ചെന്നൈ: പ്രത്യേക പാർലമെന്റ് സമ്മേളനം വിളിച്ച് മണ്ഡല പുനർ നിർണയം കൊണ്ടുവരാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ ആഞ്ഞടിച്ച് തമിഴ്നാട് മുഖ്യമന്ത്രിയും ഡി.എം.കെ അധ്യക്ഷനുമായ എം.കെ. സ്റ്റാലിൻ.
മണ്ഡല പുനർനിർണയ നടപടികളുമായി മുന്നോട്ട് പോയാൽ രാജ്യം ഇതുവരെ കണ്ടിട്ടില്ലാത്ത പ്രക്ഷോഭത്തിന് തമിഴ്നാട് സാക്ഷ്യം വഹിക്കുമെന്ന് സ്റ്റാലിൻ വിഡിയോ സന്ദേശത്തിൽ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ‘അവസാന മുന്നറിയിപ്പ്’ നൽകുന്നുവെന്ന് വ്യക്തമാക്കി കൊണ്ടാണ് സ്റ്റാലിന്‍റെ വിമർശനം. തമിഴ്നാടിനെയും മറ്റ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളെയും ശിക്ഷിക്കുന്ന മണ്ഡല പുനർനിർണയ നീക്കം അവസാനിപ്പിക്കണമെന്നും, തെരഞ്ഞെടുപ്പ് പ്രചാരണത്തിരക്കിനിടെ സ്റ്റാലിന്റേതായി പുറത്തുവന്ന എക്സ് പോസ്റ്റിൽ കുറിച്ചു. ഇതൊരു ഭീഷണിയല്ലെന്നും മറിച്ച് മുന്നറിയിപ്പാണെന്നും സ്റ്റാലിൻ വിശദീകരിക്കുന്നു.
‘‘ഞാൻ മുഖ്യമന്ത്രി മാത്രമല്ല, ദ്രാവിഡ പാർട്ടിയായ ഡി.എം.കെയുടെ തലവൻ കൂടിയാണ്. ആത്മാഭിമാനമുള്ള ഞങ്ങളെ സംബന്ധിച്ച് തെരഞ്ഞെടുപ്പ്, ഭരണം, അധികാരം എന്നതിനേക്കാൾ ആശയാദർശങ്ങളാണ് മുഖ്യം. സർക്കാർ നീക്കത്തിനെതിരെ രാജ്യശ്രദ്ധ പിടിച്ചുപറ്റുംവിധം തമിഴകത്ത് പ്രതിഷേധം കനക്കും. അറുപതുകളിൽ ഡി.എം.കെ നടത്തിയ സമര പോരാട്ടങ്ങൾക്ക് തമിഴകം വീണ്ടും വേദിയാവും. സംസ്ഥാനങ്ങളുമായി കൂടിയാലോചിക്കാതെ ഏകപക്ഷീയമായാണ് മണ്ഡല പുനർ നിർണയ നീക്കം നടത്തുന്നത്. തമിഴ്നാട് ഉൾപ്പെടെ തെന്നിന്ത്യൻ സംസ്ഥാനങ്ങൾ ജനസംഖ്യാ നിയന്ത്രണ നടപടികൾ പാലിച്ചതിന്റെ ശിക്ഷയാണോ ഇത്? ഞങ്ങളുടെയെല്ലാം ശ്രദ്ധ തെരഞ്ഞെടുപ്പിലാവുമെന്നതിനാൽ ഈ അവസരം മുതലെടുത്ത് മണ്ഡല പുനർ നിർണയം നടപ്പാക്കാമെന്നത് വ്യാമോഹം മാത്രമാണ്. പുതിയ നീക്കം ദോഷകരമായി ബാധിക്കുന്നപക്ഷം ഞങ്ങൾ കൈയുംകെട്ടി നോക്കിയിരിക്കില്ല. തമിഴകം സ്തംഭിക്കുന്നവിധം ഓരോ കുടുംബവും തെരുവിലിറങ്ങി പോരാടും. പ്രത്യേക പാർലമെന്റ് സമ്മേളനത്തിൽ ഡി.എം.കെ എം.പിമാർ നിശ്ചയമായും പങ്കെടുക്കും. തമിഴ്നാട് പോരാടുകയും വിജയിക്കുകയും ചെയ്യും’’ -സ്റ്റാലിൻ കുറിച്ചു.
ചെന്നൈ: തിരുപ്പറകുൺറം സുബ്രമണ്യ ക്ഷേത്രവുമായി സാമീപ്യമുള്ള കുന്നിൻ മുകളിൽ വിവാദത്തിലായ കാർത്തിക ദീപം കൊളുത്തുന്നത് ഉറപ്പാക്കുമെന്ന വാഗ്ദാനവുമായി തമിഴ്നാട് ബി.ജെ.പിയുടെ പ്രകടനപത്രിക. സംസ്ഥാനത്തെ പ്രമുഖ ക്ഷേത്രങ്ങളിൽ പ്രദേശവാസികൾക്ക് ദർശനത്തിനായി രണ്ടുമണിക്കൂർ നീക്കിവെക്കും, തൈപ്പൂയ ഉത്സവം സർക്കാർ ആഘോഷമായി പ്രഖ്യാപിക്കും തുടങ്ങിയ പ്രഖ്യാപനങ്ങളുമടങ്ങിയ പത്രിക കേന്ദ്രമന്ത്രി ജെ.പി. നഡ്ഡ ചെന്നൈയിൽ പ്രകാശനം ചെയ്തു.
വീട്ടമ്മമാർക്ക് പ്രതിമാസം 2,000 രൂപ ധനസഹായവും പ്രതിവർഷം മൂന്ന് സൗജന്യ എൽ.പി.ജി സിലിണ്ടറുകളും നൽകും. ഓരോ കുടുംബത്തിനും 10,000 രൂപ ഒറ്റത്തവണ സഹായം, ഇ-സ്കൂട്ടറുകൾ വാങ്ങാൻ യോഗ്യരായ സ്ത്രീകൾക്ക് 25,000 രൂപ സബ്സിഡി തുടങ്ങിയ വൻ വാഗ്ദാനങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.