മുംബൈ: നിയമസഭയിൽ ശനിയാഴ്ച നടക്കുന്ന വിശ്വാസവോട്ടെടുപ്പിൽ മുഖ്യമന്ത്രി ഏക് നാഥ് ഷിൻഡെയെ പിന്തുണക്കുന്ന വിമതരുടെ പ്രാതിനിധ്യം കുറക്കാൻ ലക്ഷ്യമിട്ട് മുൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ സുപ്രീംകോടതിയിൽ.
വിമത എം.എൽ.എമാരെ അയോഗ്യരാക്കി ഇടക്കാല ഉത്തരവ് പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ടാണ് ഉദ്ധവ് താക്കറെ സുപ്രീംകോടതിയിൽ ഹരജി നൽകിയത്. വിമതർ നിയമ സഭയിൽ പ്രവേശിക്കുന്നത് തടയണമെന്നാണ് ആവശ്യം.
'വിമത എം.എൽ.എമാർ ബി.ജെ.പിയുടെ ചതുരംഗത്തിലെ കാലാളുകളെ പോലെയാണ് പ്രവർത്തിച്ചത്. കൂറുമാറ്റത്തിലൂടെ ഭരണഘടനക്കു നിരക്കാത്ത പാപം ചെയ്തവരാണവർ. ആ പാപത്തിന് ശിക്ഷയായി അവരെ സഭാംഗങ്ങളായി തുടരാൻ അനുവദിക്കരുത്'-താക്കറെ സഖ്യം നൽകിയ ഹരജിയിൽ പറയുന്നു.
ആഴ്ചകളായി തുടരുന്ന രാഷ്ട്രീയ പ്രതിസന്ധികൾക്കൊടുവിൽ ബുധനാഴ്ചയാണ് ഉദ്ധവ് താക്കറെ മഹാരാഷ്ട്ര മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചത്. നിയമസഭയിൽ അവിശ്വാസ വോട്ടെടുപ്പ് നീട്ടാൻ സുപ്രീംകോടതി വിസമ്മതിച്ചതിനെ തുടർന്നായിരുന്നു ഉദ്ധവ് രാജിവെച്ചത്. അതിനു പിന്നാലെ ഉദ്ധവ് സർക്കാരിനെ വീഴ്ത്താൻ ചരടുവലി നടത്തിയ ശിവസേന വിമത നേതാവ് ഏക് നാഥ് ഷിൻഡെ മഹാരാഷ്ട്ര മുഖ്യമന്ത്രിയായി അധികാരമേറ്റു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.