ഹൈദരബാദ്: തെലങ്കാനയിൽ പ്രദേശ് കോൺഗ്രസ് കമ്മിറ്റിയിൽ(പി.സി.സി) നിന്ന് 13 അംഗങ്ങൾ രാജിവെച്ചു. മുതിർന്ന നേതാക്കളുമായുള്ള അഭിപ്രായഭിന്നതയെ തുടർന്നാണ് രാജി. ശനിയാഴ്ച രാത്രിയാണ് പി.സി.സി അംഗങ്ങൾ രാജിക്കത്ത് സമർപ്പിച്ചത്. രാജിവെച്ചവരിൽ നിലവിലെ എം.എൽ.എ ദനസാരി അനസൂയ (സീതക്ക), മുൻ നിയമസഭാംഗം വെം നരേന്ദർ റെഡ്ഡി എന്നിവരും ഉൾപ്പെടുന്നു.
പുതിയ പി.സി.സി അംഗങ്ങളിൽ ഭൂരിഭാഗം പേരും തെലുങ്കുദേശം പാർട്ടിയിൽ നിന്ന് അടുത്തിടെ കോൺഗ്രസിൽ ചേർന്ന നേതാക്കളാണെന്ന് ലോക്‌സഭാ എം.പി ഉത്തം കുമാർ റെഡ്ഡി ആരോപിച്ചതായി അംഗങ്ങളുടെ രാജിക്കത്തിൽ പറയുന്നു. ഈ പരാമർശം കോൺഗ്രസിനുവേണ്ടി ആറുവർഷമായി പ്രവർത്തിച്ച നേതാക്കളെ നിരാശപ്പെടുത്തുന്നതാണെന്നും കത്തിലുണ്ട്.
പാർട്ടിയിലേക്ക് കുടിയേറിയവർക്ക് കൂടുതൽ പരിഗണന ലഭിക്കുന്നുവെന്ന് കോൺഗ്രസ് നേതാവ് ദാമോദർ രാജനരംസിംഹ ശനിയാഴ്ച ആരോപിച്ചിരുന്നു. കോൺഗ്രസിൽ ചേർന്ന മുൻ ടി.ഡി.പി നേതാക്കളെ ഉന്നം വച്ചായിരുന്നു ദാമോദർ രാജനരംസിംഹയുടെ പരാമർശം. പിന്നാലെ അദ്ദേഹത്തെ പിന്തുണച്ച് കോൺഗ്രസിന്‍റെ മുതിർന്ന നേതാക്കളും രംഗത്തെത്തി. അടുത്തിടെ നടന്ന മുനുഗോഡ് നിയമസഭാ മണ്ഡലത്തിൽ നടന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസ് കനത്ത പരാജയം നേരിട്ടതിനുപിന്നാലെ സംസ്ഥാന ഘടകത്തിൽ ചേരിപ്പോര് രൂക്ഷമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.