിക്രമത്തിന് പിന്നാലെ സമരത്തിന് കായിക, രാഷ്ട്രീയ, സാമുദായിക പിന്തുണക്ക് ശക്തിയേറി. അകലം പാലിച്ചിരുന്ന പ്രതിപക്ഷ നേതാക്കളും പല കായിക താരങ്ങളും സമരക്കാരെ പിന്തുണച്ച് പരസ്യമായി രംഗത്തുവന്നു. മർദനത്തിന്റെ ദൃശ്യങ്ങൾ വേട്ടയാടുന്നുവെന്നായിരുന്നു ഒളിമ്പ്യൻ അഭിനവ് ബിന്ദ്രയുടെ ട്വീറ്റ്. ബ്രിജ് ഭൂഷണിനെതിരെ മൗനം പാലിച്ചിരുന്ന എസ്.പി അധ്യക്ഷൻ അഖിലേഷ് യാദവും കഴിഞ്ഞ പൊലീസ് അതിക്രമത്തിനെതിരെ പ്രതികരിച്ചു.
ഇതിനിടെയാണ് രാജ്യത്തിനുവേണ്ടി നേടിയ മെഡലുകൾ താരങ്ങൾ ഗംഗയിലൊഴുക്കുമെന്ന് പ്രഖ്യാപിച്ച് ചൊവ്വാഴ്ച ഹരിദ്വാറിലെത്തിയത്.
ഇതുവരെ പ്രക്ഷോഭം അവഗണിച്ച, സർക്കാർ അനുകൂല ദേശീയ മാധ്യമങ്ങൾ ഉൾപ്പെടെ വൈകാരിക രംഗം മണിക്കൂറുകളോളം തത്സമയം സംേപ്രക്ഷണം ചെയ്യാൻ നിർബന്ധിതരായി. സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ഐ.എൻ.ടി.യു.സി, എ.ഐ.ടി.യു.സി, സി.ഐ.ടി.യു അടക്കം 10 സംഘടനകൾ അടങ്ങിയ സംയുക്ത ട്രേഡ് യൂനിയൻ ജൂൺ ഒന്നിന് രാജ്യവ്യാപക പ്രതിഷേധം നടത്തുമെന്ന് അറിയിച്ചു.
സാക്ഷി മലിക്
ഒളിമ്പിക് ഗുസ്തി മെഡൽ വേദിയിൽ ഇന്ത്യൻ പതാക ഉയർത്തിയ ആദ്യ വനിത താരം. പത്മശ്രീ, രാജീവ് ഗാന്ധി ഖേൽരത്ന തുടങ്ങിയവ നൽകി രാജ്യം ആദരിച്ച കായിക പ്രതിഭ. 27 വയസ്സ്. റെയിൽവേയിൽ ഉന്നത ഉദ്യോഗസ്ഥയാണ്. അർജുന അവാർഡ് ജേതാവായ ഗുസ്തി താരം സത്യവ്രത് കേദാനാണ് ഭർത്താവ്.
◆ 2016 ഒളിമ്പിക്സിൽ 58 കിലോ വിഭാഗത്തിൽ വെങ്കല
നേട്ടവുമായി രാജ്യത്തിന്റെ അഭിമാനമായി.
◆ 2010 ജൂനിയർ ലോക ചാമ്പ്യൻഷിപ്പിൽ മെഡൽ.
◆ 2014ലെ കോമൺവെൽത്ത് ഗെയിംസ്, ഡേവ് ഷുൾട്സ്
രാജ്യാന്തര ടൂർണമെന്റ് എന്നിവയിൽ മെഡൽ
◆ 2015ലെ ഏഷ്യൻ ഗുസ്തി ചാമ്പ്യൻഷിപ്പിൽ മെഡൽ.
◆ 2022ലെ കോമൺവെൽത്ത് ഗെയിംസിലും സ്വർണം.
ബജ്രങ് പൂനിയ
ടോക്യോ ഒളിമ്പിക്സിൽ 65 കിലോ ഫ്രീ സ്റ്റൈൽ വിഭാഗത്തിൽ വെങ്കല മെഡൽ ജേതാവാണ്. ലോക ചാമ്പ്യൻഷിപ്പിൽ നാലു മെഡലുകൾ എന്ന അപൂർവ നേട്ടത്തിനുടമ. അർജുന അവാർഡ്, പത്മശ്രീ, രാജീവ് ഗാന്ധി ഖേൽ രത്ന തുടങ്ങിയ ബഹുമതികൾക്കുടമ. 29 വയസ്സ്. ജീവത പങ്കാളിയായ ഗുസ്തി താരം സംഗീത ഫോഗട്ടും സമരരംഗത്തുണ്ട്.
◆ 2013ലെ ഏഷ്യൻ ഗുസ്തി ചാമ്പ്യൻഷിപ്പിൽ വെങ്കലം.
◆ ഏഷ്യൻ ഗെയിംസ്, കോമൺവെൽത്ത് ഗെയിംസ്,
അണ്ടർ23 ലോക ചാമ്പ്യൻഷിപ് എന്നിവയിലെല്ലാം മെഡൽ.
◆ 2018ൽ ബുഡപെസ്റ്റിൽ നടന്ന ലോക ചാമ്പ്യൻഷിപ്പിൽ
വെള്ളിമെഡൽ.
◆ ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ എട്ടുതവണ മെഡൽ.
വിനേഷ് ഫോഗട്ട്
കോമൺവെൽത്ത്, ഏഷ്യൻ ഗെയിംസുകളിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ വനിത താരം. പ്രമുഖ ഗുസ്തി താരം രാജ്പാൽ ഫോഗട്ടിന്റെ മകൾ. അർജുന, പത്മശ്രീ, രാജീവ് ഗാന്ധി ഖേൽരത്ന പുരസ്കാരങ്ങൾ നൽകി രാജ്യം ആദരിച്ചിട്ടുണ്ട്. ദേശീയ ഗുസ്തി ചാമ്പ്യൻഷിപ്പിൽ രണ്ടു തവണ സ്വർണം നേടിയ സോംവീർ റാഥിയാണ് ജീവിത പങ്കാളി. 28 വയസ്സ്.
◆ ലോക ഗുസ്തി ചാമ്പ്യൻഷിപ്പിൽ രണ്ടു മെഡലുകൾ.
◆ 48/50/53 കിലോ ഫ്രീസ്റ്റൈൽ വിഭാഗങ്ങളിൽ മെഡലുകൾ നേടി.
◆ ലോക റാങ്കിങ്ങിൽ ഒന്നാം സ്ഥാനവും കരിയറിൽ നേടി.
◆ ഏഷ്യൻ ഗെയിംസ്, കോമൺവെൽത്ത് ഗെയിംസ്, ഏഷ്യൻ ചാമ്പ്യൻഷിപ് എന്നിവയിലും പലവട്ടം മെഡൽ.
◆ കഴിഞ്ഞ വർഷം ബി.ബി.സി ഇന്ത്യൻ വനിത കായിക താരമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.