ഹൈദരാബാദ്: തെലങ്കാനയിലെ എൻജിനീയറിങ് കോളജുകളുടെ വിദ്യാഭ്യാസ ഗുണനിലവാരവും ഫീസ് ഘടനയും വിലയിരുത്തൻ പ്രത്യേക പാനൽ രൂപീകരിക്കാൻ രേവന്ത് റെഡ്ഡി സർക്കാർ തീരുമാനം. വിജിലൻസ് ആൻഡ് എൻഫോഴ്‌സ്‌മെന്റ് വകുപ്പിന്റെ മുൻ റിപ്പോർട്ടിൽ നടപടിയെടുക്കാത്ത മുൻ ഭാരത് രാഷ്ട്ര സമിതി (ബി.ആർ.എസ്) സർക്കാറിന്‍റെ പക്ഷപാതപരമായ നടപടിക്കെതിരെയാണ് രേവന്ത് റെഡ്ഡി സർക്കാറിന്‍റെ പുതിയ നടപടി.
ഫാക്കൽറ്റി, ഇൻഫ്രാസ്ട്രക്ചർ, അക്കാദമിക് നിലവാരം എന്നിവ ഉൾക്കൊള്ളുന്ന മുൻ റിപ്പോർട്ട് പുതിയ പാനൽ വിലയിരുത്തും. ഫീസ് ഘടന പരിഷ്കരിക്കുമ്പോൾ തന്നെ, അനുവദിച്ച കാലപരിധിക്കുള്ളിൽ എഞ്ചിനീയറിങ് പ്രവേശന കൗൺസിലിങ് പൂർത്തിയാക്കാൻ തീരുമാനിച്ചതായും സർക്കാർ ഉദ്യോഗസ്ഥർ വ്യക്തമാക്കി.
അധ്യാപക ജീവനക്കാരുടെ ലഭ്യതയും യോഗ്യതയും, ലാബ് സൗകര്യങ്ങൾ, കെട്ടിടം, എ.ഐ.സി.ടി.ഇ മാനദണ്ഡങ്ങൾ പാലിക്കൽ, മൊത്തത്തിലുള്ള അധ്യാപന നിലവാരം എന്നിങ്ങനെ ഓരോ സ്ഥാപനത്തിന്റെയും വിവിധ വശങ്ങൾ പരിശോധിച്ചാണ് ഫീസ് ഘടന നിർണയിക്കുക. എഞ്ചിനീയറിങ് കോളജുകളുടെ ഫീസ് സംബന്ധിച്ച സുപ്രീംകോടതി ഉത്തരവും തെലങ്കാന സർക്കാർ പരിഗണിക്കും.
ഇസ് ലാമിക് അക്കാഡമി ഓഫ് എഡ്യൂക്കേഷൻ - കർണാടക, പി.എ. ഇനാംദാർ - മഹാരാഷ്ട്ര എന്നീ കേസുകളിലെ സുപ്രീംകോടതി വിധികൾ ഫീസ് നിരക്ക് നിർണയിക്കുമ്പോൾ മാർഗ നിർദേശങ്ങളായി സ്വീകരിക്കും. അടിസ്ഥാന സൗകര്യം, അധ്യാപകരുടെ ശമ്പളം, സ്ഥാപനത്തിന്‍റെ ഭാവി വികസന പദ്ധതികൾ എന്നിവ അടിസ്ഥാനമാക്കിയുള്ള ഫീസ് നിർണയമാണ് വിധികൾ ചൂണ്ടിക്കാട്ടുന്നത്.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അടക്കം മാറിക്കൊണ്ടിരിക്കുന്ന മേഖലകളുമായി ബന്ധപ്പെട്ട എഞ്ചിനീയറിങ് വിദ്യാഭ്യാസത്തിന് ഉയർന്ന നിലവാരം പുലർത്തുകയാണ് സർക്കാർ ലക്ഷ്യമിടുന്നത്. മികച്ച നിലവാരം സ്വയം മെച്ചപ്പെടുത്താനും അന്താരാഷ്ട്ര നിലവാരം നടപ്പാക്കാനും താൽപര്യമുള്ള കോളജുകളെ പ്രോത്സാഹിപ്പിക്കാനും സംസ്ഥാന സർക്കാറിന് പദ്ധതിയുണ്ട്.
നിലവിലെ ആവശ്യകതക്ക് അനുസൃതമായി എഞ്ചിനീയറിങ് കോളജുകളെ വികസിപ്പിക്കുന്ന തരത്തിലുള്ള ഒരു ചട്ടക്കൂടിന് രൂപം കൊടുക്കാനാണ് തീരുമാനം. ഇതിനായി കോളജുകളും സർക്കാരും തമ്മിൽ ഇടക്കിടെ കൂടിയാലോചനകൾ നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.