ഒന്നര കിലോമീറ്റർ നഗ്നനാക്കി നടത്തിച്ചു; പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കൊപ്പം ഒളിച്ചോടിയതിന് 16കാരന് ക്രൂര മർദനം

ഭോപ്പാൽ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോടൊപ്പം ഒളിച്ചോടിയതിന് 16 വയസുകാരന് ക്രൂര മർദനം. മധ്യപ്രദേശിലെ ഉ​ജ്ജയ്നിലാണ് സംഭവം. കുട്ടിയെ ക്രൂരമായി മർദിച്ച ശേഷം മുഖത്ത് കരി പുരട്ടി ആൾക്കുട്ടത്തിന് മുന്നിലൂടെ ഒന്നര കിലോമീറ്ററോളം നഗ്നനാക്കി നടത്തിച്ചു. സംഭവത്തിൽ പെൺകുട്ടിയുടെ ബന്ധുക്കളുൾപ്പടെ നാല് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

മൂന്ന് മാസം മുമ്പാണ് പ്രായപൂർത്തിയാകാത്ത ​പെൺകുട്ടിയോടൊപ്പം ആൺകുട്ടി ഒളിച്ചോടിയത്. പക്ഷേ മൂന്ന് ആഴ്ച കഴിഞ്ഞതും ഇവർ വീട്ടിലേക്ക് തിരിച്ചു വന്നു. തുടർന്ന് ആൺകുട്ടിയെ ഒരു മാസത്തേക്ക് ജയിലിടക്കുകയും പെൺകുട്ടിയെ ദുർഗുണ പരിഹാര കേന്ദ്രത്തിലേക്ക് അയക്കുകയും ചെയ്തിരുന്നു. ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ ആൺകുട്ടി രോഗബാധിതയായ അമ്മയുടെ ചികിത്സക്ക് പണം കണ്ടെത്താൻ നാട്ടിലേക്ക് തിരികെ വന്നപ്പോഴാണ് ആക്രമണം ഉണ്ടായത്.

തന്നെ നാട്ടിൽ കണ്ട പെൺകുട്ടിയുടെ ബന്ധുക്കൾ തട്ടിക്കൊണ്ടു പോയി ഒരു മണിക്കൂറോളം മുറിയിൽ പൂട്ടിയിട്ടുവെന്നാണ് പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നത്. അവിടെ വെച്ച് ക്രൂരമായി മർദിക്കുകയും വസ്ത്രം അഴിപ്പിച്ച് മുഖത്ത് കരി പുരട്ടി കല്ലുകളിലൂടെ വലിച്ചിഴച്ചു. തുടർന്ന് ആൾക്കുട്ടത്തിന് മുന്നിലൂടെ ഒന്നര കിലോമീറ്ററുകളോളം നടത്തിയെന്നും പരാതിയിൽ പറയുന്നുണ്ട്.

പൊലീസിൽ വിവരമറിയിച്ചിട്ടുണ്ടെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ടെന്നും ആൺകുട്ടി പറഞ്ഞു. കുറ്റക്കാർക്കെതിരെ നടപടി സ്വീകരിച്ചില്ലെങ്കിൽ താൻ ജീവനൊടുക്കുമെന്നും ആൺകുട്ടി പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് കുറ്റക്കാർക്കെതിരെ ഭാരതീയ നീതി ന്യായ സംഹിതയിലെ വിവിധ വകുപ്പുകൾ പ്രകാരം ​കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. ആക്രമത്തിൽ പ​ങ്കെടുത്ത മറ്റ് പ്രതികൾക്കായി അന്വേഷണം തുടരുകയാണ്.

Tags:    
News Summary - Teenager allegedly assaulted in Ujjain, paraded naked for 1.5 km for eloping with minor girl; four held

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.