തരൂരിന്റെ പ്രയോഗം വടിയാക്കി ബി.ജെ.പി; എതിർത്തും വിശദീകരിച്ചും പ്രതികരണങ്ങളുമായി കോൺഗ്രസ് നേതാക്കൾ

ന്യൂഡൽഹി: വീണ്ടും തരൂരിന്റെ പരാമർശങ്ങളിൽ പുലിവാലുപിടിച്ച് കോൺഗ്രസ് നേതൃത്വം. കുടുംബവാഴ്ചയ്ക്ക് പകരം യോഗ്യത മാനദണ്ഡമാക്കാന്‍ ഇന്ത്യക്ക് സമയമായെന്ന് ചൂണ്ടിക്കാണിക്കുന്ന ശശി തരൂരിന്റെ ലേഖനം കഴിഞ്ഞ ദിവസമാണ്  പ്രസിദ്ധീകരിക്കപ്പെട്ടത്. പരാമർശങ്ങൾ ബി.ജെ.പി ആയുധമാക്കിയതിന് പിന്നാലെ പ്രതിരോധിച്ചും തരൂരിന് മറുപടിയുമായും കോൺഗ്രസ് നേതൃത്വം രംഗത്തെത്തി.

നെഹ്‌റു കുടുംബത്തിലെ മുൻ പ്രധാനമന്ത്രിമാരായ ഇന്ദിരാഗാന്ധിയും രാജീവ് ഗാന്ധിയും രാജ്യത്തിനായി ജീവൻ ബലിയർപ്പിച്ചവരാണെന്ന് കോൺഗ്രസ് എം.പി പ്രമോദ് തിവാരി പറഞ്ഞു. നെഹ്‌റു കുടുംബത്തെപ്പോലെ സമർപ്പണബോധവും കഴിവുമുള്ള ഇന്ത്യയിലെ മറ്റേതെങ്കിലും കുടുംബത്തെ ചൂണ്ടിക്കാട്ടാനാവുമോ എന്നും അദ്ദേഹം തരൂരിനോട് ചോദിച്ചു.

‘യോഗ്യതയിൽ നിന്നാണ് നേതൃത്വം ഉണ്ടാകുന്നത്. പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റു ഈ രാജ്യത്തെ ഏറ്റവും കഴിവുള്ള പ്രധാനമന്ത്രിയായിരുന്നു. ഇന്ദിരാഗാന്ധി തന്റെ ജീവൻ ബലിയർപ്പിച്ചുകൊണ്ട് സ്വയം തെളിയിച്ചു,’ തിവാരി പറഞ്ഞു. ‘രാജീവ് ഗാന്ധി തന്റെ ജീവൻ ബലിയർപ്പിച്ചാണ് ഈ രാജ്യത്തെ സേവിച്ചത്. ഗാന്ധി കുടുംബത്തെ ഒരു രാജവംശമായി വിശേഷിപ്പിക്കു​മ്പോൾ, ഇന്ത്യയിലെ മറ്റേത് കുടുംബത്തിനാണ് ഗാന്ധി കുടുംബത്തിനുണ്ടായിരുന്ന ത്യാഗവും സമർപ്പണവും നേതൃതപാടവവും ഉണ്ടായിരുന്നത്? അത് ബി.ജെ.പിയായിരുന്നോ?’ തിവാരി ചോദിച്ചു.

കോൺഗ്രസ് നേതാവ് റാഷിദ് ആൽവിയും വിഷയത്തിൽ പ്രതികരണവുമായി രംഗത്തെത്തി. ജനാധിപത്യത്തിൽ പൊതുജനങ്ങളാണ് തീരുമാനങ്ങൾ എടുക്കുന്നതെന്നും, അച്ഛൻ എം.പിയായിരുന്നുവെന്ന കാരണം കൊണ്ട് ഒരാളെ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് വിലക്കാനാവില്ലെന്നും ആൽവി പറഞ്ഞു.

പാരമ്പര്യ തുടർച്ചയെന്ന സമീപനം രാഷ്ട്രീയത്തിൽ മാത്രം ഒതുങ്ങുന്നില്ലെന്നും രാജ്യത്തെ എല്ലാ മേഖലകളിലും അത് കാണാനാവുമെന്നും കോൺഗ്രസ് നേതാവ് ഉദിത് രാജ് പറഞ്ഞു. ‘ഡോക്ടറുടെ മകൻ ഡോക്ടറാകുന്നു, ബിസിനസുകാരന്റെ മകൻ ബിസിനസിൽ തുടരുന്നു, രാഷ്ട്രീയവും അപവാദമല്ല. പലപ്പോഴും ജാതി, കുടുംബ അടിസ്ഥാനത്തിലാണ് സ്ഥാനാർഥിത്വം നിർണയിക്കപ്പെടുന്നത്,’ ഉദിത് രാജ് വാർത്താ ഏജൻസിയായ എ.എൻ.ഐയോട് പറഞ്ഞു.

ഒക്ടോബർ 31-ന് പ്രൊജക്റ്റ് സിൻഡിക്കേറ്റിൽ ‘വംശ രാഷ്ട്രീയം: ഇന്ത്യൻ ജനാധിപത്യത്തിന്‍റെ ഭീഷണി’ എന്ന തലക്കെട്ടിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ, ഇന്ത്യ കുടുംബ ഭരണത്തിൽനിന്ന് മെറിറ്റ് അധിഷ്ഠിത നേതൃത്വത്തിലേക്ക് മാറണമെന്നായിരുന്നു തരൂർ ചൂണ്ടിക്കാട്ടിയത്.

ജവഹർലാൽ നെഹ്‌റു, ഇന്ദിരാഗാന്ധി, രാജീവ്, രാഹുൽ, പ്രിയങ്ക ഗാന്ധി വാദ്ര എന്നിവരിൽ നിന്നുള്ള നെഹ്‌റു-ഗാന്ധി പരമ്പരയുടെ സ്വാധീനം രാഷ്ട്രീയ നേതൃത്വം പാരമ്പര്യമായി ലഭിക്കുന്നത് അവകാശമാണെന്ന ആശയം വളർത്തിയെടുത്തിട്ടുണ്ടെന്ന് തരൂർ എഴുതുന്നു. ‘രാഷ്ട്രീയ കുടുംബങ്ങളുടെ ആധിപത്യം ജനാധിപത്യത്തെ ദുർബലപ്പെടുത്തുന്നു’ എന്ന് അദ്ദേഹം പറയുന്നു. കോൺഗ്രസിനെ മാത്രമല്ല, ശിവസേന, സമാജ്‌വാദി പാർട്ടി, ലോക് ജനശക്തി പാർട്ടി, ശിരോമണി അകാലിദൾ, പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി, ഡി.എം.കെ, ഭാരത് രാഷ്ട്ര സമിതി തുടങ്ങിയ പാർട്ടികളെയടക്കം അദ്ദേഹം വിമർശിക്കുന്നുണ്ട്.

അതേസമയം, തരൂരിന്റെ പരാമർശങ്ങളെ കോൺഗ്രസിനെതിരെയുള്ള രാഷ്ട്രീയ ആയുധമാക്കുകയാണ് ബി.ജെ.പി. സ്വജനപക്ഷപാതത്തെയും കുടുംബവാഴ്ച രാഷ്ട്രീയത്തെയും കുറിച്ചുള്ള ശശി തരൂർ എം.പിയുടെ ലേഖനം രാഹുല്‍ ഗാന്ധിയേയും തേജസ്വി യാദവിനെയും ഉദ്ദേശിച്ചാണെന്ന് ബി.ജെ.പി പ്രതികരിച്ചു. ‘ഇന്ത്യയിലെ സ്വജനപക്ഷപാതത്തിന്റെ സന്തതിയായ രാഹുലിനും തേജസ്വി യാദവിനും നേരെ ഡോ. ശശി തരൂർ നേരിട്ട് ആക്രമണം നടത്തിയിരിക്കുന്നു!’ ബി.ജെ.പി വക്താവ് ഷെഹ്സാദ് പൂനാവാല എക്സിൽ കുറിച്ചു.

കോൺഗ്രസ് ദേശീയാധ്യക്ഷ സ്ഥാനത്തേക്ക് മല്ലികാർജ്ജുൻ ഖാർഗെക്കെതിരെ സ്ഥാനാർഥിയായി രംഗത്തെത്തിയതിന് പിന്നാലെയാണ് പാർട്ടി നേതൃത്വവുമായി തരൂരിന്റെ ബന്ധത്തിൽ ഉലച്ചിലുണ്ടായത്. ഇന്ത്യയുടെ ഭീകര വിരുദ്ധ പ്രവർത്തനങ്ങളെയും ഓപ്പറേഷൻ സിന്ദുറിനെക്കുറിച്ചും ആഗോളതലത്തിൽ വിശദീകരിക്കാൻ പോയ പ്രതിനിധി സംഘത്തിന്റെ ഭാഗമായതോടെ ഇത് വീണ്ടും രൂക്ഷമായിരുന്നു.  

Tags:    
News Summary - Tharoors dynasty remark triggers pushback; BJP joins with nepo kid jibe

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.