ന്യൂഡൽഹി: ജമ്മുകശ്മീരിലെ ഭീകരരെ 1947ൽ തന്നെ നേരിടണമായിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 1947ൽ പാകിസ്താനെതിരെ ഇന്ത്യ നടത്തിയ സൈനികാക്രമണം പാക് അധീന കശ്മീർ തിരിച്ച് പിടിക്കാതെ നിർത്തരുതെന്ന് സർദാർ വല്ലഭായ് പട്ടേൽ ഉപദേശിച്ചിരുന്നു. എന്നാൽ, അന്നത്തെ കോൺഗ്രസ് സർക്കാർ ഈ ഉപദേശം അവഗണിച്ചുവെന്നും മോദി പറഞ്ഞു. ഗുജറാത്തിലെ ഗാന്ധിനഗറിൽ റാലിയിൽ പങ്കെടുത്ത് സംസാരിക്കുമ്പോഴാണ് മോദിയുടെ പരാമർശം.
1947ൽ ഇന്ത്യ മൂന്നാക്കി വിഭജിക്കപ്പെട്ടു. ആ രാത്രി തന്നെ കശ്മീരിൽ ഭീകരാക്രമണമുണ്ടായി. മുജാഹിദുകൾ എന്ന പേരിൽ പാകിസ്താൻ നടത്തിയ ആക്രമണത്തിനൊടുവിൽ ഇന്ത്യയുടെ ഒരു ഭാഗം അവർ ബലമായി പിടിച്ചെടുത്തു. മുജാഹിദുകളെ അന്ന് തന്നെ മണ്ണിനടിയിലേക്ക് അയക്കേണ്ടതായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
പാക് അധീന കശ്മീർ തിരിച്ചുപിടിക്കുന്നത് വരെ സൈനിക നീക്കം നിർത്തരുതെന്നായിരുന്നു സർദാർ വല്ലഭായ് പട്ടേൽ പറഞ്ഞത്. എന്നാൽ, അദ്ദേഹത്തിന്റെ വാക്കുകൾ ആരും ചെവികൊണ്ടില്ലെന്ന് മോദി പറഞ്ഞു.കഴിഞ്ഞ 75 വർഷമായി പാകിസ്താൻ മുജാഹിദീനുകളെ അയക്കുന്നത് തുടരുകയാണ്. പഹൽഗാമിലും അത് തന്നെയാണ് സംഭവിച്ചത്. എല്ലാതവണയും ഇന്ത്യൻ സൈന്യം പാകിസ്താനെ തോൽപ്പിച്ചു. ഒരിക്കലും പാകിസ്താന് ഇന്ത്യയെ ജയിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ, ചരിത്രത്തെ കുറിച്ച് മോദിക്ക് ഒരു ധാരണയുമില്ലെന്നായിരുന്നു വിമർശനങ്ങളോടുള്ള കോൺഗ്രസ് പ്രതികരണം. അന്ന് പട്ടേലിന്റേയും നെഹ്റുവിന്റേയും കോലം കത്തിക്കുകയും ഇവരെ വിമർശിക്കുന്ന കാർട്ടൂണുകൾ നിർമിക്കുകയുമാണ് മോദിയുടെ മുൻഗാമികൾ ചെയ്തതെന്ന് കോൺഗ്രസ് നേതാവ് പവൻ ഖേര വിമർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.