ന്യൂഡൽഹി: ബംഗളൂരു ജയിലിൽ തീവ്രവാദ പ്രവർത്തനം നടത്തിയെന്ന് ആരോപിച്ച് ദേശീയ അന്വേഷണ ഏജൻസി രജിസ്റ്റർ ചെയ്ത കേസിൽ ഏഴ് പ്രതികൾക്ക് ഏഴുവർഷം കഠിന തടവ് വിധിച്ച് എൻ.ഐ.എ കോടതി. ലശ്കറെ ത്വയ്യിബ അംഗം തടിയന്റവിട നസീർ ഉൾപ്പെടെയുള്ള പ്രതികൾക്ക് 48,000 രൂപ പിഴയും വിധിച്ചുവെന്ന് എൻ.ഐ.എ വാർത്താക്കുറിപ്പിൽ അറിയിച്ചു. ബംഗളൂരുവിലെ പരപ്പനഗ്രഹാര സെൻട്രൽ ജയിലിലാണ് നസീറിന്റെ ആസൂത്രണത്തിൽ തീവ്രവാദ പ്രവർത്തനം നടന്നതെന്നായിരുന്നു എൻ.ഐ.എ കേസ്.
ഇന്ത്യയിൽ ഭീകരാക്രമണങ്ങൾ നടത്താൻ, തടവിൽ കഴിഞ്ഞിരുന്ന ഒരു യുവാവിനെ പ്രേരിപ്പിച്ച് പരിശീലനം നൽകി മതം മാറ്റിയെന്നാണ് കേസ്. ബംഗളൂരു സെൻട്രൽ ക്രൈം ബ്രാഞ്ച് 2023 ജൂലൈയിലാണ് കേസ് രജിസ്റ്റർ ചെയ്തതെന്നും തുടർന്ന് ആയുധങ്ങളും സ്ഫോടക വസ്തുക്കളും ഡിജിറ്റൽ ഉപകരണങ്ങളും പ്രതികളുടെ ഒളിയിടങ്ങളിൽ നിന്ന് പിടിച്ചെടുത്തുവെന്നും എൻ.ഐ.എ അറിയിച്ചു. ലശ്കറെ ഭീകര സംഘടനയുടെ ഇന്ത്യാ വിരുദ്ധ അജണ്ടയുടെ ഭാഗമായി ബംഗളൂരു നഗരത്തിൽ ഭീകരാക്രമണം നടത്തുകയായിരുന്നു ലക്ഷ്യം. നിരവധി തീവ്രവാദ കേസുകളിൽ കുറ്റവാളിയെന്ന് കോടതി വിധിച്ച നസീറിനെ ജയിലിൽനിന്ന് രക്ഷപ്പെടുത്താനുള്ള ഗൂഢാലോചന നടന്നതായും എൻ.ഐ.എ പറയുന്നു. 2008ലെ ബംഗളൂരു സ്ഫോടന പരമ്പരയുമായി ബന്ധപ്പെട്ട കേസുകളിൽ വിചാരണ തടവുകാരനായി കഴിയുമ്പോൾ കോടതിയിലേക്ക് കൊണ്ടുപോകും വഴിയാണ് ഇയാളെ രക്ഷപ്പെടുത്താൻ ശ്രമം നടന്നിരുന്നതെന്നും ഏജൻസി കൂട്ടിച്ചേർത്തു.
അറസ്റ്റിലായ 11 പ്രതികൾക്കും പിടികിട്ടാത്ത ജുനൈദ് അഹമ്മദ് എന്നയാൾക്കും എതിരെയാണ് എൻ.ഐ.എ കുറ്റപത്രം സമർപ്പിച്ചത്. റുവാണ്ടയിൽ ആയിരുന്ന സൽമാൻ ഖാൻ എന്ന പ്രതിയെ അവിടത്തെ അന്വേഷണ ഏജൻസികളുമായി ബന്ധപ്പെട്ട് നാട്ടിലെത്തിച്ചാണ് അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.