‘എന്റെ മോൻ മാനസികമായി തകർന്നു, കരഞ്ഞുകൊണ്ടാണ് വന്നത്’ - യു.പിയിൽ ടീച്ചറുടെ വിദ്വേഷത്തിനിരയായ വിദ്യാർഥിയുടെ മാതാവ്

മുസഫർ നഗർ: “ഇന്നലെ, എന്റെ മോൻ കരഞ്ഞുകൊണ്ടാണ് വീട്ടിൽ വന്നത്, അവൻ മാനസികമായി തകർന്നു. കുട്ടികളോട് ഇങ്ങനെ പെരുമാറരുത്’ -മനുഷ്യമനസ്സാക്ഷിയെ ഞെട്ടിച്ച യു.പിയിലെ അധ്യാപികയുടെ വിദ്വേഷചെയ്തിക്കിരയായ കുട്ടിയുടെ ഉമ്മ റുബീന പറഞ്ഞു. മുസാഫർനഗർ കുബ്ബപൂരിലെ നേഹ പബ്ലിക് സ്കൂളിലായിരുന്നു രാജ്യത്തെ പിടിച്ചുലച്ച സംഭവം. ക്ലാസ് മുറിയിൽ മുസ്‍ലിം വിദ്യാർഥിയെ എഴുന്നേൽപിച്ച് നിർത്തിയ അധ്യാപിക മറ്റു വിദ്യാർഥികളെ കൊണ്ട് ഈ കുട്ടിയുടെ മുഖത്ത് അടിപ്പിക്കുകയായിരുന്നു. ഇത് മറ്റൊരാൾ വിഡിയോയിൽ പകർത്തി പ്രചരിപ്പിക്കുകയായിരുന്നു. വ്യാഴാഴ്ചയാണ് സംഭവം നടന്നതെന്ന് മർദനത്തിനിരയായ ഏഴുവയസ്സുകാരൻ ‘അൽ ജസീറ’ ചാനലിനോട് പറഞ്ഞു.

തൃപ്ത ത്യാഗി എന്ന അധ്യാപികയാണ് ഈ ക്രൂരകൃത്യം നടത്തിയത്. മുമ്പും വിദ്യാർഥികളെ സഹപാഠികളെ ​കൊണ്ട് തല്ലിക്കുന്ന ശീലം ഈ അധ്യാപികയ്ക്ക് ഉണ്ടായിരുന്നതായി റുബീന കൂട്ടിച്ചേർത്തു. കുറച്ച് ദിവസം മുമ്പ് പാഠഭാഗം കാണാതെ പഠിച്ചില്ലെന്ന പേരിൽ തന്റെ കുടുംബത്തിലെ മറ്റൊരു വിദ്യാർത്ഥിയെ സമാന രീതിയിൽ മർദിച്ചിരുന്നുവെന്ന് അവർ പറഞ്ഞു.

“എല്ലാ മുസ്‍ലിം കുട്ടികളും പോകണമെന്ന് ഞാൻ പ്രഖ്യാപിക്കുന്നു” എന്ന് തൃപ്ത ത്യാഗി പറയുന്നത് വിഡിയോയിൽ കേൾക്കാം. അപ്പോൾ വിഡിയോ പിടിക്കുന്നയാൾ "നിങ്ങൾ പറഞ്ഞത് ശരിയാണ്, അവർ വിദ്യാഭ്യാസത്തെ നശിപ്പിക്കുന്നു" എന്ന് പ്രതികരിക്കുന്നുണ്ട്. മർദനത്തിനിരയാകുന്ന ഏഴുവയസ്സുകാരൻ വിതുമ്പിക്കരഞ്ഞ് പരിഭ്രാന്തനായി നിൽക്കുമ്പോഴാണ് അധ്യാപികയും കൂടെയുള്ളയാളും ഈ സംഭാഷണം നടത്തുന്നത്.

രാജ്യത്ത് മുസ്‍ലിംകൾക്കെതിരെ പടരുന്ന വിദ്വേഷത്തിന്റെ ഫലമാണ് മകനോട് ഇത്തരത്തിൽ പെരുമാറിയതെന്ന് വിഡിയോയിലെ അധ്യാപികയുടെ പ്രസ്താവന വ്യക്തമാക്കുന്നുണ്ടെന്ന് പിതാവ് ഇർഷാദ് പറഞ്ഞു. ‘ടീച്ചർ സഹപാഠികളോട് ഓരോരുത്തരായി എന്റെ മകനെ അടിക്കാൻ ആവശ്യപ്പെട്ടു. ഇതേക്കുറിച്ച് ചോദിച്ചപ്പോൾ എന്റെ മകൻ പാഠം കാണാതെ പഠിക്കുന്നില്ലെന്ന് പറഞ്ഞുകൊണ്ട് ടീച്ചർ തന്റെ പ്രവൃത്തിയെ ന്യായീകരിച്ചു. എന്റെ മകൻ പഠിക്കാൻ മിടുക്കനാണ്. അവൻ ട്യൂഷനും പോകുന്നുണ്ട്. എന്തുകൊണ്ടാണ് ടീച്ചർ ഇങ്ങനെ പെരുമാറിയതെന്ന് നമുക്ക് മനസ്സിലാകുന്നില്ല. വിദ്വേഷം കാരണമാണെന്ന് തോന്നുന്നു” -42കാരനായ പിതാവ് പറഞ്ഞു.

അധ്യാപിക തന്റെ തെറ്റ് അംഗീകരിക്കുകയും മോശം പെരുമാറ്റത്തിന് മാപ്പ് പറയുകയും ചെയ്തുവത്രെ. എങ്കിലും മകനെ തുടർന്നും അവിടെ പഠിപ്പിക്കാൻ കഴിയില്ലെന്നും മറ്റൊരു സ്കൂളിലേക്ക് മാറ്റുമെന്നും ഇർഷാദ് പറഞ്ഞു. “ഇനി ഒരിക്കലും തന്റെ വിദ്യാർത്ഥികളോട് മോശമായി പെരുമാറില്ലെന്ന് ടീച്ചർ പറഞ്ഞു. എന്നാൽ, എന്റെ മകന് വിദ്യാഭ്യാസം നേടാനും വളരാനും കഴിയുന്ന അന്തരീക്ഷമല്ല അവിടെ’ -അദ്ദേഹം പറഞ്ഞു.

അതേസമയം, മർദനത്തിന്റെ വിഡിയോ ഷെയർ ചെയ്യരുതെന്ന് സോഷ്യൽ മീഡിയ ഉപയോക്താക്കളോട് പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനുപിന്നാലെ വിവിധ അക്കൗണ്ടുകളിൽനിന്ന് ഈ ദൃശ്യം നീക്കം ചെയ്തു. കുട്ടിയുടെയും മാതാപിതാക്കളുടെയും മൊഴി രേഖപ്പെടുത്തിയ ശേഷം കേസെടുക്കുമെന്ന് പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. എന്നാൽ, കോടതിയും പൊലീസ് സ്റ്റേഷനും കയറിയിറങ്ങിയാൽ നീതി കിട്ടുമെന്ന് പ്രതീക്ഷയില്ലെന്നും അതിനാലാണ് പരാതി നൽകാത്തതെന്നും പിതാവ് പറഞ്ഞു.

ഇന്ത്യയിൽ വർധിച്ചുവരുന്ന ഇസ്‍ലാമോഫോബിയയുടെ (ഇസ്‍ലാമിനെ കുറിച്ച് ഭീതി പ്രചരിപ്പിക്കൽ) ഫലമാണ് കുട്ടിക്ക് നേ​രെ നടന്ന വിദ്വേഷ ആക്രമണമെന്ന് പ്രമുഖർ ചൂണ്ടിക്കാട്ടി. “വിദ്വേഷവും വെറുപ്പും സാധാരണമാക്കിയ ഒരു സമൂഹത്തിലാണ് പുതുതലമുറ വളരുന്നത്. മാധ്യമങ്ങളും രാഷ്ട്രീയക്കാരും ന്യൂനപക്ഷമായ മുസ്‍ലിം ജനതയെ നിരന്തരം നെഗറ്റീവായി ചിത്രീകരിക്കുകയാണ്’’ -‘മദറിങ് എ മുസ്‍ലിം’ എന്ന ഗ്രന്ഥത്തിന്റെ രചയിതാവ് നാസിയ എറം പറഞ്ഞു.

Tags:    
News Summary - teacher telling kids to slap Muslim student in Uttar Pradesh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.